National
ട്രോളിംഗ് നിരോധം 61 ദിവസം തന്നെ

ന്യൂഡല്‍ഹി; ജൂണ്‍ ഒന്ന് മുതല്‍ 61 ദിവസം ട്രോളിംഗ് നിരോധം ഏര്‍പ്പെടുത്താനുള്ള തീരുമാനം മാറ്റാന്‍ കഴിയില്ലെന്ന് കേന്ദ്രം. ട്രോളിംഗ് നിരോധം 47 ദിവസമാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. പരമ്പരാഗത വള്ളങ്ങള്‍ ഉപയോഗിച്ച് നിരോധ കാലയളവില്‍ മത്സ്യബന്ധനം നടത്താന്‍ അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന മറുപടി മാത്രമാണ് ലഭിച്ചത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ മന്ത്രിമാരായ കെ ബാബു, ഷിബുബേബിജോണ്‍ എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കൃഷിമന്ത്രി രാധാമോഹന്‍ സിംഗ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
കഴിഞ്ഞ വര്‍ഷം വരെ ജൂണ്‍ പതിനാലിന് അര്‍ധരാത്രി മുതല്‍ 47 ദിവസമായിരുന്നു ട്രോളിംഗ് നിരോധം. ഈ വര്‍ഷം 61 ദിവസത്തേക്ക് സമ്പൂര്‍ണ ട്രോളിംഗ് നിരോധം ഏര്‍പ്പെടുത്തി കേന്ദ്ര കൃഷി മന്ത്രാലയം ഉത്തരവ് ഇറക്കുകയായിരുന്നു. സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ വരുന്ന പന്ത്രണ്ട് നോട്ടിക്കല്‍ മൈല്‍ പ്രദേശത്തും അഞ്ച് വര്‍ഷത്തിനകം സമ്പൂര്‍ണ നിരോധം ബാധകമാക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് കേരളം വിയോജിപ്പ് അറിയിച്ചത്.
കേരളത്തിന്റെ അധികാരപരിധിയായ പന്ത്രണ്ട് നോട്ടിക്കല്‍ മൈല്‍ പ്രദേശത്ത് നിരോധം ബാധകമാക്കില്ലെന്നും ഈ പരിധിയില്‍ 47 ദിവസത്തേക്ക് മാത്രമേ നിരോധം ഉണ്ടാകുകയുള്ളൂവെന്നും സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരുന്നു.
പന്ത്രണ്ട് നോട്ടിക്കല്‍ മൈലിനപ്പുറവും പരമ്പരാഗത യാന ങ്ങള്‍ക്ക് മത്സ്യബന്ധനത്തിന് അനുമതി നല്‍കുന്നത് പരിഗണിക്കുമെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രത്തിന്റെ ഈ നിലപാട് സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചു.
സമ്പൂര്‍ണ ട്രോളിംഗ് നിരോധം ഏര്‍പ്പെടുത്തി കഴിഞ്ഞ ഏപ്രില്‍ പത്തിനാണ് കേന്ദ്ര കൃഷിമന്ത്രാലയം മെമ്മോറാണ്ടം പുറത്തിറക്കിയത്. പന്ത്രണ്ട് നോട്ടിക്കല്‍ മൈല്‍ കടന്ന് മീന്‍ പിടിക്കാന്‍ വന്നാല്‍ പിടികൂടുമെന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്.
കേന്ദ്ര സമുദ്ര മത്സ്യബന്ധന ഗവേഷണ കേന്ദ്രം (സി എം എഫ് ആര്‍ ഐ) ഡയറക്ടറായിരുന്ന ഡോ. സെയ്ദ റാവു കമ്മറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് മത്സ്യസമ്പത്തിന്റെ പ്രജനന കാലമെന്ന നിലയില്‍ ട്രോളിംഗ് നിരോധം ഏര്‍പ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം വരെ ഇത് കേരളത്തില്‍ 47 ദിവസവും ദക്ഷിണ കര്‍ണാടകയില്‍ 57 ദിവസവും ഗുജറാത്തില്‍ 67 ദിവസവുമാണ്. ഓരോ സംസ്ഥാനങ്ങളിലെയും തീരദേശത്തിന്റെ പ്രത്യേകത കണക്കിലെടുത്താണ് നിരോധം നടപ്പാക്കിയിരുന്നത്.