Gulf
സൗരോര്‍ജ മേഖലയില്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ വരുന്നു

ദുബൈ: രാജ്യത്തെ സൗരോര്‍ജ മേഖലയില്‍ അടുത്ത രണ്ടു വര്‍ഷങ്ങളില്‍ ആയിരിക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോര്‍ട്ട്. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ റിന്യൂവബ്ള്‍ എനര്‍ജി ഏജന്‍സി(ഇര്‍ന)യുടെ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ മേഖലയിലെ അഭ്യസ്തവിദ്യര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്ത ഉള്‍പ്പെട്ടിരിക്കുന്നത്. യു എ ഇയുടെ പ്രഖ്യാപിത നയമായ പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസനമാണ് സൗരോര്‍ജ മേഖലയില്‍ വന്‍തോതില്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാവാന്‍ ഇടയാക്കിയിരിക്കുന്നത്.
ലോക വ്യാപകമായി പുനരുല്‍പാദക ഊര്‍ജ രംഗത്ത് വന്‍ തൊഴിലവസരങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഫോസില്‍ ഇന്ധനങ്ങള്‍ അധികം വൈകാതെ അവസാനിക്കുമെന്ന തിരിച്ചറിവാണ് വികസിത രാജ്യങ്ങള്‍ ഉള്‍പെടെയുള്ളവയെ സൗരോര്‍ജം അടക്കമുള്ള പുതിയ ഇന്ധന ഉറവിടങ്ങൡലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നത്. 2013മായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ വര്‍ഷം 18 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ രംഗത്തെ തൊഴില്‍ മേഖലയില്‍ ആഗോളതലത്തില്‍ സംഭവിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് രാജ്യത്തും വന്‍ തോതില്‍ തൊഴില്‍ അവസരങ്ങള്‍ രൂപപ്പെടുകയെന്ന് യു എ ഇയില്‍ പ്രവര്‍ത്തിക്കുന്ന വ്യാവസായിക ഗ്രൂപ്പായ മിഡില്‍ ഈസ്റ്റ് സോളാര്‍ ഇന്‍ഡസ്ട്രി അസോസിയേഷന്‍(മിസിയ) വ്യക്തമാക്കി. വന്‍കിട പദ്ധതികളാണ് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന് മിസിയ സ്ഥാപക പ്രസിഡന്റ് വാഹിദ് ഫത്തൂഹി വ്യക്തമാക്കി.
ദുബൈ വിഭാവനം ചെയ്യുന്ന മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്കാവും തൊഴില്‍ നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുക. വ്യാവസായികമായി ഉണ്ടാവുന്ന സൗരോര്‍ജ പദ്ധതികള്‍ക്കൊപ്പം ചെറുകിട സ്ഥാപനങ്ങളും താമസ കേന്ദ്രങ്ങളും ഭാവിയില്‍ വന്‍തോതില്‍ സൗരോര്‍ജത്തെ ആശ്രമയിക്കുമെന്നത് ഈ രംഗത്ത് ്ടുത്ത കുറേ വര്‍ഷങ്ങളില്‍ വന്‍ തൊഴിലവസരങ്ങളാണ് രൂപപ്പെടുക. നിര്‍മാണം, എഞ്ചീനിയറിംഗ്, സംഭരണം, നടത്തിപ്പ്, സാമ്പത്തികം, വികസനം തുടങ്ങിയ മേഖലയിലാവും തസ്തികകള്‍ സൃഷ്ടിക്കപ്പെടുക.
ദിവയാണ് ശംസ് ദുബൈ പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ദിവ സൗരോര്‍ജം ഉപയോഗിക്കുന്നതിന് മാനദണ്ഡങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ദുബൈയില്‍ സൗരോര്‍ജ ഉപയോഗം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ദിവയുടെ നടപടി. ദിവയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുഹമ്മദ് ബിന്‍ റാശിദ് ഫോട്ടോവോള്‍ട്ടിക് പാര്‍ക്കിന്റെ ജോലികളില്‍ സഹകരിക്കുന്ന സൗദി കമ്പനിയായ അക്‌വയുടെ ചീഫ് എക്‌സിക്യൂട്ടീവായ പാടി പത്മനാഭന്റെ അഭിപ്രായത്തില്‍ ദിവയുടെ സൗരോര്‍ജ പദ്ധതികളിലൂടെ മാത്രം മൂന്നൂറില്‍ പരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.