International
ആണവ കരാര്‍: സൈനിക കേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ അനുവദിക്കില്ലെന്ന് ഇറാന്‍

ടെഹ്‌റാന്‍: അന്താരാഷ്ട്ര ആണവ നിരീക്ഷക സംഘത്തിന് ഇറാന്റെ സൈനിക കേന്ദ്രങ്ങളിലേക്ക് ഒരു കരാറനുസരിച്ചും പ്രവേശനം നല്‍കില്ലെന്ന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖംനാഇ. അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യന്‍ രാജ്യങ്ങളുമായി കരാറിലേര്‍പ്പെടുമ്പോള്‍ കൃത്യമായ നിഷ്‌കര്‍ഷകള്‍ മുന്നോട്ടുവെക്കുമെന്നും അദ്ദേഹം സൈനിക കമാന്‍ഡര്‍മാരെ ഓര്‍മപ്പെടുത്തി.
ഇറാനുമായി ആണവകരാറിലെത്തുന്നതിന്റെ ഭാഗമായി അമേരിക്ക, ചൈന, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളുമായി വിയന്നയില്‍ മറ്റൊരു ഘട്ട ചര്‍ച്ച ആരംഭിച്ച പശ്ചാത്തലത്തിലാണ് നിലപാട് വ്യക്തമാക്കി ഖംനാഇ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം നടന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇറാനും ലോക രാജ്യങ്ങളും ആണവകരാറിലെത്താന്‍ ധാരണയായിരുന്നു. അടുത്ത മാസം 30 ഓടെ അന്തിമ കരാറിലെത്താന്‍ സാധിക്കുമെന്നാണ് ഇരുവിഭാഗവും പ്രതീക്ഷിക്കുന്നത്. നേരത്തെ തയ്യാറാക്കിയ ആണവകരാര്‍ ചട്ടക്കൂടനുസരിച്ച്, സംശയം തോന്നുന്ന ഏത് സ്ഥലവും പരിശോധിക്കാന്‍ ഇറാന്‍ അനുമതി നല്‍കണമെന്ന് നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ അതിരുകടന്ന ഉപാധികള്‍ മുന്നോട്ടുവെക്കുകയാണെങ്കില്‍ ആണവകരാറില്‍ നിന്ന് പിന്മാറുമെന്ന് ഇറാന്‍ നേതൃത്വം നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആണവകരാര്‍ സംബന്ധിച്ച അവസാന സമയം അടുക്കുന്നതോടെ നേരത്തെയുള്ള നിലപാടുകളില്‍ നിന്ന് രാജ്യം പുറകോട്ടുപോകുന്നതായും ഇത് പരാജയമാണെന്നും വിവിധ കോണുകളില്‍ നിന്ന് വിമര്‍ശം ഉയര്‍ന്നിരുന്നു.