ഭരണ കര്‍ത്താക്കള്‍ അഴിമതിമുക്തരാകണം: സമസ്ത

Posted on: May 22, 2015 4:08 am | Last updated: May 22, 2015 at 12:09 am

samasthaകോഴിക്കോട്: സര്‍വ്വതലങ്ങളിലേക്കും വ്യാപിക്കുന്ന അഴിമതി രാജ്യത്തിന്റെ വികസനത്തെ മുരടിപ്പിക്കുമെന്നും പൊതു സമ്പത്ത് കൊള്ളയടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിവരണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ വ്യക്തമാക്കി.
കൊടിയ അഴിമതി നടത്തുന്നവര്‍ പലപ്പോഴും നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടുകയാണ്. നാടിന്റെ വികസനത്തെ അട്ടിമറിക്കുകയും പൊതു മുതല്‍ അപഹരിക്കുകയും ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കണം. ചില സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്നും സാധാരക്കാരാന് നീതി ലഭിക്കാത്ത അവസ്ഥ നിലനില്‍ക്കുന്നുണ്ട്.
രാജ്യത്തെ പല വന്‍കിട പദ്ധതികളും കോടികളുടെ അഴിമതികളില്‍ മുങ്ങി അന്തര്‍ ദേശിയ രംഗത്തുവരെ നാണക്കേടാവുന്നുണ്ട്. സാധാരണക്കാരന്റെ നികുതിപ്പണം കൊള്ളയടിക്കപ്പെടുന്നത് ഗൗരവതരമായി കാണാനും അടിയന്തിര പരിഹാരമാര്‍ഗങ്ങള്‍ക്കും സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും ഉദ്യോഗസ്ഥരും ഒരുമിച്ച് മുന്നിട്ടിറങ്ങണമെന്നും മുശാവറ അഭ്യര്‍ത്ഥിച്ചു.
സ്വന്തം രാജ്യത്ത് നിന്നും പലായനം ചെയ്ത് നടുക്കടലില്‍ കുടുങ്ങിക്കിടക്കുന്ന റോഹിംഗ്യ അഭയാര്‍ത്ഥികളെ സംരക്ഷിക്കാന്‍ സമൂഹ മനസാക്ഷി ഉയരണം. ഭക്ഷണം പോലൂം ലഭിക്കാതെ ദിവസങ്ങളായി ജീവച്ഛവങ്ങളായി കഴിയുന്ന അഭയാര്‍ത്ഥികളെ കരക്കെത്തിച്ച് സുരക്ഷിതരായി ജീവിക്കാന്‍ അവസരം സൃഷ്ടിക്കണമെന്നും മുശാവറ പറഞ്ഞു.
ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, അലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ, പൊന്മള അബ്ദുല്‍ ഖാദിര്‍മുസ്‌ലിയാര്‍, എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, ഹുസൈന്‍ മുസ്‌ലിയാര്‍ പടനിലം, പി ഹസന്‍ മുസ്‌ലിയാര്‍ വയനാട്, സയ്യിദ് ഹാമിദ് കോയ മാട്ടൂല്‍, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, പി വി മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, കെ പി മുഹമ്മദ് മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, ഡോ: ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, എം അബ്ദുറഹ്മാന്‍ ബാവ മുസ്‌ലിയാര്‍ കോടമ്പുഴ, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അബ്ബാസ് മുസ്‌ലിയാര്‍ കാസര്‍കോട്, പൊന്മള മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, അബ്ദുല്ല മുസ്‌ലിയാര്‍, പി ഹംസ മസ്‌ലിയാര്‍, വി പി എം ഫൈസി, അബൂഹനീഫല്‍ ഫൈസി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം സ്വാഗതവും നന്ദിയും പറഞ്ഞു