അനൂപ് ജേക്കബിനെതിരെ വിജിലന്‍സ് അന്വേഷണമില്ല: ചെന്നിത്തല

Posted on: May 22, 2015 10:35 pm | Last updated: May 23, 2015 at 12:36 am

കൊച്ചി: ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബിനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് രമേശ് ചെന്നിത്തല. മന്ത്രിക്കെതിരെ ക്വിക് വെരിഫിക്കേഷന്‍ ഇല്ല. വാര്‍ത്ത വന്നയുടന്‍ വിജിലന്‍സ് ഡയറക്ടറുമായി ഇക്കാര്യം സംസാരിച്ചു. ജില്ലാ കണ്‍സ്യൂമര്‍ റിട്രസ്സല്‍ ഫോറത്തിലെ നിയമനങ്ങള്‍ സംബന്ധിച്ച അന്വേഷണം മാത്രമാണ് നടക്കുന്നതെന്നും ചെന്നിത്തല കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മാധ്യമങ്ങള്‍ക്ക് തെറ്റായ വിവരങ്ങള്‍ കിട്ടിയ അടിസ്ഥാനത്തിലാകാം അത്തരമൊരു വാര്‍ത്ത വന്നത്. മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് നിലവില്‍ ഒരു അന്വേഷണം നടക്കുന്നുണ്ട്. എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തി പുതിയൊരു അന്വേഷണം ഇപ്പോള്‍ ആലോചിക്കുന്നില്ല. ബന്ധപ്പെട്ട ഫയലുകള്‍ എല്ലാം പരിശോധിച്ച ശേഷമേ ഇക്കാര്യത്തില്‍ തന്റെ നിലപാട് പറയാന്‍ കഴിയൂ. ഇപ്പോള്‍ നടക്കുന്ന സി ബി ഐ അന്വേഷണത്തില്‍ സംസ്ഥാന ആഭ്യന്തര വകുപ്പിന് ഒരു റോളും ഇല്ല. സി ബി ഐ ഏത് രീതിയില്‍ അന്വേഷിക്കണമെന്ന് പറയാന്‍ ആഭ്യന്തര വകുപ്പിന് കഴിയില്ല. വിശദമായ ഒരു പുനരന്വേഷണ ആവശ്യം വന്നാല്‍ അപ്പോള്‍ പരിശോധിക്കാമെന്നും ചെന്നിത്തല പറഞ്ഞു.