സ്‌കൂളിലെ പാഠ്യ, സമയ പരിഷ്‌കരണം

Posted on: May 30, 2015 6:00 am | Last updated: May 30, 2015 at 12:05 am

SIRAJ.......പുതിയ അധ്യയനവര്‍ഷത്തില്‍ സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളിലെ പീരിയഡുകളുടെ എണ്ണം എട്ടായി വര്‍ധിപ്പിച്ചു കൊണ്ട് വിജ്ഞാപനമിറങ്ങി. പീരിയഡുകളുടെ ദൈര്‍ഘ്യം 45 മിനുട്ടില്‍ നിന്ന് 40 ആയും 40ല്‍ നിന്ന് 35 ആയും ചുരുങ്ങും. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്‌കൂള്‍ പീരിയഡുകള്‍ പുനഃക്രമീകരിക്കുന്നത്. കലാപഠനം ഇതര വിഷയങ്ങളുടെ അതേ പ്രാധാന്യത്തോടെ പഠിപ്പിക്കണമെന്ന ചിന്തയുടെ അടിസ്ഥാനത്തില്‍ പാഠ്യേതരവിഷയങ്ങളായിരുന്ന ചിത്രകല, നൃത്തകല, സംഗീതം, നാടകം എന്നിവ പാഠ്യവിഷയമാക്കുന്നതിന്റെ ഭാഗമായാണ് ഈ പരിഷ്‌കരണം. കുട്ടികള്‍ക്ക് കലാപഠനത്തില്‍ ലഭിക്കുന്ന ഗ്രേഡ് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുകയും ക്ലാസ് കയറ്റത്തിന് അതുകൂടി പരിഗണിക്കുകയും ചെയ്യും. സര്‍ഗാത്മകത, നിരീക്ഷണ പാടവം, വ്യതിരിക്തബുദ്ധി തുടങ്ങിയവ വളര്‍ത്താന്‍ കലാപഠനം അത്യന്താപേക്ഷിതമാണെന്നാണ് വിദ്യാഭ്യാസ വിദഗ്ധരുടെ വിലയിരുത്തല്‍. കുട്ടികള്‍ക്ക് എല്ലാ മേഖലയിലും കഴിവു തെളിയിക്കാന്‍ അവസരം നല്‍കണമെന്ന് 2009ല്‍ പാര്‍ലമെന്റ് പാസാക്കിയ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ പറയുന്നുമുണ്ട്.
1997ലെ പാഠ്യപദ്ധതി പരിഷ്‌കരണം മുതല്‍ അക്കാദമിക ചര്‍ച്ചകളില്‍ ഗൗരവമായി ഉന്നയിച്ചു വരുന്നതാണ് പീരിയഡുകളുടെ സമയം വര്‍ധിപ്പിക്കുന്ന പ്രശ്‌നം. നിലവിലുള്ള പീരിയഡിന്റെ സമയത്തിനുള്ളില്‍ തന്നെ നിരന്തരമൂല്യനിര്‍ണയമടക്കമുള്ള പഠനപ്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നിരക്കെ പീരിയഡുകളുടെ സമയം വെട്ടിച്ചുരുക്കുന്നത് പഠന നിലവാരത്തെ ബാധിക്കുമെന്നാണ് ശാസ്ത്രസാഹിത്യ പരിഷത്ത് ഉള്‍പ്പെടെ ചില സംഘനടകള്‍ അഭിപ്രായപ്പെടുന്നത്. അക്കാദമികമായ പഠനത്തിന്റെ പിന്‍ബലം പുതിയ പരിഷ്‌കരണത്തിനില്ലെന്നും അവര്‍ ആരോപിക്കുന്നു.
പുതിയ പരിഷ്‌കരണത്തില്‍ പഠിപ്പിക്കുന്ന രീതിയിലും മാറ്റം വരും. കലകളെ ഉപയോഗപ്പെടുത്തി ചര്‍ച്ചയിലൂടെയും സംവാദത്തിലൂടെയുമായിരിക്കും ഇനി അധ്യയനം. അധ്യാപകരോടു കുട്ടിക്ക് കാര്യങ്ങള്‍ തുറന്നുപറയാം. സംശയം ചോദിക്കാം. അറിവു നേടേണ്ടതു ഗുരുമുഖത്തുനിന്നു മാത്രമല്ല ചര്‍ച്ചയിലൂടെയും സംവാദത്തിലൂടെയുമായിരക്കണമെന്നാണ് പുതിയ പാഠ്യപദ്ധതി ആവശ്യപ്പെടുന്നത്. ഉപദേശകനും വഴികാട്ടിയും മാത്രമല്ല വിദ്യാര്‍ഥിയുടെ നല്ല സുഹൃത്തുമായിരിക്കും ഇനി അധ്യാപകന്‍. ശരാശരി ബുദ്ധിശേഷിയുള്ള വിദ്യാര്‍ഥികളെയും മിടുക്കരെയും ഒരേപോലെ മനസ്സില്‍ കണ്ടും മെച്ചപ്പെട്ട ഉള്ളടക്കത്തോടെയുമാണ് പുതിയ സിലബസ് തയാറാക്കിയതെന്നാണ് പരിഷ്‌കര്‍ത്താക്കളുടെ അവകാശവാദം.
പതിറ്റാണ്ടുകളുടെ പഴക്കമുളള പഠന, പരീക്ഷണ, മൂല്യനിര്‍ണയ സമ്പ്രദായങ്ങളാണ് സംസ്ഥാനത്ത് ഏറെക്കുറെ ഇപ്പോഴും തുടര്‍ന്നുപോരുന്നത്. ഒരു വിഷയത്തെക്കുറിച്ച് എന്തെങ്കിലും തയാറാക്കാന്‍ അധ്യാപകന്‍ കല്‍പ്പിക്കുകയും വിദ്യാര്‍ഥികള്‍ പലതില്‍ നിന്നും കോപ്പിയടിച്ച് എന്തെങ്കിലും എഴുതിക്കൊണ്ടു വരികയും ചെയ്യും. വിദ്യാര്‍ഥികളുടെ ക്രിയാത്മകതക്കും ബുദ്ധിയുടെ പ്രയോഗത്തിനും ഇവിടെ പ്രസക്തിയില്ല. അവരുടെ സര്‍ഗാത്മകത മുരടിക്കാന്‍ ഇത് ഇടയാക്കുന്നു. പഠനത്തില്‍ ബുദ്ധിയുടെ ഉപയോഗത്തിന് അവരസമുണ്ടെങ്കില്‍ മാത്രമേ അവരുടെ മാനസിക വളര്‍ച്ച ത്വരിതപ്പെടുത്തുകയുള്ളുവെന്ന തിരിച്ചിറിവാണ് പരിഷ്‌കരണത്തിന് അടിസ്ഥാനം.
സ്‌കൂളുകളിലെ അധ്യയന വര്‍ഷം 200 പ്രവൃത്തി ദിവസങ്ങളാക്കമെന്നും നിര്‍ദേശമുണ്ട്. നിലവില്‍ 192, 195 പ്രവൃത്തി ദിനങ്ങളാണുള്ളത്. അധ്യാപകപരിശീലനം അഞ്ച് ദിവസമാക്കി ചുരുക്കിയും മേളകള്‍ കഴിവതും അവധിസമയങ്ങളിലേക്ക് ക്രമീകരിച്ചുമാണ് അധ്യയന ദിവസങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. എല്‍ പിയില്‍ വര്‍ഷത്തില്‍ 200 ദിവസമോ 800 മണിക്കൂറോ, യു പിയില്‍ 220 ദിവസമോ 1000 മണിക്കൂറോ ക്ലാസ് നടത്തണമെന്നാണ് കേന്ദ്ര നിയമം. ഇതനുസരിച്ചു സംസ്ഥാനത്തെ അധ്യയന ദിനങ്ങളുടെ എണ്ണം ഉയര്‍ത്താനുള്ള നീക്കങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ തുടങ്ങിയതാണ്. അധ്യാപക സംഘടനകളുടെ നിസ്സഹകരണം മൂലമാണ് നടപ്പാകാതെ പോയത്.
സംസ്ഥാനത്ത് സ്‌കൂള്‍ കുട്ടികളുടെ പഠന നിലവാരം കുറഞ്ഞു വരികയാണെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. സര്‍വശിക്ഷാ അഭിയാന്‍ പദ്ധതി വിലയിരുത്താനായി കേന്ദ്രം നിയോഗിച്ച ജോയിന്റ് റിവ്യൂ മിഷന്റെ പഠനറിപ്പോര്‍ട്ടില്‍ പ്രൈമറി ക്ലാസുകളില്‍ മികച്ച പഠനം കാഴ്ചവെക്കുന്ന കുട്ടികള്‍ അപ്പര്‍പ്രൈമറി, ഹൈസ്‌കൂള്‍ തലങ്ങളിലെ ത്തുമ്പോള്‍ നിലവാരത്തില്‍ താഴെ പോകുന്നതായി ചൂണ്ടിക്കാട്ടുന്നു. പാഠപുസ്തകങ്ങളിലെ ഉള്ളടക്കവും അധ്യാപന രീതിയും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായും പഠന റിപ്പോര്‍ട്ട് വിലയിരുത്തുകയുണ്ടായി. ഈ സാഹചര്യത്തില്‍ സിലബസില്‍ മാറ്റം ആവശ്യമാണ്. ഇത് കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്ന തരത്തിലാകുന്നതും സ്വാഗതാര്‍ഹമാണ്. എന്നാല്‍ അതിനനുസൃതമായ കഴിവ് അധ്യാപകരിലും വേണം. പാഠപുസ്തക കേന്ദ്രീകൃതമായ വിദ്യാഭ്യാസത്തിലൂടെ അധ്യാപന രംഗത്തേക്ക് കടന്നുവന്ന നിലവിലെ അധ്യാപകരില്‍ പലരും കുട്ടികളുടെ സര്‍ഗാത്മകത വളര്‍ത്തിയെടുക്കുന്നതിന് കഴിവുള്ളവരോ ഈ രംഗത്ത് പരിശീലനം സിദ്ധിച്ചവരോ അല്ല. അവരെ ഈ മേഖലയില്‍ പ്രാപ്തരാക്കുന്നതോടൊപ്പം അധ്യയന ദിനങ്ങള്‍ നഷ്ടപ്പെടുന്ന സ്ഥിതിവിശേഷം ഒഴിവാക്കുകയും അധ്യാപകര്‍ അര്‍പ്പണ ബോധത്തോടെ ചുമതല നിര്‍വഹിക്കുകയും ചെയ്‌തെങ്കിലേ വിദ്യാഭ്യാസ നിലവാരം വീണ്ടെടുക്കാനാകൂ.