കോണ്‍ഗ്രസ് അനുഭാവികള്‍ക്ക് പുതിയ സംഘടന വരുന്നു

Posted on: May 22, 2015 6:55 pm | Last updated: May 22, 2015 at 7:01 pm

congress

>>യുഎഇ സര്‍ക്കാറിന്റെ പ്രവര്‍ത്തനാനുമതി ലഭിച്ച ശേഷമായിരിക്കും പ്രഖ്യാപനം

ഷാര്‍ജ: യു എ ഇയില്‍ പുതിയ കോണ്‍ഗ്രസ് കൂട്ടായ്മയുടെ ഔദ്യോഗിക പ്രഖ്യാപനം താമസിയാതെ ഉണ്ടാകുമെന്ന് സൂചന. യുഎഇയിലെ പ്രവാസികള്‍ക്കിടയില്‍ പ്രവര്‍ത്തനം ശക്തമാക്കുവാന്‍ കൂട്ടായ്മ വേണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഐകകണ്‌ഠ്യേനയുള്ള അഭിപ്രായമായിരുന്നു. നേരത്തെ ഒ ഐ സി സി എന്ന പേരില്‍ സംഘടനയുണ്ടായിരുന്നെങ്കിലും പിരിച്ചുവിടപ്പെട്ടു. യുഎഇ സര്‍ക്കാറിന്റെ പ്രവര്‍ത്തനാനുമതി ലഭിച്ച ശേഷമായിരിക്കും പ്രഖ്യാപനം. ആദ്യഘട്ട ചര്‍ച്ച കെ പി സി സി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ പൂര്‍ത്തിയായി. ഇവര്‍ ഓരോ എമിറേറ്റില്‍ നിന്നുമുള്ള പാനലുകള്‍ സ്വീകരിച്ചിട്ടുണ്ട്. അന്തിമ തീരുമാനം കെ പി സി സിയുടേതായിരിക്കും.
യു എ ഇയിലെ പ്രവാസികള്‍ക്കിടയില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം വിപുലീകരിക്കണമെങ്കില്‍ പുതിയ സാംസ്‌കാരിക വേദി വേണമെന്ന് പൊതു അഭിപ്രായമുയര്‍ന്നു. കെപിസിസിയുടെ മേല്‍നോട്ടത്തില്‍ യുഎഇ സര്‍ക്കാറിന്റെ അനുമതിയോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പോഷക സംഘടനയെ സംബന്ധിച്ച ആദ്യഘട്ട ചര്‍ച്ച രണ്ടു ദിവസം മുമ്പ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടന്നിരുന്നു. കെപിസിസി പ്രതിനിധികളായ എം എം ഹസന്‍, അഡ്വക്കറ്റ് പി എം സുരേഷ് ബാബു, മാന്നാര്‍ അബ്ദുലത്വീഫ്, എന്‍ സുബ്രഹ്മണ്യന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ യുഎഇയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കെടുത്തു.
വ്യത്യസ്ത തലത്തില്‍ നില്‍ക്കുന്ന കോണ്‍ഗ്രസ് കൂട്ടായ്മകളെ ഏകോപിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ നീക്കമെന്നറിയുന്നു. സിഡിഎയുടെ നിയന്ത്രണത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പോഷക സംഘടനയായിരുന്ന ഒ ഐ സി സി തങ്ങളുടെ പ്രവര്‍ത്തങ്ങള്‍ മരവിപ്പിച്ചിരുന്നു. ഇത് അണികള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ക്കും പാര്‍ട്ടിയുടെ സ്വാധീനം കുറയാന്‍ കാരണമാവുമെന്ന ആക്ഷേപവും പരക്കെ ഉയര്‍ന്നി രുന്നു.
ഈ ഘട്ടത്തിലാണ് സര്‍ക്കാര്‍ അനുമതിയോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പോഷക സംഘടനക്ക് കെപിസിസി നേരിട്ട് നേതൃത്വം നല്‍കാന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ഇന്നലെ നടന്ന പ്രഥമഘട്ട ചര്‍ച്ചയുടെ തുടര്‍ച്ച ഉടനെയുണ്ടാവുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതിനിടയില്‍ ആസന്നമായ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി നില്‍ക്കാന്‍ തീരുമാനിച്ചു.