Connect with us

Kozhikode

നിറഞ്ഞ സംതൃപ്തിയോടെ അവര്‍ നാട്ടിലേക്ക് മടങ്ങി

Published

|

Last Updated

കോഴിക്കോട്: “നിറഞ്ഞ സംതൃപ്തിയുണ്ട്. കേരളത്തില്‍ നിന്ന് ലഭിച്ച സ്‌നേഹവും പിന്തുണയും ഒരിക്കലും മറക്കില്ല- പ്ലസ്ടു കഴിഞ്ഞ് ക്യാനഡയിലേക്ക് മടങ്ങുമ്പോള്‍ ഫൈസാന്റെ മുഖത്ത് പുഞ്ചിരി. 2006 ജൂണിലാണ് പഠനാവശ്യത്തിന് വേണ്ടി ഫൈസാന്‍ കാരന്തൂര്‍ മര്‍കസിന് കീഴിലുള്ള ഗ്ലോബല്‍ സ്റ്റൂഡന്റ്‌സ് വില്ലേജിലെത്തിയത്. ഫൈസാനെ കൂടാതെ സഹോദരി ഹിന, മാതൃസഹോദരന്റെ മക്കളായ ഹാശിം, ഹലീമ, ആമിന, ബിലാല്‍ എന്നിവരാണ് സ്വദേശമായ ക്യാനഡയിലെ വാന്‍കൂവറിലേക്ക് മടങ്ങുന്നത്. ഹലീമ, ഹിന, ഫൈസാന്‍ എന്നീ വിദ്യാര്‍ഥികള്‍ പ്ലസ് ടു പഠനം കഴിഞ്ഞും ബിലാല്‍, ഹാശിം എന്നിവര്‍ പത്താം ക്ലാസ് കഴിഞ്ഞുമാണ് തിരിച്ചുപോകുന്നത്. ആമിന നാലാം ക്ലാസും പൂത്തിയാക്കി.
ഒരു പാശ്ചാത്യ രാജ്യത്തു നിന്ന് എട്ട് വര്‍ഷം മുമ്പ് കേരളത്തില്‍ ആദ്യമായാണ് ഒരു വിദ്യാര്‍ഥിസംഘം പഠനത്തിനെത്തിയത്. പ്ലസ് ടു കഴിഞ്ഞവര്‍ കെലോന ബിസിയിലെ യൂനിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിലും മറ്റുള്ളവര്‍ സ്‌കൂളുകളിലും തുടര്‍പഠനം നടത്തും. പാശ്ചാത്യസംസ്‌കാരത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ പഠനാനുഭവങ്ങളാണ് തങ്ങള്‍ക്കിവിടെ നിന്ന് ലഭിച്ചതെന്ന് പ്ലസ് ടു വിദ്യാര്‍ഥി ഫൈസാന്‍ പറഞ്ഞു. ധാര്‍മികതയിലധിഷ്ഠിതമായ വിദ്യാഭ്യാസം കരസ്ഥമാക്കാനായി. കേരളത്തില്‍ നിന്ന് ലഭിച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം തുടര്‍ന്നും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുമെന്ന് ഫൈസാന്‍ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ പ്രചോദനവും സഹകരണ മനോഭാവവും തന്നെ ഏറെ ആകര്‍ഷിച്ചുവെന്ന് ഹാശിം പറഞ്ഞു. മതമൂല്യങ്ങളെ കുറിച്ചും കൂടുതല്‍ പഠിക്കാനായി. അധ്യാപകരുടെയും മര്‍കസ് അധികാരികളുടെയും മനോഭാവം കൂടുതല്‍ പ്രചോദനം പകര്‍ന്നുവെന്നും ഹാശിം പറഞ്ഞു. കുട്ടികള്‍ക്ക് മികച്ച ആധുനിക വിദ്യാഭ്യാസം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഹാശിമിന്റെ പിതാവ് അമാനുല്ല പറഞ്ഞു. കേരളത്തിലെ പഠന അന്തരീക്ഷവും അച്ചടക്കവും എന്നെ ഏറെ ആകര്‍ഷിച്ചു. ആധുനിക വിദ്യാഭ്യാസത്തോടൊപ്പം മതപരമായ അറിവും കരസ്ഥമാക്കാനായി” -അമാനുല്ല പറഞ്ഞു.
പുതിയ അധ്യയന വര്‍ഷം മുതല്‍ കൂടുതല്‍ വിദേശ വിദ്യാര്‍ഥികള്‍ ഗ്ലോബല്‍ സ്റ്റുഡന്റ്‌സ് വില്ലേജില്‍ പഠനത്തിനെത്തുമെന്ന് മര്‍കസ് ഡയരക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു. കൂടുതല്‍ വിശാലമായ സൗകര്യങ്ങളൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest