രാഷ്ട്രീയഗതി നിര്‍ണയിക്കാന്‍ അരുവിക്കര ഒരുങ്ങുന്നു

Posted on: May 28, 2015 5:39 am | Last updated: May 27, 2015 at 11:44 pm

തിരുവനന്തപുരം: അഴിമതി ആരോപണവും ഗ്രൂപ്പ് രാഷ്ട്രീയവും രാഷ്ട്രീയ പ്രതിസന്ധിയിലാക്കിയ ഭരണകക്ഷിയും, കലുഷിത അന്തരീക്ഷത്തിലും ഭരണമുന്നണിയെ നേരിടാനാകാത്ത പ്രതിപക്ഷവും തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന സാഹചര്യത്തില്‍ കേരളരാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കാനായി അരുവിക്കര ഒരുങ്ങിക്കഴിഞ്ഞു.
സംസ്ഥാന രാഷ്ട്രീയം നിലവാരത്തകര്‍ച്ച നേരിടുന്ന ഘട്ടത്തിലാണ് അരുവിക്കരയില്‍ ഉപതിരഞ്ഞെടുപ്പിന് വിജ്ഞാപനമായിരിക്കുന്നത്. ഒന്നിന് പിറകെ ഒന്നായി സോളാറും സരിതയും സലീം രാജും ബാര്‍ കോഴയും തകര്‍ത്ത വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ യു ഡി എഫിനും പുതിയ നേതൃത്വത്തിന്റെ കര്‍മശേഷി തെളിയിക്കാന്‍ പ്രതിപക്ഷത്തിനും അരുവിക്കര പരീക്ഷണ ശാലയാകും. ഇതിനിടെ, സ്വന്തം മുന്നണിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച പി സി ജോര്‍ജിന്റെ സാന്നിധ്യം കൂടിയാകുമ്പോള്‍ അരുവിക്കര ശ്രദ്ധേയമാകും.
പ്രാദേശിക എതിര്‍പ്പുകളുണ്ടെങ്കിലും, അന്തരിച്ച ജി കാര്‍ത്തികേയന്റെ പത്‌നി സുലേഖക്ക് തന്നെയാണ് അരുവിക്കരയില്‍ കോണ്‍ഗ്രസ് പ്രഥമ പരിഗണന നല്‍കുന്നത്. അവര്‍ കടുത്ത തീരുമാനമെടുത്താല്‍ മാത്രമായിരിക്കും മറ്റൊരു പേര് പരിഗണിക്കുക.
എന്നാല്‍, ഇടതു മുന്നണി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ നാളെ തീരുമാനമായേക്കും. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി സി പി എം ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് ചേരും. ജില്ലാ സെക്രട്ടറിയേറ്റിന്റെ നിര്‍ദേശം നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പരിഗണിക്കും. സി പി എം. സംസ്ഥാന സമിതി അംഗം എം വിജയകുമാര്‍, സി ഐ ടി യു ജില്ലാ സെക്രട്ടറി വി കെ മധു എന്നിവരുടെ പേരുകളാണ് സി പി എമ്മിന്റെ പരിഗണനയിലുള്ളത്. സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 31ന് ഇടതു മുന്നണി യോഗവും ചേരുന്നുണ്ട്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനും ഒക്‌ടോബറില്‍ നടക്കാനിരിക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിനും മുന്നോടിയായി നടക്കുന്ന അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ സി പി എമ്മിന് വിജയം അനിവാര്യമാണ്. 2004 മുതല്‍ സംസ്ഥാനത്ത് നടന്ന ഒരു തിരഞ്ഞെടുപ്പിലും മേല്‍ക്കൈ നേടാന്‍ എല്‍ ഡി എഫിന് കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ സര്‍ക്കാറും യു ഡി എഫും ഏറ്റവും വലിയ പ്രതിസന്ധിയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ഏതു വിധേനയും വിജയം കൈപ്പിടിയില്‍ ഒതുക്കാനാണ് സി പി എമ്മിന്റെ ശ്രമം. മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ മുഖ്യചുമതല.
നിലവിലെ സാഹചര്യത്തില്‍ അരുവിക്കരയില്‍ വിജയ പ്രതീക്ഷയോടെയാണ് സി പി എം ജില്ലാ-സംസ്ഥാന നേതൃത്വം തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്നത്. മുന്‍ സ്പീക്കര്‍, മുന്‍മന്ത്രി എന്നീ നിലകളില്‍ സംസ്ഥാനം മുഴുവന്‍ അറിയപ്പെടുന്ന നേതാവെന്ന നിലയിലാണ് എം വിജയകുമാറിനെയാണ് സി പി എം സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത്. എന്നാല്‍, പ്രാദേശികമായ ജനസമ്മിതിയുടെ അടിസ്ഥാനത്തിലാണ് വി കെ മധുവിനെ പരിഗണിക്കുന്നത്. സി പി എം ജില്ലാ കമ്മിറ്റിയുടെ പിന്തുണയും മധുവിനുണ്ടെന്നാണ് സൂചന.
കഴിഞ്ഞ തവണ അരുവിക്കരയില്‍ മത്സരിച്ച ആര്‍ എസ് പി, മുന്നണിവിട്ട സാഹചര്യത്തിലാണ് സി പി എം സീറ്റ് ഏറ്റെടുത്തത്. പാര്‍ട്ടി സ്ഥാനാര്‍ഥി നേരിട്ട് മത്സരത്തിനിറങ്ങുന്നതിനാല്‍ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ കരുതലോടെയാണ് സി പി എമ്മില്‍ പുരോഗമിക്കുന്നത്.
ജി കാര്‍ത്തികേയന്റെ പേരിലുള്ള സഹതാപതരംഗം വോട്ടാക്കി മാറ്റാനാകും യു ഡി എഫ് ശ്രമം. പി സി ജോര്‍ജിന്റെയും വി എസ് ഡി പിയുടെയും ഡി എച്ച് ആര്‍ എമ്മിന്റെയും സജീവസാന്നിധ്യവും നാടാര്‍, ദലിത് സ്വാധീനമേഖലകളില്‍ മുന്നണികള്‍ക്ക് ഭീഷണിയാകും.