Connect with us

Editorial

പരസ്യങ്ങള്‍ക്ക് നികുതിപ്പണം

Published

|

Last Updated

സര്‍ക്കാര്‍ പരസ്യത്തെക്കുറിച്ച കോടതി വിധി പലര്‍ക്കും രുചിച്ചിട്ടില്ല. രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരുടെ ചിത്രങ്ങള്‍ മാത്രമേ സര്‍ക്കാര്‍ പരസ്യങ്ങളില്‍ വെക്കാവൂ എന്നും മുഖ്യമന്ത്രിമാരുടെയോ മന്ത്രിമാരുടെയോ ചിത്രങ്ങള്‍ അരുതെന്നുമുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നീരസം പ്രകടിപ്പിക്കുക മാത്രമല്ല, അതിനെതിരേ അപ്പീല്‍ നല്‍കാനുള്ള തയാറെടുപ്പിലുമാണ് അദ്ദേഹം. പ്രശ്‌നം എ ജിയുടെ നിയമോപദേശത്തിനു വിട്ടിരിക്കയാണ് സംസ്ഥാന സര്‍ക്കാര്‍. എ ജിയില്‍ നിന്ന് അനുകൂല പ്രതികരണം ലഭിച്ചാല്‍ അപ്പീല്‍ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിക്കുകയുണ്ടായി.
രാഷ്ട്രീയ നേതാക്കളുടെ പ്രശസ്തിക്കു വേണ്ടി സര്‍ക്കാര്‍ പരസ്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന പൊതുതാല്‍പര്യ ഹരജിയാണ് കോടതി വിധിക്കാധാരം. ജന്മദിനത്തിലും തിരഞ്ഞെടുപ്പുകാലത്തും സര്‍ക്കാറിന്റെ വാര്‍ഷിക ദിനങ്ങളിലും നേതാക്കളുടെ പരസ്യം വെച്ചു പരസ്യം നല്‍കാന്‍ ഖജനാവില്‍ നിന്നു കോകോടിക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. ഇത് പൊതുഫണ്ടിന്റെ ദുരുപയോഗമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് മാര്‍ഗരേഖ തയാറാക്കാനായി കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മൂന്നംഗ സമിതിയെ നിയമിച്ചു. നാഷനല്‍ ലോ സ്‌കൂള്‍ ഡയറക്ടറായിരുന്ന എന്‍ ആര്‍ മാധവ മേനോന്‍, ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറല്‍ ടി കെ വിശ്വനാഥന്‍, മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ എന്നിവരടങ്ങിയ സമിതിയുടെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയാണ് വിധി പ്രസ്താവിച്ചത്.
അധികാരത്തിലിരിക്കുന്ന നേതാക്കളെ മഹത്വവത്കരിക്കുന്ന സര്‍ക്കാര്‍ പരസ്യങ്ങള്‍ നിയന്ത്രിക്കണമെന്നും അത്തരം പരസ്യങ്ങളില്‍ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ ഒഴിവാക്കണമെന്നുമായിരുന്നു സമിതി ശിപാര്‍ശ. അനിവാര്യ ഘട്ടങ്ങളില്‍ മാത്രം രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍ എന്നിവരുടെ ചിത്രങ്ങള്‍ നല്‍കാമെന്നും സമതി അഭിപ്രായപ്പെട്ടു. കോടതി ഈ നിര്‍ദേശങ്ങള്‍ ഭാഗികമായാണ് അംഗീരിച്ചത്. ഗവര്‍ണര്‍മാരുടെയും മുഖ്യമന്ത്രിമാരുടെയും ചിത്രങ്ങള്‍ കോടതി ഒഴിവാക്കി. അതേ സമയം ചീഫ് ജസ്റ്റിസിന്റെ ചിത്രങ്ങള്‍ ആകാമെന്നും വിധിച്ചു. വിധി പൊതുവേ സ്വാഗതാര്‍ഹമാണെങ്കിലും ആരുടെയും ചിത്രങ്ങള്‍ വേണ്ടെന്ന് വെക്കുകയാരുന്നു ഉചിതം. വ്യക്തിത്വ ആരാധന വളര്‍ത്തിയെടുക്കുന്നതില്‍ ഫോട്ടോകള്‍ക്കുള്ള പങ്കും ഇതിനായി പൊതുസ്വത്ത് ദുര്‍വ്യയം ചെയ്യുന്നതിലെ അപാകവുമാണ് ഗവര്‍ണര്‍മാരുടെയും മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിന് കോടതി പറഞ്ഞ ന്യായം. ഇത് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ജീഫ് ജസ്റ്റിസിനും ബാധകമല്ലേ? പൊതുപണം ഉപയോഗിച്ചു ആളാകാന്‍ ആര്‍ക്കും അവസരം നല്‍കാതിരിക്കുകയാണ് വേണ്ടത്.
നേതാക്കള്‍ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിക്കേണ്ടത് ഫോട്ടോകളിലൂടെയല്ല, ജനസേവനത്തിലൂടെയും മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെയും ത്യാഗനിര്‍ഭരമായ ജീവിതത്തിലൂടെയുമാണ്. മഹാത്മാ ഗാന്ധിജിയും അംബേദ്കറും മൗലാനാ മുഹമ്മദലിയും മൗലാനാ ആസാദും ഇന്നും ജനഹൃദയങ്ങളില്‍ ജീവിച്ചിരിക്കുന്നുണ്ട്. അവരുടെ ത്യാഗോജ്വലമായ ജീവിതവും രാഷ്ട്രസേവനവുമാണ് ഇതിനവരെ അര്‍ഹരാക്കിയത്. സമകാലീന നേതാക്കള്‍ നല്ല ഭരണം കാഴ്ച വെച്ചും സേവന പ്രവര്‍ത്തനങ്ങളിലൂടെയുമാണ് അത് സാധ്യമാക്കേണ്ടത്. അല്ലാതെ നികുതിപ്പണം ദുര്‍വ്യയം ചെയ്തു പരസ്യങ്ങളിലൂടെ സ്വയം മഹത്വവത്കരിച്ചല്ല. അത് നിഷ്‌കളങ്കരായ ജനസേവകര്‍ക്ക് ചേര്‍ന്നതല്ല.
പരസ്യങ്ങളില്‍ നേതാക്കളുടെ ചിത്രങ്ങള്‍ വിലക്കുക മാത്രമല്ല, നികുതിപ്പണം ഉപയോഗിച്ചുള്ള ഇത്തരം പരസ്യങ്ങള്‍ തന്നെ നിരോധിക്കുകയാണ് വേണ്ടത്. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി വിനിയോഗിച്ചത് 38 കോടി രൂപയാണ്. രണ്ടാം യു പി എ സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തെ പരസ്യ പ്രചാരണങ്ങള്‍ക്ക് 630 കോടിയാണ് നീക്കിവെച്ചത്. ഭരണ നേട്ടങ്ങള്‍ പലതും പരസ്യങ്ങളില്‍ മാത്രം ഒതുങ്ങുന്നതുമാണ്. മന്‍മോഹന്‍സിംഗ് സര്‍ക്കാറും ഇപ്പോള്‍ മോദി സര്‍ക്കാറും കോര്‍പറേറ്റുകളുടെയും അതിസമ്പന്നരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നിയമനിര്‍മാണങ്ങളും നിയമഭേദഗതികളും കൊണ്ടുവന്നുവെന്നല്ലാതെ പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി എന്താണ് ചെയ്തത്? യു ഡി എഫ് സര്‍ക്കാറിനാണെങ്കില്‍ മന്ത്രിമാര്‍ക്കെതിരെ നിരന്തരം ഉയര്‍ന്നു വരുന്ന അഴിമതിയാരോപണങ്ങള്‍ പ്രതിരോധിക്കാന്‍ തന്നെ സമയമില്ല. എന്നിട്ടല്ലേ ഭരണം. ഇല്ലാത്ത നേട്ടങ്ങള്‍ അവകാശപ്പെടാനാണ് ഇവര്‍ പാവപ്പെട്ടവന്‍ നല്‍കുന്ന നികുതിപ്പണം ധൂര്‍ത്തടിക്കുന്നത്. സമ്പന്നന് ഒന്നും നഷ്ടപ്പെടാനില്ല. അവരുടെ നികുതികുടിശ്ശിക വര്‍ഷാവര്‍ഷം എഴുതിത്തള്ളി സര്‍ക്കര്‍ ഒഴിവാക്കിക്കൊടുക്കുന്നുണ്ടല്ലോ.

Latest