Kerala
ഡയറക്ടറുടെ ഉത്തരവ് പുറത്തിറങ്ങി; ഇനി എട്ട് പീരിയഡുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകരിച്ച സിലബസ് പഠിപ്പിക്കുന്ന വിദ്യാലയങ്ങളില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ എട്ട് പീരിയഡുകള്‍ നിലവില്‍ വരും. സ്‌കൂളുകളിലെ ടൈം ടേബിള്‍ പരിഷ്‌കരിച്ചുകൊണ്ട് എസ് സി ഇ ആര്‍ ടി ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. കരിക്കുലം കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ പീരിയഡ് ഏഴില്‍ നിന്ന് എട്ടാക്കി ഉയര്‍ത്തിയത്. കലാകായിക വിദ്യാഭ്യാസത്തിനും പ്രവൃത്തിപരിചയത്തിനും പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
ആകെ പ്രവൃത്തിസമയത്തിലും ഇടവേളകളിലും കുറവ് വരുത്താതെയാണ് എട്ട് പീരിയഡുകള്‍ നടപ്പാക്കുന്നത്. അതേസമയം, വെള്ളിയാഴ്ചകളിലെ സ്‌കൂള്‍ പ്രവൃത്തി സമയത്തില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ പത്ത് മുതല്‍ നാല് മണിവരെയാണ് ക്ലാസുകളെങ്കില്‍ വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ ക്ലാസുകള്‍ നടക്കും. ഉച്ചക്ക് മുമ്പുള്ള മൂന്ന് പീരിയഡുകള്‍ നാല്‍പ്പത് മിനുട്ടും തുടര്‍ന്നുള്ള പീരിയഡുകള്‍ 35 മിനുട്ട് വീതവും അവസാന രണ്ട് പീരിയഡുകള്‍ മുപ്പത് മിനുട്ട് വീതവുമായിരിക്കും. ഉച്ചക്ക് മുമ്പുള്ള ആദ്യ രണ്ട് പീരിയഡുകള്‍ക്ക് ശേഷം പത്ത് മിനുട്ട് ഇടവേളയാണ്. ഒരു മണിക്കൂറാണ് ഉച്ചഭക്ഷണ സമയം.
അതേസമയം, വെള്ളിയാഴ്ച രണ്ട് മണിക്കൂറായി ഉച്ചഭക്ഷണസമയം പുനഃക്രമീകരിച്ചിട്ടുണ്ട്. ഉച്ചകഴിഞ്ഞ് രണ്ടാമത്തെ പീരിയഡിനു ശേഷം അഞ്ച് മിനുട്ട് ഇടവേളയുണ്ടാകും. കേരള വിദ്യാഭ്യാസ ചട്ടത്തില്‍ മാറ്റംവരുത്താതെയാണ് എട്ട് പീരിയഡുകളുടെയും സമയക്രമം പരിഗണിച്ചതെന്ന് എസ് സി ഇ ആര്‍ ടി അറിയിച്ചു. എല്‍ പി ക്ലാസുകളില്‍ അറബിക്, സംസ്‌കൃതം പീരിയഡുകളില്‍ മറ്റു കുട്ടികള്‍ക്ക് കലാകായിക, പ്രവൃത്തിപരിചയ ക്ലാസുകള്‍ നല്‍കി ക്രമീകരിക്കാം. രണ്ട് പീരിയഡുകള്‍ ഒരുമിച്ച് ഒരേ വിഷയത്തിന് നല്‍കുംവിധം യുക്തമെങ്കില്‍ പ്രധാനാധ്യാപകര്‍ക്ക് ടൈം ടേബിള്‍ ക്രമീകരിക്കാം. ദൈര്‍ഘ്യം കുറഞ്ഞ പീരിയഡുകളില്‍ ഒരേവിഷയം ആവര്‍ത്തിച്ചുവരുന്നത് ഒഴിവാക്കണം. സര്‍ഗവേളയുടെ ചുമതല അതത് ക്ലാസ് അധ്യാപകര്‍, മാതൃഭാഷാധ്യാപകര്‍ക്ക് നല്‍കണം.
മാതൃഭാഷക്ക് സമയം കുറയാത്ത വിധം ടൈംടേബിള്‍ ക്രമീകരിക്കാന്‍ പ്രധാനാധ്യാപകര്‍ ശ്രദ്ധിക്കണമെന്നും ഡയറക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.