National
തൊഴില്‍ നിയമ പരിഷ്‌കരണം: റെയില്‍വേ തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്

ന്യൂഡല്‍ഹി: തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാനും റെയില്‍വേയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ഉദാരമാക്കാനും കേന്ദ്രം നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ രാജ്യത്തെ റെയില്‍വേ തൊഴിലാളികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. നവംബറില്‍ റെയില്‍വേ ജീവനക്കാര്‍ ദേശവ്യാപകമായി അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് തൊഴിലാളി സംഘടനയായ ഹിന്ദ് മസ്ദൂര്‍ സഭ (എച്ച് എം എസ്) പ്രഖ്യാപിച്ചു.
41 വര്‍ഷങ്ങള്‍ക്ക് ശേഷം റെയില്‍വേ തൊഴിലാളികള്‍ നടത്തുന്ന പ്രഥമ ദേശവ്യാപക പൊതു പണിമുടക്കായിരിക്കും ഇത്. മറ്റ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരും പണിമുടക്കില്‍ പങ്കുചേരുമെന്ന് എച്ച് എം എസ് അവകാശപ്പെട്ടു.
തൊഴിലാളികള്‍ ട്രേഡ് യൂനിയന്‍ സംഘടനകള്‍ രൂപവത്കരിക്കുന്നത് തടയുകയെന്നതാണ് തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതലൂടെ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പണിമുടക്കിക്കൊണ്ട് തൊഴിലാളികള്‍ അവകാശങ്ങള്‍ ഉന്നയിക്കുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിക്കും. സമരം നിയമവിരുദ്ധമായി പ്രഖ്യാപിച്ച് അതില്‍ പങ്കുചേരുന്നവരെ ശിക്ഷിക്കാന്‍ കേന്ദ്രം ഉദ്ദേശിക്കുന്നുവെന്ന് എച്ച് എം എസ് ജനറല്‍ സെക്രട്ടറി ഹര്‍ഭജന്‍ സിംഗ് സിദ്ദു ആരോപിച്ചു. വ്യവസായ തര്‍ക്ക നിയമം ഭേദഗതി ചെയ്യുന്നതിലൂടെ റെയില്‍വേയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കളമൊരുക്കുകയാണ് കേന്ദ്ര സര്‍ക്കാറെന്നും സിദ്ദു ആരോപിച്ചു.
വിദേശ നിക്ഷേപം അനുവദിക്കുന്നതിലൂടെ റെയില്‍വെ സ്വകാര്യമേഖലയുടെ പിടിയിലാകും. എച്ച് എം എസ് 34 ഇന അവകാശ പത്രിക തയ്യാറാക്കിയിട്ടുണ്ട്. പ്രതിരോധ വകുപ്പ്, പോസ്റ്റല്‍ സര്‍വീസുകള്‍, കല്‍ക്കരി, സിവില്‍ വ്യോമയാനം, തുറമുഖം എന്നീ വകുപ്പുകളിലെ തൊഴിലാളികളും നവംബറിലെ പണിമുടക്കില്‍ പങ്കുചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
റെയില്‍വേ ജീവനക്കാര്‍ ഇതിന് മുമ്പ് പണിമുടക്കിന് ആഹ്വാനം ചെയ്തത് 1974ലാണ്. 20 ദിവസം നീണ്ടുനിന്ന പണിമുടക്കില്‍ 17 ലക്ഷത്തോളം തൊഴിലാളികള്‍ പങ്കെടുത്തതായാണ് കണക്ക്.