Connect with us

National

നടപടിക്രമങ്ങള്‍ പാലിക്കാതെ തൂക്കിലേറ്റരുത്: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: മുന്‍കൂര്‍ അറിയിപ്പ് നല്‍കാതെയും കുടുംബാംഗങ്ങളെ കാണാന്‍ അവസരം നല്‍കാതെയും വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരാളെ സര്‍ക്കാറിന് തൂക്കിലേറ്റാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വധശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ക്ക് ജീവിക്കാനുള്ള മൗലികാവകാശം നിഷേധിച്ചുകൂടെന്നും കോടതി പറഞ്ഞു.
ജസ്റ്റിസ് എ കെ സിക്രി, ജസ്റ്റിസ് യു യു ലളിത് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. വധശിക്ഷ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ അധികൃതര്‍ ശരിയായ നടപടിക്രമങ്ങള്‍ പിന്തുടരണം. തന്റെ ജീവന്‍ രക്ഷിക്കാന്‍ ലഭ്യമായ എല്ലാ മാര്‍ഗങ്ങളും തേടാന്‍ അവസരം നല്‍കാതെ, കുറ്റക്കാരനെന്ന് വിധിക്കപ്പെട്ട ആളെ തൂക്കിലേറ്റരുതെന്നും സുപ്രീം കോടതി പറഞ്ഞു.
കാമുകനുമൊത്തുള്ള ബന്ധത്തെ എതിര്‍ത്തതിന് തന്റെ ഏഴ് കുടുംബാംഗങ്ങളെ കൊലചെയ്ത ശബ്‌നത്തേയും കാമുകന്‍ സലീമിനേയും തൂക്കിലേറ്റാന്‍ ഉത്തര്‍പ്രദേശിലെ ഒരു സെഷന്‍സ് കോടതി പുറപ്പെടുവിച്ച മരണ വാറണ്ടുകള്‍ സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു.
മെയ് 15നാണ് സുപ്രീം കോടതി കാമുകീ കാമുകന്മാരെ വധശിക്ഷക്ക് വിധിച്ചത്. വിധി പറഞ്ഞ് ഒരാഴചക്കകം തന്നെ വധശിക്ഷ നടപ്പാക്കാന്‍ സെഷന്‍സ് കോടതി മരണ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.
മരണ വാറണ്ട് പുറപ്പെടുവിക്കുന്നതില്‍ സെഷന്‍സ് കോടതി അനാവശ്യ ധൃതി കാണിച്ചുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
ശിക്ഷിക്കപ്പെട്ട ആള്‍ക്ക് ,സുപ്രീംകോടതിയുടെ വിധി പുനപ്പരിശോധനക്ക് വിധേയമാക്കാന്‍ ആവശ്യപ്പെടാനും, ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും ദയാ ഹരജിസമര്‍പ്പിക്കാനും ആവശ്യമായ സമയം നല്‍കണമെന്നും സുപ്രീം കോടതി ബഞ്ച് നിര്‍ദേശിച്ചു.

---- facebook comment plugin here -----

Latest