Connect with us

Kerala

200 കോടിയുടെ അഴിമതിയെന്ന് സി എ ജി

Published

|

Last Updated

പാലക്കാട്; യു ഡി എഫ് ഭരണകാലത്ത് മലബാര്‍ സിമന്റ്‌സില്‍ 200 കോടിയുടെ അഴിമതി നടന്നതായി സി എ ജി റിപ്പോര്‍ട്ട്. 2010 മുതല്‍ നാല് വര്‍ഷക്കാലം കൊണ്ടാണ് ഇത്രയും നഷ്ടമുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വകാര്യ കമ്പനികളുമായുണ്ടാക്കിയ വിവിധ കരാറുകളാണ് നഷ്ടത്തിനിടയാക്കിയത്. നഷ്ടം വരുത്തുന്ന കരാറുകള്‍ക്ക് പിന്നില്‍ മാനേജ്‌മെന്റിന്റെ സ്വാര്‍ഥ താത് പര്യം മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. അഴിമതി അന്വേഷണം നേരിടുമ്പോഴും മലബാര്‍ സിമന്റ്‌സില്‍ അഴിമതി തുടരുന്നുവെന്നു തെളിയിക്കുന്നതാണ് സി എ ജി റിപ്പോര്‍ട്ട്. സ്വകാര്യ കമ്പനികളില്‍ നിന്ന് ഗുണനിലവാരമില്ലാത്ത കല്‍ക്കരി വാങ്ങിയതില്‍ മാത്രം മൂന്ന് വര്‍ഷം കൊണ്ടുണ്ടായത് 26 കോടിയുടെ നഷ്ടമാണ്. െ്രെഡ ആഷും ക്ലിങ്കറും വാങ്ങിയതില്‍ 1.25 കോടിയുടെ നഷ്ടവും സ്വകാര്യ കമ്പനികളുടെ മറ്റു കരാറുകള്‍ വഴി 18 കോടിയുടെയും നഷ്ടമുണ്ടായി. നിയമപ്രകാരം ഈ നഷ്ടം കരാര്‍ കമ്പനിയില്‍ നിന്ന് ഈടാക്കാമായിരുന്നെങ്കിലും മാനേജ്‌മെന്റ് നടപടിയെടുക്കാതിരിക്കുക മാത്രമല്ല ഇതേ കമ്പനികള്‍ക്ക് വീണ്ടും അതേ കരാര്‍ നല്‍കിയതായും ഇതില്‍ വന്‍ അഴിമതിയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചേര്‍ത്തലയിലെ പൂട്ടിപ്പോയ ഫാക്ടറിക്കായി ചെലവാക്കിയതിലും നികുതി അടക്കുന്നതിലുള്ള മനപ്പൂര്‍വമുള്ള കാലതാമസവും 23 കോടിയുടെ നഷ്ടമാണുണ്ടാക്കിയത്. ഭക്ഷണ കൂപ്പണും തൊഴിലാളികളുടെ പി എഫും തുടങ്ങി വാഹന കരാറില്‍ വരെ ക്രമക്കേടും കണ്ടെത്തിയിട്ടുണ്ട്. ഇതിനെല്ലാം എം ഡിയുള്‍പ്പെടെയുള്ളവര്‍ക്ക് രൂക്ഷമായി വിമര്‍ശമനമുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പരസ്യം നല്‍കരുതെന്ന നിയമം ലംഘിച്ച് ഇടതു അനുകൂല സംഘടനകള്‍ക്ക് ഒമ്പതു ലക്ഷത്തിന്റെ പരസ്യം നല്‍കിയതായും കണ്ടെത്തി. ഇതോടെ അഴിമതിക്കൊപ്പം മാനേജ്‌മെന്റിന്റെ രാഷ്ട്രീയബന്ധത്തിലേക്കും സി എജി റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുകയാണ്.
ഇതിനിടെ മലബാര്‍ സിമന്റ്‌സിലെ അഴിമതി കേസുകള്‍ സിബി ഐക്ക് വിടാനുള്ള ആഭ്യന്തര വകുപ്പിന്റെയും വിജിലന്‍സിന്റെയും തീരുമാനം ഉന്നത ഇടപെടലിലെ തുടര്‍ന്ന് അട്ടിമറിക്കപ്പെട്ടതായും ആരോപണമുയര്‍ന്നിട്ടുണ്ട്. കേസുകള്‍ സി ബി ഐക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് ആഭ്യന്തരമന്ത്രി ആയിരിക്കെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഫയലില്‍ കുറിപ്പ് എഴുതുകയും വിജിലന്‍സ് ഡയറക്ടര്‍ സി ബി ഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്യുകയുമായിരുന്നു. എന്നാല്‍, ഈ ഫയലുകള്‍ പൂഴ്ത്തി ഹൈക്കോടതിയില്‍ സിബി ഐ അന്വേഷണത്തെ എതിര്‍ത്ത് തീരുമാനം അട്ടിമറിക്കുകയായിരുന്നു. സി ബി ഐ അന്വേഷണം ആവശ്യമില്ലെന്നാണ്് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. കുറ്റപത്രം നല്‍കിയ കേസുകളടക്കം സി ബി ഐക്ക് വിടാമെന്ന വിജിലന്‍സ് ഡയറക്ടറുടെ ശിപാര്‍ശ പോലും ചെവിക്കൊള്ളാതെയാണ് സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചത.്
പ്രമുഖ വ്യവസായി വി എം രാധാകൃഷ്ണന്‍ പ്രതിയായ മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസുകളില്‍ പ്രധാന സാക്ഷിയായ ശശീന്ദ്രനും മക്കളായ വിവേക്, വ്യാസ് എന്നിവരും 2011 ജനുവരി 24ന് ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞിരുന്നു. ഇതടക്കമുള്ള കേസുകള്‍ സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യമാണ് സര്‍ക്കാര്‍ അട്ടിമറിച്ചത്. ഇതിന് പിന്നില്‍ യു ഡി എഫിലെ ഘടകകക്ഷിയാണെന്നും അന്വേഷണം വന്നാല്‍ മന്ത്രിമാരടക്കമുള്ളവര്‍ കേസില്‍ പ്രതിചേര്‍ക്കപ്പെടുമെന്നുമുള്ള ഭയമാണ് ഇതിന് പിന്നിലെന്ന് പറയപ്പെടുന്നു.
മുന്‍മന്ത്രി എളമരം കരീമിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ മലബാര്‍ സിമന്റ്‌സ് അഴിമതി സി ബി ഐയുടെ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരനും കഴിഞ്ഞ ദിവസം ആവശ്യമുന്നയിച്ചിരുന്നു. മലബാര്‍ സിമന്റ്‌സില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങള്‍ യു ഡി എഫിനെ പോലെ എല്‍ ഡി എഫിനെയും ബി ജെ പിയെയും ഒരു പോലെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

---- facebook comment plugin here -----

Latest