പണ്ഡിതര്‍ക്ക് ആഴത്തിലുളള മതപഠനം നഷ്ടമാകരുത്: സമസ്ത

Posted on: May 26, 2015 9:00 pm | Last updated: May 26, 2015 at 10:42 pm
mlp-Kottur Usthadu Ulgadanam
സമസ്ത ജില്ലാ മുശാവറയുടെ ആഭിമുഖ്യത്തില്‍ നടന്ന പണ്ഡിത സമ്മേളനം കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: ആധുനിക വിദ്യയുടെ അതി പ്രസരത്തില്‍ ആഴത്തിലുള്ള മതപഠനം നഷ്ടമാകാതിരിക്കാന്‍ പണ്ഡിതര്‍ ശ്രദ്ധവെക്കണമെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍ പറഞ്ഞു. സമസ്ത മലപ്പുറം ജില്ലാ മുശാവറയുടെ ആഭിമുഖ്യത്തില്‍ നടന്ന പണ്ഡിത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പഴയകാലത്തേക്കാള്‍ കൂടുതല്‍ ആധുനിക വിദ്യാഭ്യാസത്തില്‍ സമൂഹം ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാലഘട്ടമാണിത്. ഇക്കാരണത്താല്‍ മതപഠന രംഗത്ത് വിള്ളലുകള്‍ സംഭവിക്കാന്‍ പാടില്ല. ഇസ്‌ലാമിക കര്‍മ്മ ശാസ്ത്രത്തിലും വിശ്വാസ രംഗത്തുമൊക്കെ ആഴത്തിലുള്ള പഠനവും ചര്‍ച്ചയും നടത്താനും പുതുതലമുറയെ ഈ മേഖലയിലേക്ക് കൊണ്ടുവരാനും ശ്രമങ്ങളുണ്ടാകമെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന സമ്മേളനത്തില്‍ ആയിരക്കണക്കിന് പണ്ഡിതരാണ് പങ്കെടുത്തത്. സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ പ്രാര്‍ഥന നടത്തി. സയ്യിദ് ഹബീബ് കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. വൈവാഹികം, പണ്ഡിതര്‍ നേരിടുന്ന പ്രശ്‌നങ്ങളും പ്രതിവിധികളും എന്ന വിഷയത്തില്‍ സമസ്ത കേന്ദ്ര സെക്രട്ടറി പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പ്രഭാഷണം നടത്തി. പൊന്‍മള മൊയ്തീന്‍കുട്ടി ബാഖവി, തെന്നല അബൂഹനീഫല്‍ ഫൈസി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, മിഖ്ദാദ് ബാഖവി ചുങ്കത്തറ, വി എസ് ഫൈസി എടക്കര, കെ കെ മുഹമ്മദ് മുസ്‌ലിയാര്‍, ടി ടി മഹ്മൂദ് ഫൈസി, അബ്ദുര്‍റസാഖ് ഫൈസി മാണൂര്‍, പി എസ് കെ ദാരിമി എടയൂര്‍, അലവി ദാരിമി ചെറുകുളം, അലവി സഖാഫി കൊളത്തൂര്‍, കെ സി അബൂബക്കര്‍ ഫൈസി പങ്കെടുത്തു.