ഹജ്ജ്: രണ്ടാം ഗഡു തുക നിശ്ചയിച്ചില്ല

Posted on: May 29, 2015 6:00 am | Last updated: May 29, 2015 at 12:07 am

കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജിനു അവസരം ലഭിച്ചവര്‍ക്ക് രണ്ടാം ഗഡു തുകയെ പറ്റിയുള്ള വിവരം ഇനിയും കേന്ദ്ര ഹജ്ജ് കമ്മിറ്റി പുറത്തു വിട്ടില്ല. വ്യോമയാന വകുപ്പും വിദേശ കാര്യ മന്ത്രാലയവും ഇത് സംബസിച്ച നിലപാട് സ്വീകരിക്കാത്തതാണ് രണ്ടാം ഗഡൂ സംബന്ധിച്ച തീരുമാനം നീണ്ടു പോകുന്നതിനു കാരണമായി പറയപ്പെടുന്നത്.
വിമാന യാത്രാ കൂലി, രൂപയുമായുള്ള റിയാലിന്റെ വിനിമയം തുടങ്ങിയ കാര്യങ്ങളില്‍ ഇരു മന്ത്രാലയവും തുടര്‍ നടപടികളൊന്നും ഇതെവരെ കൈക്കൊണ്ടിട്ടില്ല.
ഇക്കാരണത്താല്‍ രണ്ടാം ഗഡു സംഖ്യയെ പറ്റി ഒരു അറിയിപ്പും നല്‍കാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കാകുന്നില്ല
അടുത്ത മാസം ഒമ്പതിന് ഡല്‍ഹിയില്‍ വാര്‍ഷിക ഹജ്ജ് കോണ്‍ഫറന്‍സ് ചേരുന്നുണ്ട്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സംബന്ധിക്കും. രണ്ടാം ഗഡു തുക സംബന്ധിച്ച തീരുമാനം ഈ യോഗത്തിനു ശേഷം ഉണ്ടാകുമെന്നറിയുന്നു.ഒന്നാം ഗഡു തുക 81,000 ഹാജിമാര്‍ നേരത്തെ അടച്ചിരുന്നു.
അതേസമയം ഗ്രീന്‍ കാറ്റഗറിയിലുള്ളവര്‍ക്ക് 2.25 ലക്ഷവും അസീസിയ കാറ്റഗറിയിലുള്ളവര്‍ക്ക് 1.91 രൂപയും ചെലവു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 1.91 ലക്ഷവും 1.65 ലക്ഷവുമായിരുന്നു.