നഗരങ്ങളില്‍ താമസിക്കുന്നവര്‍ പ്രതിവര്‍ഷം കൈക്കൂലി നല്‍കുന്നത് 4400 രൂപയെന്ന് പഠനം

Posted on: May 24, 2015 2:09 pm | Last updated: May 25, 2015 at 7:56 am

bribeന്യൂഡല്‍ഹി: നഗരപ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബം വര്‍ഷത്തില്‍ ശരാശരി 4,400 രൂപ കൈക്കൂലി ഇനത്തില്‍ ചെലവിടുന്നുണ്ടെന്ന് സര്‍ക്കാര്‍ ഏജന്‍സിയുടെ കണ്ടെത്തല്‍. ഗ്രാമപ്രദേശങ്ങളില്‍ ഇത് 2900 രൂപയാണെന്നും നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് ഇക്കോണമിക് റിസര്‍ച്ചിന്റെ പഠനത്തില്‍ വ്യക്തമാക്കുന്നു. ലക്‌നൗം, പാറ്റ്‌ന, ഭുബനേശ്വര്‍, ചെന്നൈ, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ പൊതുമരാമത്ത് പണികള്‍ക്കും അഡ്മിഷന്‍ ആവശ്യങ്ങള്‍ക്കും പോലീസുകാര്‍ക്കുമാണ് കൂടുതല്‍ കൈക്കൂലി നല്‍കുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

നഗരപ്രദേശങ്ങളിലുള്ളവര്‍ ജോലി സുരക്ഷിതത്വത്തിനും സ്ഥലംമാറ്റത്തിനും 18000 രൂപ വരെ ചെലവിടുന്നുണ്ട്. ഇതേസമയം ട്രാഫിക് പോലീസുകാര്‍ക്ക് കൈക്കൂലി ഇനത്തില്‍ നല്‍കുന്നത് പ്രതിവര്‍ഷം 600 രൂപയാണ്. 2012 സെപ്തംബറിനും ഡിസംബറിനുമിടയില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.