Connect with us

Kerala

കോഴിക്കോട്, പാലക്കാട് സ്റ്റേഷനുകളില്‍ വൈഫൈ വരുന്നു

Published

|

Last Updated

പാലക്കാട്: ദക്ഷിണ റെയില്‍വേയുടെ ജൂണ്‍വരെ നീണ്ടുനില്‍ക്കുന്ന ഉപഭോക്തൃ വാരാചരണ പരിപാടികളുടെ ഭാഗമായി പാലക്കാട്, കോഴിക്കോട് സ്‌റ്റേഷനുകളില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ആനന്ദ് പ്രകാശ് പത്ര സമ്മേളനത്തില്‍ അറിയിച്ചു. ഇന്റര്‍നാഷനല്‍ ലെവല്‍ ക്രോസിംഗ് ഗേറ്റുകള്‍ വ്യാപകമാക്കും. പാലക്കാട് റെയില്‍വേ ജംഗ്ഷനില്‍ രണ്ട് ലിഫ്റ്റുകള്‍ സ്ഥാപിക്കും. ഷൊര്‍ണൂര്‍ റെയില്‍വേ ജംഗ്ഷനിലെ ശുചീകരണ സംവിധാനം മെച്ചപ്പെടുത്തും. കോഴിക്കോട് എയര്‍പോര്‍ട്ടിലുള്ളത് പോലുള്ള മാലിന്യ സംസ്‌കരണ കേന്ദ്രം ഷൊര്‍ണൂരില്‍ സ്ഥാപിക്കും. മംഗലാപുരം സ്റ്റേഷനില്‍ പ്രീ പെയ്ഡ് ഓട്ടോ സംവിധാനം കൊണ്ടുവരും. കോച്ച് ഗൈഡന്‍സ് സിസ്റ്റം ഉടന്‍ തുറക്കും. മംഗലാപുരം ജംഗ്ഷനുകീഴിലെ 146 ബി ലെവല്‍ ക്രോസിനു പകരം അടിപ്പാത നിര്‍മ്മിക്കും. മംഗലാപുരം സ്റ്റേഷനില്‍ ലിഫ്റ്റുകള്‍ കൊണ്ടുവരും. തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ ആറ് മിനി ഷെല്‍ട്ടറുകള്‍ തുറന്നുകൊടുക്കും. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നിലയില്‍ വിശ്രമമുറികള്‍ സ്ഥാപിക്കും. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ പ്ലാറ്റ്‌ഫോം നമ്പര്‍ ഒന്നില്‍ വി ഐ പി മുറി തുറക്കും. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ രണ്ട്, മൂന്ന്, നാല് പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കാനായി മൂന്നാമത്തെ ഫുട്ട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കും.
കോഴിക്കോട് സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ 10 പ്ലാറ്റ്‌ഫോം വിശ്രമകേന്ദ്രങ്ങള്‍ സ്ഥാപിക്കും. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനെ വിശ്രമമുറികളോടെ നവീകരിക്കും. വിശ്രമമുറികളും ബുക്കിംഗ് കേന്ദ്രവും തുറക്കും. കാസര്‍ഗോഡ് ബുക്കിംഗ് കേന്ദ്രവും പ്ലാറ്റ്‌ഫോമും തുറക്കും. ദക്ഷിണ റെയില്‍വെ പാലക്കാട് ഡിവിഷനു കീഴിലുള്ള സ്റ്റേഷനുകളില്‍ 41 യാത്രാനിരക്ക് ബോര്‍ഡുകള്‍ സ്ഥാപിക്കും. പരിപാടിയുടെ ഭാഗമായി 3.8 ലക്ഷം രൂപ ചെലവില്‍ ഒലവക്കോടുള്ള പാലക്കാട് റെയില്‍വേ ജംഗ്ഷനില്‍ എല്‍ ഇ ഡി വിളക്കുകള്‍ സ്ഥാപിക്കും. 2.6 ലക്ഷം രൂപ ചിലവഴിച്ച് പറളി റെയില്‍വേ സ്റ്റേഷനില്‍ സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കും. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ് ഫോം ഒന്ന് കുറച്ചുകൂടി മെച്ചപ്പെടുത്തും. വാടാനാംകുറുശ്ശി റെയില്‍വേ സ്റ്റേഷന്‍ കെട്ടിടം ഉദ്ഘാടനം നടത്തും. വള്ളിക്കുന്ന് സ്റ്റേഷനിലെ അണ്ടര്‍ ഗ്രൗണ്ട് പാലം തുറന്നുകൊടുക്കും. കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിന്റെ നീളം വര്‍ധിപ്പിക്കും. മാഹി റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോമുകള്‍ സ്ഥാപിക്കും. കണ്ണപുറത്ത് മിനി ഷെല്‍ട്ടറുകള്‍ തുറക്കും. ചെറുവത്തൂര്‍ സ്‌റ്റേഷനില്‍ ശുചീകരണ കാംപയിന്‍ നടത്തും. കുട്ടിക്കുളത്ത് മിനി ഷെല്‍ട്ടറുകള്‍ സ്ഥാപിക്കും. കാസര്‍കോട് സ്‌റ്റേഷനില്‍ പ്ലാറ്റ് ഫോമുകളും ഫുട് ഓവര്‍ ബ്രിഡ്ജും സ്ഥാപിക്കും. റെയില്‍വേ ജീവനക്കാര്‍ക്കായി വൈദ്യപരിശോധനാ ക്യാമ്പുകളും യോഗ ക്യാമ്പുകളും സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഒലവക്കോട്ടെ റെയില്‍വേ ആസ്ഥാനത്ത് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ആനന്ദ് പ്രകാശ് യുവ ആര്‍ട്ടിസ്റ്റ് റജീഷ് കോട്ടായി നിര്‍മ്മിച്ച ബുദ്ധന്റെ ടെറാകോട്ട ചിത്രവും പ്രതിമയും ഉദ്ഘാടനം ചെയ്താണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. റെയില്‍വേയും ഇന്റര്‍ഗ്രേറ്റഡ് സെന്ററുമായി ചേര്‍ന്ന് ബോധി വൃക്ഷത്തണലില്‍ 1.25 ലക്ഷം രൂപ ചിലവഴിച്ചാണ് ബുദ്ധ പ്രതിമ സ്ഥാപിച്ചിട്ടുള്ളത്.

 

---- facebook comment plugin here -----

Latest