യാത്രാ നിയന്ത്രണത്തില്‍ ഇളവുകള്‍ നല്‍കണമെന്ന് യൂറോപ്യന്‍ യൂനിയനോട് പാക്കിസ്ഥാന്‍

Posted on: May 28, 2015 5:28 am | Last updated: May 27, 2015 at 11:28 pm

ഇസ്‌ലാമാബാദ്: രാജ്യത്ത് പോളിയോ ബാധിതരുടെ എണ്ണം വര്‍ധിച്ചതിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണത്തില്‍ ഇളവുകള്‍ നല്‍കണമെന്ന് പാക്കിസ്ഥാന്‍ യൂറോപ്യന്‍ യൂനിയനോട് ആവശ്യപ്പെട്ടു. ജര്‍മന്‍ പാര്‍ലിമെന്റ് അംഗങ്ങളുടെ സംഘവുമായി ചര്‍ച്ച നടത്തവെയാണ് പാക് പ്രസിഡന്റ് മാംനൂണ്‍ ഹുസൈന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. യാത്രാനിയന്ത്രണത്തില്‍ ഇളവുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട ഹുസൈന്‍ രാജ്യത്തുനിന്നും പോളിയോ വൈറസിനെ ഇല്ലാതാക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായവും അഭ്യര്‍ഥിച്ചുവെന്നും ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. പോളിയോ ഇല്ലാതാക്കാന്‍ പാക്കിസ്ഥാന്‍ പ്രതിജ്ഞാബന്ധമാണെന്നും ഹുസൈന്‍ പാര്‍ലിമെന്റ് അംഗങ്ങളോട് പറഞ്ഞു. സമീപ വര്‍ഷങ്ങളില്‍ പോളിയോ ബാധിതരുടെ എണ്ണം വര്‍ധിക്കുവാന്‍ കാരണം തീവ്രവാദമാണെന്നും രാജ്യത്തിന്റെ ഗോത്രമേഖലകളില്‍ പ്രതിരോധപ്രവര്‍ത്തനം എത്തുന്നില്ലെന്നും പ്രസിഡന്റ് പറഞ്ഞു. യാത്രാ നിയന്ത്രണത്തില്‍ ഇളവു വരുത്താന്‍ 28 അംഗ യൂറോപ്യന്‍ യൂണിയനോട് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തീവ്രവാദം, മനുഷ്യാവകാശ ലംഘനം, ന്യൂനപക്ഷങ്ങളോടുള്ള വിവേചനം, ലിംഗ അസമത്വം എന്നിവ ഇല്ലാതാക്കാന്‍ പാക്കിസ്ഥാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചുവെന്നും പ്രസിഡന്റ് ജര്‍മന്‍ പാര്‍ലിമെന്റ് അംഗങ്ങളുടെ സംഘത്തെ അറിയിച്ചു. എം പിയും കമ്മറ്റി ഓഫ് ഇക്കണോമിക് കോര്‍പറേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റിന്റെ ചെയര്‍ പേഴ്‌സണുമായ ദാഗ്മാര്‍ ജി വോള്‍ ആണ് സംഘത്തിന്റെ മേധാവി. പോളിയോയുടെ പേരില്‍ ലോകാരോഗ്യ സംഘടന കഴിഞ്ഞ വര്‍ഷം യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയത് അന്താരാഷ്ട്രതലത്തില്‍ പാക്കിസ്ഥാന് നാണക്കേടായിരിക്കുകയാണ്. ജൂണ്‍ ഒന്ന് മുതല്‍ ഏതെങ്കിലും വിദേശ രാജ്യത്തേക്ക് യാത്ര ചെയ്യുന്ന പാക്കിസ്ഥാന്‍കാരന്‍ പോളിയോ വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പാക്കിസ്ഥാന് പുറമെ അഫ്ഗാനിസ്ഥാന്‍, നൈജീരിയ എന്നീ രാജ്യങ്ങളില്‍ മാത്രമേ പോളിയോ രോഗം നിര്‍മാര്‍ജനം ചെയ്യപ്പെടാതുള്ളു. തീവ്രവാദ സംഘങ്ങള്‍ പോളിയോ വാക്‌സിനേഷന്‍ സംഘങ്ങള്‍ക്കെതിരെ ഇടക്കിടെ ആക്രമണം നടത്താറുണ്ട്. ഇത് ചാരപ്രവര്‍ത്തനത്തിന് മറപിടിക്കാനാണെന്നും വാക്‌സിനെടുത്താല്‍ വന്ധ്യതയുണ്ടാകുമെന്നും ആരോപിച്ചാണ് ആക്രമണം നടത്തുന്നത്.