National
ബംഗ്ലാദേശ് സന്ദര്‍ശനം: മോദിക്കൊപ്പം മമതയും

കൊല്‍ക്കത്ത: ജൂണ്‍ ആദ്യവാരം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന രണ്ട് ദിവസത്തെ ബംഗ്ലാദേശ് സന്ദര്‍ശനത്തില്‍ അദ്ദേഹത്തെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി അനുഗമിക്കും. ജൂണ്‍ ആറ്, ഏഴ് തീയതികളില്‍ നടക്കുന്ന ഈ സന്ദര്‍ശനം ഇരു ബംഗാളുകള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് പശ്ചിമബംഗാള്‍ വിദ്യാഭ്യാസ- പാര്‍ലിമെന്ററികാര്യ മന്ത്രി പാര്‍ഥാ ചാറ്റര്‍ജി പറഞ്ഞു. പശ്ചിമബംഗാളും ബംഗ്ലാദേശും തമ്മില്‍ പല കാര്യങ്ങളിലും വ്യത്യാസമില്ല. ഒരേ ഭാഷ സംസാരിക്കുന്നു. പശ്ചിമബംഗാളുകാരനായ രവീന്ദ്രനാഥ ടാഗോര്‍ എഴുതിയ ദേശീയ ഗാനം തന്നെയാണ് ബംഗ്ലാദേശുകാരും ആലപിക്കുന്നത്.
മോദിയും മമതയും ആ രാജ്യം സന്ദര്‍ശിക്കുന്നത് ഇരു രാജ്യങ്ങള്‍ക്കും ഗുണകരമാണ്. എന്നാല്‍, പശ്ചിമബംഗാളിന്റെ താത്പര്യങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും ചാറ്റര്‍ജി പറഞ്ഞു. മൂന്നു ദിവസത്തെ സന്ദര്‍ശനമായിരുന്നു അത്.
ബംഗ്ലാദേശുമായുള്ള ടീസ്റ്റ ജല സഹകരണ കരാറിന് മമത സമ്മതം മൂളുമോ എന്ന ചോദിച്ചപ്പോള്‍, അക്കാര്യത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും പ്രതികരിക്കാനില്ലെന്നുമായിരുന്നു പാര്‍ഥാ ചാറ്റര്‍ജിയുടെ പ്രതികരണം. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് മമതാ ബാനര്‍ജി ബംഗ്ലാദേശ് സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി ആദ്യം സംസ്ഥാനത്തു നിന്നുള്ള ഉദ്യോഗസ്ഥ പ്രതിനിധികള്‍ക്കും സാംസ്‌കാരിക രംഗത്തെ വ്യക്തികള്‍ക്കുമൊപ്പമായിരുന്നു മമതയുടെ സന്ദര്‍ശനം.