Gulf
രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശം: സ്വദേശി യുവാവിന് 10 വര്‍ഷം തടവ്

അബുദാബി: സമൂഹ മാധ്യമം വഴി യു എ ഇ ഭരണാധികാരികളെ അപകീര്‍ത്തിപെടുത്തിയ കേസില്‍ സ്വദേശിക്ക് 10 വര്‍ഷം തടവ്. ഫെഡറല്‍ സുപ്രീം കോടതിയുടെ രാജ്യസുരക്ഷാ ബഞ്ചാണ് ശിക്ഷ വിധിച്ചത്. യു എ ഇ ഭരണ നേതൃത്വത്തെ അപമാനിക്കുക ലക്ഷ്യം വെച്ച് പ്രതി തയ്യാറാക്കിയ സാമൂഹിക മാധ്യമ അക്കൗണ്ട് റദ്ദു ചെയ്യണമെന്നും വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. ഇതിന് വേണ്ടി ഉപയോഗിച്ച ഇലക്‌ട്രോണിക് സാമഗ്രികള്‍ പിടിച്ചെടുത്തിരുന്നു. സാമൂഹിക മാധ്യമ അക്കൗണ്ട് റദ്ദ് ചെയ്തു. സ്വദേശിയായ അഹമ്മദ് അബ്ദുല്ല അല്‍ വഹ്ദിക്കെതിരെയാണ് വിധി. മറ്റൊരു പ്രതിയായ മുഹമ്മദ് ഖാലിദ് സുവൈദാനെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചിട്ടുണ്ട്. സിറിയന്‍ പൗരത്വമുള്ളയാളാണ് ഇയാള്‍. അബുദാബി നാഷനല്‍ ഓയില്‍ കമ്പനി, ഷാര്‍ജ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ഔദ്യോഗിക രേഖകള്‍ ദുരുപയോഗം ചെയ്തതായാണ് ഇയാള്‍ക്കെതിരെ കേസ്. തടവ് ശിക്ഷക്ക് ശേഷം ഇയാളെ നാട് കടത്തും. ഇയാളുടെ സാമൂഹിക മാധ്യമ അക്കൗണ്ടില്‍ നിന്ന് വിനാശകരമായ രേഖകളും ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. സൈനിക ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന ചിപ്പുകളാണ് വ്യാജ രേഖകള്‍ ചമക്കാന്‍ ഉപയോഗപ്പെടുത്തിയിരുന്നത്. സിറിയന്‍ ഭരണ കൂടവുമായി ബന്ധപ്പെട്ടിട്ടുള്ള സൈനിക ഗവേഷണ കേന്ദ്രത്തിലേക്കാണ് രേഖകള്‍ അയച്ചിരുന്നത്. യു എ ഇ നേതൃത്വത്തെയും ഉദ്യോഗസ്ഥ മേധാവികളെയും അപകീര്‍ത്തിപ്പെടുത്താനും പരിഹസിക്കാനും മറ്റൊരു സ്വദേശിയായ എന്‍ ഇ എഫ് ശ്രമിച്ചിരുന്നുവെന്ന് ന്യായാധിപന്‍ ഫലാഹ് അല്‍ ഹാജിരി വ്യക്തമാക്കി. ഇദ്ദേഹത്തിന് എതിരെയുള്ള കേസിന്റെ വിധി ജൂണ്‍ എട്ടിന് പ്രസ്താവിക്കും. കുവൈത്തീ പൗരനായ മറ്റൊരാള്‍ക്കെതിരെയും ദേശ ദ്രോഹ പ്രവര്‍ത്തനത്തിന് കേസുണ്ട്. ഈ കേസ് ജൂണ്‍ ഒന്നിന് പരിഗണിക്കും. പ്രതിയുടെ അഭിഭാഷകന്റെ അഭ്യര്‍ഥന പ്രകാരമാണ് മാറ്റിയത്.