Gulf
ദുബൈയില്‍ ജീവിതച്ചിലവ് കുറയുന്നുവെന്ന് സാമ്പത്തിക വിദഗ്ധര്‍

ദുബൈ: ദുബൈയില്‍ ജീവിതച്ചിലവ് കുറഞ്ഞ് വരുന്നതായി സൂചന. പ്രമുഖ സാമ്പത്തിക വിദഗ്ധനും അബുദാബി നാഷണല്‍ ബേങ്ക് ഡയറക്ടറുമായ ആല്‍പ് എക്കെയാണ് ഇതേ കുറിച്ച് വിവരങ്ങള്‍ നല്‍കിയത്. ഭവന ആവശ്യത്തിനും ഭക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനുമുള്ള ചെലവ് കുറഞ്ഞ് വരുന്നതായി എക്കെ പറഞ്ഞു. അടുത്ത ഏതാനും മാസം ഇത് തുടരും. അമേരിക്കന്‍ ഡോളറുമായി ദിര്‍ഹമിന്റെ വിനിമയ നിരക്കില്‍വന്ന മാറ്റവും എണ്ണവില കുറഞ്ഞതുമാണ് ഇതിന് കാരണം. അനുബന്ധമായി വസ്തു വകകളുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഇതൊരു താഴോട്ട് പോകുന്നതിന്റെ സൂചനയാണ്. ഉപഭോക്താക്കള്‍ക്ക് കുറച്ച് ചെലവ് ചെയ്താല്‍ മതി.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും ആവശ്യത്തിനുള്ള ചെലവ് അല്‍പം വര്‍ധിച്ചിരുന്നു. 0.18 ശതമാനമാണ് കഴിഞ്ഞ മാസം വര്‍ധിച്ചത്. അത് ഈ മാസം തൊട്ട് കുറയുകയാണ്.
ജീവിതച്ചിലവ് വര്‍ധിക്കുന്നത് യു എ ഇയിലുള്ള, തൊഴിലെടുത്ത് ജീവിക്കുന്നവര്‍ക്ക് അസന്തുഷ്ടിയുണ്ടാക്കുന്നുവെന്ന് ബൈത് ഡോട്ട് കോം നടത്തിയ സര്‍വേയില്‍ വ്യക്തമായിരുന്നു. രാജ്യത്ത് ജീവിതച്ചിലവ് ഗണ്യമായി കൂടുകയാണെന്ന് 87 ശതമാനം ആളുകള്‍ പരിതപിച്ചിരുന്നു. യു എ ഇയില്‍ നാണയപ്പെരുപ്പം 39 ശതമാനം വര്‍ധിച്ചുവെന്നാണ് നേരത്തെയുള്ള കണക്ക്. കഴിഞ്ഞ വര്‍ഷം ഇത് 36 ശതമാനമായിരുന്നു. എന്നാല്‍ ആ ഒരു രീതിക്ക് മാറ്റം സംഭവിക്കുകയാണെന്നാണ് എക്കെയുടെ കണ്ടെത്തല്‍. പലചരക്ക്, വീട്ടുപകരണങ്ങള്‍, താമസച്ചിലവ് എന്നിവ കുറഞ്ഞിട്ടുണ്ട്. മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെ ഭക്ഷണത്തിനും പാനീയത്തിനും 0.6 ശതമാനം വില വര്‍ധനയാണ് അനുഭവപ്പെട്ടത്.
വരും മാസങ്ങളില്‍ വാടക കുറയാന്‍ ഇടയുണ്ട്. വസ്തു വകകളുടെ വില കുറയുന്നതിനനുസരിച്ച് വാടക കുറയേണ്ടതാണ്. ആല്‍പ് എക്കെ പറഞ്ഞു.
രാജ്യാന്തര നാണയ നിധിയുടെയും യു എ ഇ വാണിജ്യ മന്ത്രാലയത്തിന്റെയും കണക്കനുസരിച്ച് നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്നാണ് മറ്റൊരു ആഹ്ലാദകരമായ സൂചന.