Connect with us

Gulf

ബേങ്ക് വായ്പയെന്ന ദുഃസ്വാധീനം

Published

|

Last Updated

യു എ ഇയില്‍ ബേങ്കില്‍ നിന്ന് വായ്പ വാങ്ങി നാട്ടിലേക്ക് “മുങ്ങുന്ന”വര്‍ വര്‍ധിച്ചുവരുന്നു. ഇവര്‍ക്ക് ആജീവനാന്ത ജി സി സി പ്രവേശന വിലക്കാണ് വരാന്‍ പോകുന്നത്. വായ്പ പലിശ സഹിതം തിരിച്ചുപിടിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിനിധികളെ ഏര്‍പ്പെടുത്താനും ബേങ്കുകള്‍ തയ്യാറായിട്ടുണ്ട്. ബേങ്കിനെ കബളിപ്പിക്കുന്നവരില്‍ കൂടുതലും ഇന്ത്യക്കാരും ഫിലിപ്പൈനികളുമാണെന്നാണ് അനൗദ്യോഗിക കണക്ക്.
വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും വലിയ തുക വായ്പയായി ബേങ്കുകള്‍ നല്‍കുന്നുണ്ട്. 1.75 ലക്ഷം ദിര്‍ഹമാണ് സിറ്റിബേങ്കിന്റെ വാഗ്ദാനം. അബുദാബി കൊമേഴ്‌സ്യല്‍ ബേങ്കിന്റെ വാഗ്ദാനം, 5,000 ദിര്‍ഹം മാസശമ്പളമുള്ളവര്‍ക്കും വായ്പ നല്‍കുമെന്നതാണ്. 3.32 ശതമാനം പലിശ.
ബേങ്കുകളില്‍ കെട്ടിക്കിടക്കുന്ന പണം പ്രത്യുല്‍പാദന പരമായ മേഖലകളിലേക്ക് തിരിച്ചുവിടുകയാണ് പൊതു ലക്ഷ്യമെങ്കിലും പലിശയിലൂടെ വന്‍ വരുമാനം ലഭ്യമാകുമെന്നതാണ് ബേങ്കുകളുടെ ഉന്നം. മികച്ച ജോലി ലഭ്യമായ ഉടന്‍ പലരും വ്യക്തിഗത വായ്പകള്‍ക്ക് അപേക്ഷ നല്‍കും. ചിലര്‍ ഒന്നിലധികം ബേങ്കുകളില്‍ നിന്ന് വായ്പ സ്വീകരിക്കും. ഒറ്റയടിക്ക് വലിയൊരു തുക കൈയില്‍ വരുന്നതിലെ ആനന്ദത്തില്‍ പണം ദുര്‍വ്യയം ചെയ്യും. പിന്നീട് പലിശ പോലും തിരിച്ചടക്കാന്‍ കഴിയാതെ ഉല്‍കണ്ഠയുടെ നക്ഷത്രമെണ്ണും. യു എ ഇയിലെ നിയമ നടപടി ഭയന്ന് പലരും നാട്ടിലേക്ക് മുങ്ങും. അവരെത്തേടി നാട്ടില്‍ ആരും എത്തില്ലെന്നാണ് ധാരണ. ഇപ്പോള്‍, യു എ ഇയിലെ മിക്ക ബേങ്കുകള്‍ക്കും വിദേശ രാജ്യങ്ങളില്‍ പ്രതിനിധി ഓഫീസും നിയമ സഹായ സെല്ലുമുണ്ട്. അവര്‍, ക്രിമിനലായും സിവിലായും നടപടി സ്വീകരിക്കും. അതിനു പുറമെയാണ് ജി സി സിയില്‍ ആജീവനാന്ത പ്രവേശന നിരോധം. ചിലപ്പോള്‍, യു എ ഇയില്‍ ഇരിക്കെത്തന്നെ നടപടി നേരിടേണ്ടിവന്നേക്കാം. ജയില്‍ ശിക്ഷക്ക് വിധേയമായാലും വായ്പ തിരിച്ചടക്കാനുള്ള ബാധ്യതയില്‍ നിന്ന് തലയൂരാന്‍ കഴിയില്ല.
നാട്ടിലേക്ക് മടങ്ങുന്നതിനു മുമ്പ്, ഇടപാടുകള്‍ പൂര്‍ത്തിയാക്കണമെന്നാണ് നിയമം. വെള്ളം, വൈദ്യുതി, ഫോണ്‍, ഇന്റര്‍നെറ്റ് തുടങ്ങിയ സേവനത്തിന്റെ അടവുപോലും തീര്‍ത്തിരിക്കണം. ഇല്ലെങ്കില്‍ വിമാനത്താവളത്തില്‍ തടയും. ബേങ്ക് വായ്പ തിരിച്ചടക്കാത്തവരെ പോലീസില്‍ ഏല്‍പിക്കും.
ഇന്ത്യന്‍ രൂപക്ക് വിലയിടിയുമ്പോള്‍ യു എ ഇയിലുള്ള ബേങ്കില്‍ നിന്ന് വായ്പ വാങ്ങി നാട്ടിലേക്ക് അയക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നു. ഈയിടെ ദിര്‍ഹത്തിന്റെ വില 16.90 രൂപയില്‍ നിന്ന് 17.30 ലേക്ക് ഒറ്റയിടിക്ക് ഉയര്‍ന്നിരുന്നു. പലരും വ്യക്തിഗത വായ്പ തരപ്പെടുത്തി നാട്ടിലേക്ക് പണമയച്ചു. പക്ഷേ, വായ്പയുടെ പലിശയും കൂട്ടുപലിശയും കണക്കിലെടുത്താല്‍ ഇത് നഷ്ടക്കച്ചവടമായിരിക്കും. നാട്ടില്‍ നിന്ന് പണം ഇങ്ങോട്ടുകൊണ്ട് വന്ന് ബാധ്യത തീര്‍ക്കാന്‍ ശ്രമിച്ചാലും സാധ്യമായെന്നുവരില്ല.
ബേങ്കില്‍ നിന്ന് വായ്പ വാങ്ങി ചെലവു ചെയ്യുന്നത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം പോലെ ഏറെ സങ്കീര്‍ണ പ്രശ്‌നങ്ങളില്‍ ചെന്നെത്തിക്കുന്നതാണ്. വരവറിഞ്ഞ് ചെലവു ചെയ്യണമെന്നതാണ് ഏറ്റവും ഉചിതം. യു എ ഇയില്‍, വലിയ തുക വായ്പ സംഘടിപ്പിച്ച് ആഡംബര ജീവിതം നയിച്ചവര്‍ പിന്നീട് ഖേദിക്കേണ്ടിവന്നിട്ടുണ്ട്. ചിലര്‍ ആത്മഹത്യയില്‍ അഭയം പ്രാപിച്ചു. ആത്മഹത്യകള്‍ ഇപ്പോഴും തുടരുന്നു. ഈയിടെ നടന്ന മൂന്ന് ആത്മഹത്യയില്‍ രണ്ടും ബേങ്കിന്റെ കടക്കെണിയില്‍പ്പെട്ടതിന്റെ മനോവിഷമം മൂലം.

 

Latest