Gulf
ഷാര്‍ജയില്‍ വാനര സംഘം; കൗതുകമായി കാഴ്ചക്കാര്‍

ഷാര്‍ജ: ഷാര്‍ജയില്‍ കുരങ്ങുകളിറങ്ങി. വ്യവസായ മേഖല രണ്ടില്‍ മാസാ സിഗ്‌നലിനു സമീപം ജയന്റിലാണ് കുരങ്ങുകളിറങ്ങിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് രണ്ടു വാനരന്മാരെ സ്ഥല വാസികള്‍ കണ്ടെത്തിയത്. ആദ്യം കോമ്പൗണ്ടിനകത്താണ് കണ്ടത്. ആളുകളെ കണ്ടതോടെ മരത്തിലും മറ്റും ചാടിക്കയറാന്‍ തുടങ്ങിയെങ്കിലും ഭക്ഷണങ്ങളും പഴങ്ങളും എറിഞ്ഞുകൊടുത്തതോടെ സംഘം താഴെയിറങ്ങുകയായിരുന്നു. വിവരം പരന്നതോടെ വാനരന്മാരെ കാണാന്‍ ആളുകള്‍ സ്ഥലത്ത് ഓടിക്കൂടി. എന്നാല്‍ കുരങ്ങുകള്‍ നിര്‍ഭയമായി ഓടിച്ചാടികളിച്ചു.
ആക്രമിക്കില്ലെന്നുറപ്പായതോടെ മനുഷ്യരുമായി ചങ്ങാത്തംകൂടി. പഴ വര്‍ഗങ്ങളും മറ്റും ധാരാളമായി ലഭിച്ചതോടെ അവിടെത്തന്നെ തങ്ങുകയായിരുന്നു. പരിസരങ്ങളിലെ മരങ്ങളിലും മറ്റും ഓടിക്കയറിയും തൂങ്ങിയും രസിക്കുന്ന കുരങ്ങുകള്‍ കാണികള്‍ക്കു കൗതുകമായി.
എവിടെ നിന്നാണ് ഇവര്‍ എത്തിയതെന്നെറിയില്ലെന്ന് ജയന്റില്‍ താമസക്കാരനായ ഗഫൂര്‍ പറഞ്ഞു. രാവിലെ പുറത്തിറങ്ങുമ്പോള്‍ കണികണ്ടത് ഈ കുരങ്ങുകളെയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. ഇതാദ്യമായാണത്രെ ഈ ഭാഗത്ത് കുരങ്ങുകളെ കാണപ്പെടുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളില്‍ ഈ മേഖലയില്‍ വാനര സംഘത്തെ കാണപ്പെടുന്നതായി പറയുന്നു.