Editorial
മുസ്‌ലിം എന്ന അയോഗ്യത

മുസ്‌ലിമായ കാരണത്താല്‍ യുവാവിന് ജോലി നല്‍കാതിരുന്ന മുംബൈയിലെ ഹരേ കൃഷ്ണ എക്‌സ്‌പോര്‍ട്ട്‌സ് കമ്പനിയുടെ നടപടി വിവാദത്തിലായിരിക്കുകയാണ്. എം ബി എ ബിരുദധാരിയായ സെഷാന്‍ അലിഖാന്‍ എന്ന ഉദ്യോഗാര്‍ഥിക്കാണ് ഈ ബഹുരാഷ്ട്ര കമ്പനി ജോലി നിഷേധിച്ചത്. “താങ്കളുടെ അപേക്ഷക്ക് നന്ദി. ഞങ്ങളുടെ കമ്പനി അമുസ്‌ലിം ഉദ്യോഗാര്‍ഥികളെ മാത്രമേ ജോലിക്ക് തിരഞ്ഞെടുക്കുകയുള്ളൂ” വെന്നായിരുന്നു ഇമെയില്‍ വഴി ജോലിക്കായി അദ്ദേഹം നല്‍കിയ അപേക്ഷക്ക് കമ്പനി നല്‍കിയ മറുപടി. സര്‍ക്കാര്‍ ഈ നടപടിയെ രൂക്ഷമായി വിമര്‍ശിക്കുകയും ന്യൂനപക്ഷ കമ്മീഷന്‍ സംഭവത്തില്‍ ഇടപെട്ടിരിക്കുകയുമാണ്.
ഒരൊറ്റപ്പെട്ട സംഭവവല്ല ഇത്. ഇന്ത്യന്‍ തൊഴില്‍രംഗത്ത് ഇപ്പോള്‍ അപകടകരമായ സാമുദായിക വിവേചനമാണ് നിലനില്‍ക്കുന്നത്. എല്ലാ യോഗ്യതകളുമുണ്ടായിട്ടും മുസ്‌ലിമായത് കൊണ്ട് മാത്രം ജോലി നിഷേധിക്കപ്പെട്ട സംഭവങ്ങള്‍ രാജ്യത്ത് നിരവധിയാണ്. മുസ്‌ലിംകള്‍ക്ക് തൊഴില്‍ ലഭിക്കണമെങ്കില്‍ തങ്ങളുടെ മതവും മതചിഹ്നങ്ങളും വേഷവിധാനങ്ങളും മറച്ചുവക്കേണ്ട സാഹചര്യം പല ഭാഗങ്ങളിലും എന്നോ നിലവില്‍ വന്നിട്ടുണ്ട്. പീഡിതര്‍ മുസ്‌ലിംകളായതിനാല്‍ മുഖ്യധാരാ മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്യാറില്ലെന്ന് മാത്രം. കൊല്‍ക്കത്തയിലെ ഹസീനാ ബീഗം എന്ന മുസ്‌ലിം നഴ്‌സിന് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ലഭിക്കാന്‍ ലക്ഷ്മി എന്ന പേരില്‍ അപേക്ഷ നല്‍കുകയും ഹൈന്ദവ വേഷം ധരിക്കുകയും ചെയ്യേണ്ടിവന്ന ദുരവസ്ഥ റേഡിയോ ആസ്‌ത്രേലിയയും അല്‍ജസീറയും റിപ്പോര്‍ട്ട് ചെയ്തതാണ്. ആശുപത്രിയിലെ ചില തസ്തികകളിലേക്ക് ഇന്റര്‍വ്യൂ നടത്തിയപ്പോള്‍, മുസ്‌ലിംകളെയാരെയും ഇന്റര്‍വ്യൂവിനായി കടത്തിവിടരുതെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയ കാര്യവും അവര്‍ വെളിപ്പെടുത്തുകയുണ്ടായി. ഉത്തരേന്ത്യയിലെ പല റിക്രൂട്ട്‌മെന്റ് ഏജന്‍സികളും തൊഴിലിനു വേണ്ടി മുസ്‌ലിംകളെ, ഹിന്ദുക്കളെന്ന വ്യാജേനയാണ് പരിചയപ്പെടുത്തുന്നതെന്ന് കൊല്‍ക്കത്തയിലെ ഹൌസ്‌മെയ്ഡ് ഏജന്‍സി നടത്തിപ്പുകാരനായ ബറിന്‍ ഘോഷ് പറയുന്നു. വടക്കുകിഴക്കന്‍ മേഖലയില്‍ മുസ്‌ലിംകളെ തൊട്ടുകൂടാത്തവരായാണ് ഹിന്ദുക്കള്‍ കാണുന്നതെന്നാണ് മേഘാലയയിലെ നോര്‍ത്ത് ഈസ്‌റ്റേണ്‍ ഹില്‍ സര്‍വകലാശാലയിലെ ഫിലോസഫി പ്രഫസര്‍ പ്രശഞ്ജിത് ബിശ്വാസിന്റെ വിലയിരുത്തല്‍. മുസ്‌ലിം നാമത്തിലോ ചിഹ്നത്തിലോ സമൂഹത്തിലേക്കിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് അവിടുത്തെ ന്യൂനപക്ഷ സമൂഹത്തിന്.
സ്വകാര്യ സ്ഥാപനങ്ങളില്‍ മാത്രമല്ല, സര്‍ക്കാര്‍ തലത്തിലും നടക്കുന്നുണ്ട് മുസ്‌ലിം വിവേചനം. ലിസ്റ്റില്‍ 60 ശതമാനവും മുസ്‌ലിംകളായതിനാല്‍ ഡെപ്യൂട്ടി കലക്ടര്‍ തസ്തികയില്‍ നിന്നും 13 പേരെ സ്‌പെഷ്യല്‍ റൂളിന്റെ പേരില്‍ പി എസ് സി ഒഴിവാക്കിയത് മുസ്‌ലിം പാര്‍ട്ടിക്ക് ഭരണത്തില്‍ നിര്‍ണായക സ്വാധീനമുണ്ടെന്ന് പറയുന്ന കേരളത്തിലായിരുന്നു. ഹൈക്കോടതിയില്‍ ഇതിനിടെ ഏഴ് ജഡ്ജിമാരെ നിയമിച്ചപ്പോള്‍ അവരില്‍ ഒരു മുസ്‌ലിം ജഡ്ജി പോലും ഉള്‍പ്പെട്ടില്ല. 10 വര്‍ഷം തുടര്‍ച്ചയായി ഹൈക്കോടതിയില്‍ സേവനമനുഷ്ടിച്ച ആരെയും ജഡ്ജിയായി പരിഗണിക്കാമെന്നിരിക്കെ അഭിഭാഷക രംഗത്ത് പ്രാഗത്ഭ്യം തെൡിച്ച ഒരൊറ്റ മുസ്‌ലിമും എന്തു കൊണ്ട് ലിസ്റ്റില്‍ ഇടം നേടിയില്ല? അഭിഭാഷക മേഖലയില്‍ തന്നെ ചര്‍ച്ചയായതാണ് ഈ വിവേചനം. നിലവില്‍ ഹൈക്കോടതിയില്‍ യോഗ്യതയുളള നൂറോളം മുസ്‌ലിം അഭിഭാഷകര്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.
രാജ്യത്ത് നീതിനിഷേധത്തിന് ഏറ്റവും കൂടുതല്‍ ഇരയായ വിഭാഗമാണ് മുസ്‌ലിംകള്‍. പിന്നാക്ക വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഏര്‍പ്പെടുത്തിയ സംവരണ തത്വം മുസ്‌ലിംകളുടെ കാര്യത്തില്‍ പല വിധത്തിലും അട്ടിമറിക്കപ്പെടുകയായിരുന്നു. ചില സംസ്ഥാനങ്ങളില്‍ മുസ്‌ലിംകളുടെ അവസ്ഥ പട്ടികജാതി- പട്ടികവര്‍ഗ ക്കാരേക്കാള്‍ മോശമാണെന്ന് സച്ചാര്‍ സമിതി കണ്ടെത്തിയതാണ്. ഐ എ എസില്‍ മൂന്ന് ശതമാനവും ഐ എഫ് എസില്‍ 1.8 ശതമാനവും ഐ പി എസില്‍ നാല് ശതമാനവുമാണ് മുസ്‌ലിം പ്രാതിനിധ്യം. 4.5 ശതമാനമാണ് ഇന്ത്യന്‍ റെയില്‍വേയിലേത്. അവരില്‍ തന്നെ 98.7 ശതമാനവും താഴേക്കിട തസ്തികകളിലുമാണ്. പോലീസ് കോണ്‍സ്റ്റബിള്‍മാരിലെ അംഗസംഖ്യ ആറ് ശതമാനം മാത്രം. ആരോഗ്യ രംഗത്ത് 4.4 ശതമാനവും ഗതാഗത മേഖലയില്‍ 6.5 ശതമാനവുമാണ്. സര്‍വകലാശാലകളിലും മുസ്‌ലിം പ്രാതിനിധ്യ സ്ഥിതി വ്യത്യസ്തമല്ല. മുസ്‌ലിം സമൂദായത്തില്‍ അര്‍ഹര്‍ ഇല്ലാത്തത് കൊണ്ടാണ് ഇതെന്ന വാദം വസ്തുതാവിരുദ്ധമാണ്. ഉന്നത തലങ്ങളിലെ മുസ്‌ലിം വിവേചനവും അവഗണനയുമാണ് സമുദായത്തിന്റെ ഈ ദുരവസ്ഥക്ക് കാരണം. വി പി സിംഗ്, അര്‍ജുന്‍സിംഗ് തുടങ്ങി അപൂര്‍വം ചിലരെ ഒഴിച്ചു നിര്‍ത്തിയാല്‍ ഭരണരംഗം കൈയാളുന്നവര്‍ പൊതുവെ ഈ സമൂദായത്തെ എല്ലാ രംഗങ്ങളിലും അകറ്റി നിര്‍ത്തുന്ന സമീപനമാണ് കാണിച്ചത്.