National
നഴ്‌സുമാരുടെ എമിഗ്രേഷന്‍; ഇളവ് നീട്ടിനല്‍കില്ല

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ ജോലിക്കു പോകുന്ന നഴ്‌സുമാരുടെ എമിഗ്രേഷന്‍ ക്ലിയറന്‍സിനുള്ള ഇളവ് നീട്ടിനല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. ഇളവ് മൂന്ന് മാസം കൂടി നീട്ടിനല്‍കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. ഇതോടെ നാളെ മുതല്‍ നഴ്‌സുമാരുടെ വിദേശയാത്ര മുടങ്ങും. നഴ്‌സിംഗ് മേഖല കൂടാതെ വീട്ടുജോലിക്കായി വിദേശത്തു പോകുന്നവരുടെ റിക്രൂട്ട്‌മെന്റ് കൂടി സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്.
ഗള്‍ഫ് രാജ്യങ്ങളുള്‍പ്പെടെ പതിനെട്ട് രാജ്യങ്ങളിലേക്ക് ജോലിക്കായി പോകുന്ന നഴ്‌സുമാര്‍ക്ക് ഏപ്രില്‍ മുപ്പത് മുതല്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാക്കി മാര്‍ച്ച് 24നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കിയത്. നഴ്‌സുമാര്‍ വ്യാപകമായി വിസാ തട്ടിപ്പിനും തൊഴില്‍ ചൂഷണത്തിനും ഇരയാകുന്ന പശ്ചാത്തലത്തിലായിരുന്നു നടപടി. കേരളമുള്‍പ്പടെയുളള സംസ്ഥാനങ്ങള്‍ പ്രതിഷേധമറിയിച്ചതിനെ തുടര്‍ന്ന് ഈ കാലാവധി മെയ് മുപ്പത് വരെ നീട്ടി. ഇത് മൂന്ന് മാസം കൂടി നീട്ടിനല്‍കണമെന്ന് പ്രവാസികാര്യ മന്ത്രിമാരുടെ യോഗത്തില്‍ കേരളം ആവശ്യപ്പെട്ടെങ്കിലും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അംഗീകരിച്ചില്ല.
ഇളവ് കാലാവധി അവസാനിച്ചതോടെ സ്വകാര്യ ഏജന്‍സികള്‍ ഇന്ന് രാത്രി മുതല്‍ റിക്രൂട്ട്‌മെന്റ് അവസാനിപ്പിക്കണം. ഞായറാഴ്ച മുതല്‍ നോര്‍ക്ക, ഒഡേപെക്, മാന്‍പവര്‍ എന്നീ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയേ വിദേശരാജ്യങ്ങളിലേക്ക് പോകാനാകൂ. സഊദിയും കുവൈത്തുമുള്‍പ്പടെയുള്ള പതിനെട്ട് വിദേശരാജ്യങ്ങളുമായി ഈ ഏജന്‍സികള്‍ ഇതുവരെ ധാരണയിലെത്തിയിട്ടുമില്ല.
ഫലത്തില്‍ നാളെ മുതല്‍ നഴ്‌സുമാരുടെ വിദേശയാത്ര മുടങ്ങും. വിദേശരാജ്യങ്ങളില്‍ എത്ര പ്രവാസി ഇന്ത്യക്കാര്‍ ഉണ്ടെന്ന കണക്ക് ശേഖരിക്കാന്‍ സര്‍വേ വേണമെന്ന ആവശ്യം പരിഗണിക്കാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇളവ് നല്‍കിയത് നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചതെന്നും ഒറ്റപ്പെട്ട കേസ് ചൂണ്ടിക്കാണിച്ചാല്‍ ഇളവ് നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും പ്രവാസികാര്യ മന്ത്രി കെ സി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നഴ്‌സിംഗ് മേഖലയില്‍ വരുത്തിയ നിയന്ത്രണം ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കൂടി ഏര്‍പ്പെടുത്തണം. പലരെയും കൊണ്ടുപോയി പുറത്തുവിടാതെ ക്രൂരമായി ജോലിച്ചെയ്യിക്കുന്നു. വളരെ മോശമായി പെരുമാറ്റമാണ്. അതിനും നിയന്ത്രണം വേണം. മെച്ചപ്പെട്ട വേതനവും ജോലി സാഹചര്യവും ഉറപ്പ് വരുത്തണമെന്നും കേരളം ആവശ്യപ്പെട്ടു.