Kerala
ബദല്‍ സ്‌കൂളുകളുടെ അപ്ഗ്രഡേഷന്‍ ഈ വര്‍ഷം തന്നെ വേണം: ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 111 ഏകാധ്യാപക വിദ്യാലയങ്ങള്‍ ഈ അധ്യയന വര്‍ഷം തന്നെ പ്രൈമറി സ്‌കൂളുകളാക്കി ഉയര്‍ത്തണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഏകാധ്യാപക വിദ്യാലയങ്ങളെ അവഗണിക്കുന്നത് കുട്ടികളുടെ പഠിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 308 അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ബാലാവകാശ കമ്മീഷന്റെ ഇടപെടല്‍. സ്വകാര്യ വിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിദ്യാഭ്യാസ വകുപ്പ് ഏകാധ്യാപക വിദ്യാലയങ്ങളോട് മുഖം തിരിച്ചു നില്‍ക്കുകയാണ്.
111 സ്‌കൂളുകളെ പ്രൈമറിയായി ഉയര്‍ത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് ഒരുവര്‍ഷത്തിലേറെയായി അവഗണിക്കുകയാണ്. ഇത്തരം 111 സ്്കൂളുകളെ എല്‍ പിയാക്കി ഉയര്‍ത്താന്‍ 2014 മാര്‍ച്ചിലാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. എന്നാല്‍, പിന്നീട് നടപടിയൊന്നുമുണ്ടായില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ ഇടപെടുകയായിരുന്നു.
കാടും മേടും താണ്ടിവരുന്ന ആദിവാസി കുട്ടികളാണ് ഏകാധ്യാപക വിദ്യാലയത്തിലെ വിദ്യാര്‍ഥികളിലേറെയും. എന്നാല്‍, സംസ്ഥാനത്ത് പിന്നാക്ക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഏകാധ്യാപക വിദ്യാലയങ്ങള്‍ സര്‍ക്കാറില്‍ നിന്ന് കടുത്ത അവഗണനയാണ് നേരിടുന്നത്. കെട്ടിടവും മറ്റു അനുബന്ധ സൗകര്യങ്ങളും ഈ വിദ്യാലയങ്ങളില്‍ പരിമിതമാണ്. പ്രതിദിനം നൂറ് രൂപയാണ് അധ്യാപകരുടെ ശമ്പളം.