Ongoing News
പാക് ടീമില്‍ അഴിച്ചുപണി; ശുഐബ് മാലിക്കും സമിയും ടീമില്‍ തിരിച്ചെത്തി

ലാഹോര്‍: മുന്‍ നായകന്‍ ശുഐബ് മാലിക്കും പേസര്‍ മുഹമ്മദ് സമിയും വീണ്ടും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍. സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരക്കുള്ള പതിനാറംഗ സ്‌ക്വാഡിലാണ് ഇവര്‍ ഇടം പിടിച്ചത്. ഫോം നഷ്ടമായ ബാറ്റ്‌സ്മാന്‍ ഉമര്‍ അക്മലിനെ ഒഴിവാക്കി. ബംഗ്ലാദേശിനെതിരായ പരമ്പരക്ക് പരിഗണിക്കപ്പെടാതിരുന്ന ഓപണര്‍ അഹമ്മദ് ഷെഹ്‌സാദും ടീമില്‍ തിരിച്ചെത്തി. ബംഗ്ലാദേശിനോട് 3-0ന് ഏകദിന പരമ്പര തോറ്റതിന്റെ പശ്ചാത്തലത്തിലാണ് പാക് ടീമില്‍ അഴിച്ചുപണി. അതേ സമയം, അസ്ഹര്‍ അലിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിലനിര്‍ത്തി.
216 ഏകദിന മത്സരങ്ങള്‍ കളിച്ച ശുഐബ് മാലിക്ക് 2013 ചാമ്പ്യന്‍സ് ട്രോഫിയിലാണ് അവസാനമായി പാക് ടീമിന് കളിക്കാനിറങ്ങിയത്. സമിയാകട്ടെ 2012 ന് ശേഷം ആദ്യമായാണ് ഏകദിന ടീമിലുള്‍പ്പെടുന്നത്. സിംബാബ്‌വെക്കെതിരെ ടി20 പരമ്പര 2-0ന് പാക്കിസ്ഥാന്‍ ജയിച്ചപ്പോള്‍ മുഹമ്മദ് സമി നാല് വിക്കറ്റുകളെടുത്ത് തിളങ്ങിയിരുന്നു. കരീബിയന്‍ ലീഗിലും ബിഗ് ബാഷിലും തിളങ്ങിയതിന്റെ ബലത്തിലാണ് മാലിക്കിന്റെ തിരിച്ചുവരവ്.
പാക്കിസ്ഥാന്‍ സ്‌ക്വാഡ്: അസ്ഹര്‍ അലി (ക്യാപ്റ്റന്‍), മുഹമ്മദ് ഹഫീസ്, അഹമ്മദ് ഷെഹ്‌സാദ്, ആസാദ് ഷഫീഖ്,ഹാരിസ് സുഹൈല്‍, ശുഐബ് മാലിക്ക്, ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, സര്‍ഫറാസ് അഹമ്മദ്, അന്‍വര്‍ അലി, ഹമ്മദ് അസം, ഇമാദ് വാസിം, യാസിര്‍ഷാ, വഹാബ് റിയാസ്, മുഹമ്മദ് സമി, ജുനൈദ് ഖാന്‍.