സാമുദായിക കലാപം കര്‍ണാടകയില്‍ 175 കേസുകള്‍ പിന്‍വലിക്കുന്നു

Posted on: June 3, 2015 5:01 am | Last updated: June 3, 2015 at 12:01 am

ബംഗളൂരു: സാമുദായിക കലാപവുമായി ബന്ധപ്പെട്ട് 1614 പേര്‍ക്കെതിരെ എടുത്ത 175 കേസുകള്‍ പിന്‍വലിക്കാന്‍ കര്‍ണാടക മന്ത്രിസഭായോഗം തീരുമാനിച്ചു. 2009ല്‍ മൈസൂരു ജില്ലയിലും 2010ല്‍ ശിവഗംഗ, ഹസ്സന്‍ ജില്ലകളിലും രജിസ്റ്റര്‍ ചെയ്ത കേസുകളാണ് തിങ്കളാഴ്ച പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
ബി ജെ പി ഭരണകാലത്തെ കേസുകളാണ് പിന്‍വലിക്കുന്നതെന്ന് മന്ത്രിസഭാ യോഗാനന്തരം നിയമമന്ത്രി ടി ബി ജയചന്ദ്ര വാര്‍ത്താലേഖകരെ അറിയിച്ചു. മൈസൂരുവില്‍ കര്‍ണാടക ഫോറം ഫോര്‍ ഡിഗ്നിറ്റി (കെ എഫ് ഡി) പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി എഫ് ഐ)പ്രവര്‍ത്തകര്‍ പോലീസ് സംഘത്തെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസുകളാണ് പിന്‍വലിക്കുന്നത്. ഈ കേസുകള്‍ പിന്‍വലിക്കാന്‍ നിയമ വകുപ്പോ, ആഭ്യന്തര വകുപ്പോ മന്ത്രിസഭക്ക് നിര്‍ദ്ദേശം മുന്‍വെച്ചിരുന്നില്ല. മന്ത്രിസഭയുടെ ഒരു സബ്കമ്മിറ്റിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് തീരുമാനമെന്ന് മന്ത്രി ജയചന്ദ്ര പറഞ്ഞു.
കമ്മിറ്റിയില്‍ നിയമ, ആഭ്യന്തര മന്ത്രിമാര്‍ അംഗങ്ങളായിരുന്നു. കൊലപാതകം ഉള്‍പ്പെട്ട കേസുകള്‍ പിന്‍വലിക്കില്ലെന്ന് മന്ത്രി അറിയിച്ചു. ഒരു പ്രാദേശിക ഭാഷാ പത്രത്തില്‍ വന്ന ഒരു വാര്‍ത്തയെ തുടര്‍ന്നാണ് സാമുദായിക കലാപമുണ്ടായത്.ഇത്തരം കേസുകള്‍ സാധാരണ ഗതിയില്‍ പിന്‍വലിക്കാറില്ല. നിയമ, ആഭ്യന്തര വകുപ്പുകള്‍ നിര്‍ദ്ദേശങ്ങളൊന്നും സമര്‍പ്പിച്ചിട്ടുമില്ല. 2011 ജൂലൈ 28ന് ബി ജെ പി സര്‍ക്കാറിനെതിരെ മൈസൂരുവില്‍ പ്രതിഷേധ പ്രകടനം നടത്തിയതിന് 50 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളും പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.
പ്രതിഷേധ പ്രകടനത്തിന് മുന്‍കൂര്‍ അനുമതി വാങ്ങാത്തതിനാണ് കേസെടുത്തത്.