Connect with us

Ongoing News

കൊച്ചിക്ക് താത്കാലിക അംഗീകാരം

Published

|

Last Updated

കൊച്ചി;അണ്ടര്‍-17 ലോകകപ്പിനുള്ള വേദിയായി കൊച്ചിക്ക് ഫിഫയുടെ താല്‍ക്കാലിക അംഗീകാരം. ഫിഫ അണ്ടര്‍-17 ലോകകപ്പ് ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി, പ്രൊജക്ട് ഡയറക്ടര്‍ ജോയ് ഭട്ടാചാര്യ എന്നിവരാണ് പ്രഖ്യാപനം നടത്തിയത്.
2016 സെപ്തംബര്‍ വരെയാണ് ലോകകപ്പ് ഒരുക്കത്തിനായി കൊച്ചിക്ക് സമയം അനുവദിച്ചിരിക്കുന്നത്. ഇതിനിടയില്‍ പ്രധാന വേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയവും നാലു പരിശീലന സ്റ്റേഡിയങ്ങളും പൂര്‍ണ സജ്ജമാക്കി ഫിഫക്ക് കൈമാറണം. സെപ്തംബറില്‍ ഫിഫയുടെ സാങ്കേതിക സമിതി അന്തിമ പരിശോധന നടത്തിയ ശേഷം കൊച്ചിയെ മത്സര വേദിയായി ഔദ്യോഗികമായി പ്രഖ്യാപിക്കും.
കൊച്ചിയില്‍ ഫിഫക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്നും സമയ പരിധിക്കുള്ളില്‍ തന്നെ കൊച്ചി മത്സരങ്ങള്‍ക്കായി സജ്ജമാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ഹാവിയര്‍ സെപ്പി പറഞ്ഞു. മറ്റു വേദികളെ പിന്നീട് പ്രഖ്യാപിക്കും.
ഡല്‍ഹി, നവി മുംബൈ, ഗോവ, കൊല്‍ക്കത്ത, ഗുഹാവത്തി എന്നിവയാണ് സാധ്യത ലിസ്റ്റിലുള്ളത്. പ്രൊവിഷണല്‍ സെലക്ഷന്‍ അഗ്രിമെന്റ് അണ്ടര്‍-17 ലോകകപ്പ് നോഡല്‍ ഓഫീസര്‍ എം പി എം മുഹമ്മദ് ഹനീഷ് ഐ എ എസിനും കെ എഫ് എ പ്രസിഡന്റ് കെ എം ഐ മേത്തര്‍ക്കും ടൂര്‍ണമെന്റ് ഡയറക്ടര്‍ സാവിയര്‍ സെപ്പി കൈമാറി.
താരങ്ങളുടെ പരിശീലനത്തിനായി കൊച്ചി കോര്‍പ്പറേഷന്റെ കീഴിലുള്ള ഫോര്‍ട്ടുകൊച്ചി വേളി ഗ്രൗണ്ട്, പനമ്പിള്ളി നഗര്‍ ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ട്, മഹാരാജാസ് കോളജ് ഗ്രൗണ്ട് എന്നിവയുടെ ട്രെയിനിങ് സൈറ്റ് കരാറും ചടങ്ങില്‍ കൈമാറി. നാലാമത്തെ പരിശീലന വേദിയായി പരിഗണിക്കുന്ന കുഫോസ് സ്റ്റേഡിയത്തിന്റെ കരാര്‍ ഒരാഴ്ച്ചക്കകം ഒപ്പുവെക്കും. മത്സര വേദിയായ കലൂര്‍ രാജ്യാന്തര സ്റ്റേഡിയം സംബന്ധിച്ച കരാര്‍ കഴിഞ്ഞ ഏപ്രിലില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ എ ഐ എഫ് എഫ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ സുനന്ദോദറിന് ജി സി ഡി എ കൈമാറിയിരുന്നു.
കലൂര്‍ സ്റ്റേഡിയത്തിന്റെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് ജി സി ഡി എ 42 കോടിയുടെ എസ്റ്റിമേറ്റാണ് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ ഒരു വിഹിതം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. കരാര്‍ പ്രകാരം കളി നടത്തുന്നതിനാവശ്യമായ എല്ലാ സൗകര്യവും മൈതാനത്തിന്റെ ഉടമസ്ഥരായ ജി സി ഡി എ ചെയ്യേണ്ടത്. 2013 സെപ്റ്റംബറില്‍ തന്നെ സര്‍ക്കാര്‍ ഇതു സംബന്ധിച്ച് എ ഐ എഫ് എഫിനും ഫിഫക്കും ഗാരന്റി നല്‍കിയിരുന്നു.
സുരക്ഷാ സംവിധാനം, വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍, ലോകോത്തര നിലവാരത്തിലുള്ള സജ്ജീകരണം, ആവശ്യമായ പെര്‍മിറ്റുകള്‍ മുതലായ എല്ലാ സംവിധാനങ്ങളും ജി സി ഡി എയാണ് ഒരുക്കേണ്ടത്. കളിയുടെ വിപണനത്തിനുള്ള അവകാശം ഫിഫക്കായിരിക്കും. കളിക്ക് ആറുമാസം മുമ്പ് മൈതാനം ഫിഫക്ക് വിട്ടുകൊടുക്കണം.
മറ്റു സാധ്യത വേദികളില്‍ ഗുഹാവത്തി ഒഴിച്ച് മറ്റുള്ള വേദികളിലെല്ലാം ഫിഫ സംതൃപ്തരാണ്. ഗുവാവത്തിയെ ഒഴിവാക്കി ചാമ്പ്യന്‍ഷിപ്പ് അഞ്ചു വേദികളിലാക്കി ചുരുക്കാനും സാധ്യതയുണ്ട്.
അങ്ങനെ വന്നാല്‍ കൊച്ചിയില്‍ കൂടുതല്‍ മത്സരങ്ങളുണ്ടാകും. ആദ്യറൗണ്ടില്‍ ഒരു ഗ്രൂപ്പിലെ ആറ് കളികള്‍ക്ക് പുറമേ നോക്കൗട്ട് റൗണ്ടിലെ സെമി മത്സരങ്ങളിലൊന്ന് കൊച്ചിക്ക് അനുവദിക്കാനും സാധ്യതയുണ്ട്.