പാരമ്പര്യത്തില്‍ വേരാഴ്ത്തി വെളിച്ചത്തിലേക്ക് വളര്‍ന്നവര്‍

Posted on: May 22, 2015 5:37 pm | Last updated: May 22, 2015 at 5:39 pm

സമീപകാല ചരിത്രത്തില്‍ മുസ്‌ലിം സമുദായം നേടിയെടുത്ത പ്രധാനപ്പെട്ട മുന്നേറ്റം വിദ്യാഭ്യാസ മേഖലയിലാണുണ്ടായത്. ഒരുകാലത്ത് അരികുവത്കരിക്കപ്പെട്ട സമുദായം, വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ നടത്തിയത് മറ്റൊരു സമുദായത്തിനും അവകാശപ്പെടാനാവാത്ത നേട്ടമാണെന്നു തന്നെ പറയാം. അടിസ്ഥാന വിദ്യാഭ്യാസ രംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തും മുസ്‌ലിം വിദ്യാര്‍ഥികളുടെ നേട്ടങ്ങള്‍ ശ്ലാഘനീയമാണ്.

madeenathunnur

കേരളത്തിലെ മുസ്‌ലിം സമുദായത്തിലുണ്ടായ മാറ്റങ്ങള്‍ സാമൂഹിക പഠനം ആവശ്യപ്പെടുന്ന ഒന്നാണ്. ആഗോളവത്കരണവും ആധുനികതയും മറ്റേതൊരു സമൂഹത്തെയും മാറ്റിയെടുത്തത് പോലെ മുസ്‌ലിംകള്‍ക്കിടയിലും ചലനങ്ങള്‍ സൃഷ്ടിക്കുകയുണ്ടായി. അതേസമയം, സമ്പന്നമായ ചരിത്ര പാരമ്പര്യമുള്ള മുസ്‌ലിംകള്‍ തങ്ങളുടെ ജീവിത നിലവാരത്തിലും മനോഭാവത്തിലും കൊണ്ടുവന്ന പ്രകടമായ മാറ്റങ്ങള്‍ സ്വതസിദ്ധവും വ്യത്യസ്തവുമാണെന്നത് പ്രത്യാശ നല്‍കുന്നു.
കഴിഞ്ഞ രണ്ട് ശതാബ്ദങ്ങളായി മലബാറില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്കുണ്ടായ കുടിയേറ്റം കേരളത്തിലെ മുസ്‌ലിം ജീവിതത്തെ മാറ്റിയെടുത്തതില്‍ വഹിച്ച പങ്ക് ചെറുതല്ല. സാമ്പത്തികമായി ഭദ്രത നേടുന്ന മുസ്‌ലിം കുടുംബങ്ങള്‍ പിറവിയെടുത്തതും ജീവിത ശൈലിയിലുണ്ടായ മാറ്റങ്ങളും ഗള്‍ഫ് കുടിയേറ്റത്തിലൂടെ ഉണ്ടായ സാമ്പത്തിക ചലനങ്ങളായിരുന്നു. തല്‍ഫലമായി, പട്ടിണിയും മറ്റ് ബുദ്ധിമുട്ടുകളുമില്ലാത്ത, കൂടുതല്‍ സുഖകരമായ ജീവിതം കെട്ടിപ്പടുക്കാന്‍ മുസ്‌ലിംകള്‍ക്ക് സാധിച്ചു. സാംസ്‌കാരിക വെല്ലുവിളികള്‍ പലതും സൃഷ്ടിച്ചെങ്കിലും, മാപ്പിളമാരുടെ സാമ്പത്തിക മുന്നേറ്റം സ്വന്തം കാലില്‍ നില്‍ക്കാന്‍ അവരെ പഠിപ്പിക്കുകയുണ്ടായി. തൊഴില്‍, വിദ്യാഭ്യാസം, കുടുംബ ജീവിതം, സാമൂഹിക ഇടപെടലുകള്‍, ആരാധനാലയങ്ങള്‍, യാത്രകള്‍ തുടങ്ങി വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും മുന്നേറ്റമുണ്ടായതും ഗള്‍ഫ് കുടിയേറ്റ ഫലമായിട്ടായിരുന്നു.

സമീപകാല ചരിത്രത്തില്‍ മുസ്‌ലിം സമുദായം നേടിയെടുത്ത പ്രധാനപ്പെട്ട മുന്നേറ്റം വിദ്യാഭ്യാസ മേഖലയിലാണുണ്ടായത്. ഒരുകാലത്ത് അരികുവത്കരിക്കപ്പെട്ട സമുദായം, വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ നടത്തിയത് മറ്റൊരു സമുദായത്തിനും അവകാശപ്പെടാനാവാത്ത നേട്ടമാണെന്നു തന്നെ പറയാം. അടിസ്ഥാന വിദ്യാഭ്യാസ രംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തും മുസ്‌ലിം വിദ്യാര്‍ഥികളുടെ നേട്ടങ്ങള്‍ ശ്ലാഘനീയമാണ്. മതവിദ്യാഭ്യാസ രംഗത്ത് മദ്‌റസാ പ്രസ്ഥാനം വലിയ സേവനങ്ങളാണ് ചെയ്തിട്ടുള്ളത്. ഇവിടുത്തെ മദ്‌റസകള്‍ മുസ്‌ലിം സമുദായത്തിന് നല്‍കിയ സംഭാവനകള്‍ ചരിത്രമാണ്. പള്ളിദര്‍സുകള്‍, ശരീഅത്ത്-ദഅ്‌വ കോളജുകള്‍ എന്നിവയിലൂടെയും സമുദായത്തിന്റെ മത-ഭൗതിക വിദ്യാഭ്യാസ നിലവാരം ദ്രുതഗതിയില്‍ വളരുകയുണ്ടായി. സുന്നി പ്രസ്ഥാനങ്ങളുടെ കീഴില്‍ നടന്നുവരുന്ന വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ താഴേ തട്ടിലുള്ള സാധാരണക്കാരുടെ മക്കളുടെ വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കുകയുണ്ടായി. തല്‍ഫലമായി, സാമ്പത്തിക പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏതറ്റം വരെയും വളരാനുള്ള സാഹചര്യമൊരുങ്ങി. അങ്ങനെയാണ് സാധാരണക്കാരുടെ മക്കളും വിവിധ യൂനിവേഴ്‌സിറ്റികളിലും പ്രൊഫഷണല്‍ സ്ഥാപനങ്ങളിലും ഉന്നത കോഴ്‌സുകളില്‍ പ്രവേശനം നേടിയതും മെച്ചപ്പെട്ട തസ്തികകളില്‍ ജോലി തരപ്പെടുത്തിയതും. മതബോധമുള്ള ഭൗതിക വിദ്യാര്‍ഥികള്‍ സമുദായത്തിന്റെ വിദ്യാഭ്യാസ-സാംസ്‌കാരിക ചരിത്രത്തില്‍ ഇടംനേടുകയും മതപണ്ഡിതന്മാര്‍ വിദ്യാര്‍ഥികളെ ധാര്‍മിക പാതയില്‍ കൃത്യമായി വഴിനടത്തുകയും ചെയ്തതോടെ, മുന്‍പില്ലാത്ത വിധം നല്ല ഫലങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചു. ഈ നേട്ടങ്ങള്‍ക്കെല്ലാം ബീജാവാപം നല്‍കിയത് കേരളത്തിലും മറുനാട്ടിലും ഉയര്‍ന്നുനില്‍ക്കുന്ന സുന്നി വിദ്യാഭ്യാസ സ്ഥാപനങ്ങളും സംഘടനാ നേതൃത്വവുമാണ്.

വിദ്യാഭ്യാസ രംഗത്തുണ്ടായ ഈ വളര്‍ച്ച സാംസ്‌കാരിക രംഗത്തും മുന്നേറ്റമുണ്ടാക്കി. ഒരു ബഹുസ്വര സമൂഹത്തില്‍, ഇതര മതസ്ഥരോടും സമൂഹങ്ങളോടും സൗഹാര്‍ദത്തോടെയും സഹവര്‍ത്തിത്വത്തോടെയും ഇടപഴകാനും സന്തോഷങ്ങള്‍ പങ്കിടാനും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. കേരള മുസ്‌ലിം ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്ന്, മുസ്‌ലിംകള്‍ കാത്തുസൂക്ഷിച്ച ഈ സൗഹാര്‍ദം തന്നെയായിരുന്നു. പൊതുസമൂഹം ഇസ്‌ലാമിലേക്ക് ആകൃഷ്ടരായതും ഇതുവഴി തന്നെയായിരുന്നു. മാപ്പിളമാര്‍ കാണിച്ച സത്യസന്ധതയും പരിശുദ്ധമായ ജീവിതവുമായിരുന്നു സാംസ്‌കാരിക അടയാളങ്ങളായി ചരിത്രത്തില്‍ പ്രോജ്ജ്വലിച്ചു നിന്നത്. എന്നാല്‍ സാമ്പത്തിക മുന്നേറ്റത്തോടൊപ്പം മുസ്‌ലിം സമുദായത്തില്‍ വളര്‍ന്ന സാംസ്‌കാരികാപചയം, സ്വന്തം മതില്‍ക്കെട്ടുകളില്‍ ജീവിക്കാന്‍ മുസ്‌ലിം കുടുംബങ്ങളെ പ്രേരിപ്പിക്കുകയുണ്ടായി. മുസ്‌ലിം സമൂഹത്തില്‍ നവോത്ഥാന മുന്നേറ്റങ്ങള്‍ സാധ്യമാക്കിയ സുന്നി സംഘടനാ സംവിധാനങ്ങളും പ്രവര്‍ത്തനങ്ങളും ഈ മതില്‍ക്കെട്ടുകളാണ് പൊളിച്ചത്. ഫാസിസ്റ്റ് മനോഭാവങ്ങള്‍ വളര്‍ത്തിയെടുത്ത വര്‍ഗീയ ധ്രുവീകരണത്തെ ശക്തമായി പ്രതിരോധിക്കാനും മുസ്‌ലിം സമുദായം കാത്തുസൂക്ഷിച്ച സൗഹാര്‍ദാന്തരീക്ഷത്തില്‍ സാധിക്കുകയുണ്ടായി. ആളുകള്‍ പരസ്പരം അകലുന്നതും വര്‍ഗീയ പ്രവണതകള്‍ വളര്‍ന്നുവരുന്നതും നാടിന് ആപത്താണെന്ന് മനസ്സിലാക്കിയാണ് മുസ്‌ലിം പണ്ഡിതന്മാര്‍ മുസ്‌ലിംകളെ ബഹുസ്വരമായും മതേതരമായും വഴിനടത്തിയത്. തല്‍ഫലമായി ഇന്ത്യന്‍ ഭരണഘടന അനുസരിക്കുന്ന ദേശക്കൂറുള്ള ഇന്ത്യക്കാരായി മുസ്‌ലിംകള്‍ നിത്യജീവിതം ക്രമീകരിച്ചു. സാംസ്‌കാരിക സ്വത്വം കൈവിടാതെ, പൊതുനന്മ ലക്ഷ്യംവെച്ച് മുസ്‌ലിം സംഘടനകള്‍ നടത്തിയ മുന്നേറ്റവും ഏറെ പ്രശംസനീയമാണ്.
തൊഴില്‍, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി കേരള മുസ്‌ലിംകള്‍ പുറംലോകത്തേക്ക് നടത്തിയ യാത്രകള്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. മുസ്‌ലിംകളുടെ ചിന്താലോകം പരുവപ്പെടുത്തിയതിലും പുരോഗമനാത്മകമായ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിച്ചതിലും ഈ യാത്രകള്‍ക്ക് വലിയ പങ്കുണ്ട്. കേരളത്തിന്റെ ഇത്തിരി വട്ടത്ത് നിന്ന് ദേശീയ, അന്തര്‍ദേശീയ രംഗത്തേക്ക് മുസ്‌ലിം നേതൃത്വം കടന്നുവരുന്നതും ദേശീയതലത്തില്‍ പണ്ഡിത സംഘടനകള്‍ പിറവിയെടുക്കുന്നതും അങ്ങനെയാണ്. സുന്നി ആശയാദര്‍ശങ്ങള്‍ പിന്തുടരുന്ന പണ്ഡിതന്മാര്‍ ദേശീയ തലത്തില്‍ ഐക്യപ്പെടുകയും നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന ദുരിതാശ്വാസ, സാമൂഹിക സേവനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കേരളത്തില്‍ നിന്നുള്ള സംഘടനാ നേതൃത്വമാണ്. ഗള്‍ഫ് നാടുകളിലും തുല്യതയില്ലാത്ത പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

അന്താരാഷ്ട്ര രംഗത്ത്, സമാധാനം ഇഷ്ടപ്പെടുകയും യഥാര്‍ഥ ഇസ്‌ലാമിക സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യുന്ന പണ്ഡിതന്മാരുടെ കൂട്ടായ്മയും അടുത്തിടെ രൂപപ്പെട്ടിട്ടുണ്ട്. തല്‍ഫലമായി, സാമൂഹിക പരിസരങ്ങളിലും അക്കാദമിക ഇടങ്ങളിലും മുസ്‌ലിംകള്‍ നിരവധി മുന്നേറ്റങ്ങള്‍ നടത്തിയിട്ടുണ്ട്. മുസ്‌ലിം വിഷയങ്ങളില്‍ നടക്കുന്ന അക്കാദമിക പഠനങ്ങളും ഗവേഷണങ്ങളും ആവേശകരമായ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നത്.

ചുരുക്കത്തില്‍, വിവിധ മേഖലകളില്‍ മുസ്‌ലിം സമുദായം നേടിയെടുത്ത നേട്ടങ്ങള്‍ ദീര്‍ഘ വീക്ഷണത്തോടെ, സമുദായത്തിന്റെ ഭാവിക്കു വേണ്ടി വിനിയോഗിക്കാന്‍ മുസ്‌ലിംകള്‍ ശ്രദ്ധിക്കണം. നിരവധി വെല്ലുവിളികള്‍ നിലനില്‍ക്കുമ്പോഴും പ്രതീക്ഷയോടെ മുന്നേറാനുള്ള മൂലധനമായി സമുദായത്തിന്റെ നേട്ടങ്ങള്‍ മാറേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ ഉണര്‍ന്നിരിക്കുന്ന ഒരു സമുദായവും കൂടുതല്‍ നേട്ടങ്ങള്‍ കൈവരിച്ച് ഭാവി സുരക്ഷിതമാക്കുന്ന ഒരു സമൂഹവും ഇവിടെ ഉയര്‍ന്നു വരികയുള്ളൂ.