Eranakulam
കാംകോയില്‍ സതീഷ്‌കുമാറിനെ എം ഡിയാക്കാന്‍ നീക്കം

കൊച്ചി: സംസ്ഥാന കൃഷി വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ അത്താണി കാംകോയില്‍ ചെയര്‍മാന് വേണ്ടി പണം പിരിക്കുന്ന ജീവനക്കാരനെ മാനേജിംഗ് ഡയറക്ടറാക്കാന്‍ വേണ്ടി നിലവിലുള്ള എം ഡിയെ മാറ്റുന്നു. മന്ത്രിസഭയുടെ അംഗീകാരമില്ലാതെ വകുപ്പ് മന്ത്രിയും ചെയര്‍മാനും ചേര്‍ന്ന് നിലവില്‍ കാംകോയില്‍ ഡി ജി എം ആയ സതീഷ്‌കുമാറിനെയാണ് എം ഡിയാക്കാന്‍ നീക്കം നടക്കുന്നത്. ഇത് സംബന്ധിച്ച വകുപ്പ് മന്ത്രിയുടെ ഉത്തരവ് ഇന്നോ നാളെയോ ഉണ്ടാകുമെന്നാണറിയുന്നത്.
സംസ്ഥാനത്തെ പ്രധാന പൊതു മേഖലാ സ്ഥാപനമായ കേരള അഗ്രിക്കല്‍ച്ചറല്‍ മെഷീന്‍ കമ്പനി(കാംകോ)യുടെ എം ഡിയെ നിയമിക്കുന്നത് മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ്. എന്നാല്‍ കമ്പനി ചെയര്‍മാന്‍ പ്രത്യേക താത്പര്യമെടുത്താണ് നിലവിലെ എം ഡിയെ മാറ്റി അഴിമതിക്കാരനായ സതീഷ്‌കുമാറിനെ നിയമിക്കാന്‍ ശ്രമിക്കുന്നത്.ഇയാള്‍ക്കെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ നിലവിലുണ്ട്. യന്ത്ര വിതരണക്കാരും ഡീലര്‍മാരുമായുള്ള ഒത്തുകളിയിലൂടെയും മറ്റും കമ്പനിക്ക് ലക്ഷങ്ങളുടെ നഷ്ടവും ബാധ്യതയും വരുത്തിവെച്ചിട്ടുള്ള ഇദ്ദേഹം, ജീവനക്കാരില്‍ നിന്നും വ്യാപകമായി പണപ്പിരിവ് നടത്തുന്നതായി ആരോപണമുണ്ട്. അനര്‍ഹമായി പലര്‍ക്കും സ്ഥാനക്കയറ്റവും സ്ഥലം മാറ്റവും പണം സ്വീകരിച്ച് നല്‍കുന്നതായി ജീവനക്കാര്‍ക്കിടയില്‍ ആക്ഷേപമുണ്ട്. ചെയര്‍മാന് വേണ്ടിയും ഇയാള്‍ പണപ്പിരിവ് നടത്തുന്നതായി ആരോപണമുണ്ട്. .പാര്‍ട്ടി ഫണ്ടിലേക്ക് വന്‍ തുക വാഗ്ദാനം നല്‍കിയാണ് ഇയാള്‍ എം ഡി സ്ഥാനം ഉറപ്പിച്ചിട്ടുള്ളതെന്നാണ് ആരോപണം.