അഗ്നി പടരുമ്പോള്‍ എന്തു ചെയ്യണം

Posted on: June 3, 2015 8:21 pm | Last updated: June 3, 2015 at 8:21 pm

kannaadiചൂട് കൂടിയതോടെ തീപിടുത്തം വര്‍ധിച്ചു. വ്യവസായ കേന്ദ്രങ്ങളിലും കമ്പോളങ്ങളിലും താമസ കെട്ടിടങ്ങളിലും എന്നു വേണ്ട, ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിനും ദിവസം തീ പിടിക്കുന്നു. കടുത്ത ചൂടും കാറ്റും ഉണ്ടെങ്കില്‍ ഒരു തീപ്പൊരി മതി ആളിപ്പടരാന്‍. ഫുജൈറയിലെ മസാഫിയില്‍ വിനോദ സഞ്ചാര കേന്ദ്രമായ ഫ്രൈഡേ മാര്‍ക്കറ്റ് അഗ്നിക്കിരയായത് യു എ ഇ നടുക്കത്തോടെയാണ് കേട്ടത്. ഏതാനും വര്‍ഷം മുമ്പ് ദുബൈ ദേര നൈഫ് സൂഖ് കത്തിയമര്‍ന്നിരുന്നു. അന്നും ദുബൈയാകെ ഭയവിഹ്വലമായി. കോടികളുടെ നഷ്ടമാണ് ഓരോ ദിവസം സംഭവിക്കുന്നത്. ഷാര്‍ജ വ്യവസായ കേന്ദ്രത്തില്‍ വെയര്‍ ഹൗസുകള്‍ അഗ്നിക്കിരയാകുന്നത് നിത്യ സംഭവം. വെയര്‍ ഹൗസ് ഉടമകളുടെ അലംഭാവമാണ് ഇവിടുത്തെ പ്രധാന പ്രശ്‌നം. എളുപ്പം തീ പിടിക്കുന്ന വസ്തുക്കള്‍ യാതൊരു സുരക്ഷാ ക്രമീകരണവുമില്ലാതെ ശേഖരിക്കുന്നതാണ് പ്രധാന കാരണം.
റോഡില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് തീ പിടിക്കുന്നത്, പക്ഷേ അന്തരീക്ഷ മര്‍ദത്താലാണ്. എന്നാലും വാഹനത്തിന് യഥാസമയം അറ്റകുറ്റപ്പണി നടത്തുകയും തേയ്മാനം വരാത്ത ടയര്‍ ഉപയോഗിക്കുകയും ചെയ്താല്‍ ഒരു പരിധിവരെ കുറക്കാന്‍ കഴിയും.
ഉദ്യാനങ്ങളില്‍ സിഗരറ്റ് കുറ്റിയും ബാര്‍ബക്യൂ അവശിഷ്ടങ്ങളും വലിച്ചെറിയുന്നത് തീ പിടുത്തത്തിന് വഴിയൊരുക്കുന്നു. ഈയിടെ, ദുബൈ മുശ്‌രിഫ് പാര്‍ക്കില്‍ വന്‍ തീപിടുത്തമുണ്ടായി. ഇതിന്റെ കാരണം അന്വേഷിച്ചു വരുന്നു.
വീട്ടിലെ സാമഗ്രികള്‍ ജാഗ്രതയോടെ പ്രവര്‍ത്തിപ്പിക്കാത്തതും ദുരന്തത്തിന് വഴിവെക്കുന്നു. എയര്‍ കണ്ടീഷണര്‍, ഇസ്തിരിപ്പെട്ടി, ഗ്യാസ് സിലിണ്ടര്‍ എന്നിവയില്‍ നിന്നാണ് പലപ്പോഴും തീ പടരുന്നത്. എയര്‍ കണ്ടീഷണര്‍ പഴയതാണെങ്കില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന് സാധ്യത കൂടുതല്‍.
അഗ്നിശമന യന്ത്രം ഉപയോഗിക്കാന്‍ പഠിച്ചിരുന്നെങ്കില്‍ അപകടത്തിന്റെ വ്യാപ്തി കുറക്കാന്‍ കഴിയുമായിരുന്നെന്ന് മസാഫിയിലെ കടയുടമകള്‍ പറയുന്നു. മിക്ക കടകളിലും അഗ്നിശമന സാമഗ്രി ഉണ്ടായിരുന്നു (ഫയര്‍ എക്‌സിറ്റിംഗ്യൂഷര്‍).
‘തീ പടരുന്നത് കണ്ടപ്പോള്‍ ആദ്യം ഫയര്‍ എക്‌സിറ്റിംഗ്യുഷര്‍ കൈക്കലാക്കാന്‍ ശ്രമിച്ചു. അപ്പോഴാണ്, അവ എളുപ്പം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലായെന്ന് ഓര്‍മ വന്നത്. അത് കൊണ്ട്, വിലപിടിപ്പുള്ളവ കൈയിലെടുത്ത് പുറത്തേക്കോടുകയായിരുന്നു.’- കത്തി നശിച്ച കാര്‍പറ്റ് കടകളിലൊന്നിന്റെ ഉടമ പാക്കിസ്ഥാന്‍ സ്വദേശി അസ്ഗര്‍ ഖാന്‍ പറഞ്ഞു.
അഗ്നി ശമന സാമഗ്രി എല്ലാ വ്യാപാര സ്ഥാപനങ്ങളിലും വെയര്‍ ഹൗസുകളിലും വാഹനങ്ങളിലും നിര്‍ബന്ധം. എല്ലാ സ്ഥലത്തും ഇവ കാണാന്‍ കഴിയും. എന്നാല്‍, എങ്ങനെ ഉപയോഗിക്കണമെന്ന് പലര്‍ക്കും അറിയില്ല. കഴിഞ്ഞ വര്‍ഷം സിവില്‍ ഡിഫന്‍സ് യു എ ഇയിലാകമാനം വീടുകളിലും വെയര്‍ ഹൗസുകളിലും പരിശീലനം സംഘടിപ്പിച്ചിരുന്നു. എന്നാലും ഒരു ആപല്‍ഘട്ടം വരുമ്പോള്‍ ആളുകള്‍ പരിഭ്രമിച്ചുപോകുന്നു. ചിലര്‍ കെട്ടിടത്തില്‍ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടാനാണ് നോക്കുക.
ഉയര്‍ന്ന കെട്ടിടങ്ങളില്‍ അപായ മണികള്‍ സ്ഥാപിച്ചത് രക്ഷയാകാറുണ്ട്. എന്നാല്‍, പലേടത്തും ഇവ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന പരിശോധന നടക്കാറില്ല.
മനുഷ്യരുടെ ജാഗ്രതകുറവാണ് ഒരളവോളം വലിയ ദുരന്തങ്ങള്‍ക്ക് അടിസ്ഥാനം.