International
ഇറാഖിലെ ഗോത്ര വിഭാഗങ്ങള്‍ക്ക് കൂടുതല്‍ ആയുധം നല്‍കാന്‍ യു എസ് നീക്കം

വാഷിംഗ്ടണ്‍/ബഗ്ദാദ്: ഇറാഖിലെ ഗോത്ര വിഭാഗങ്ങള്‍ക്ക് കൂടുതല്‍ ആയുധം നല്‍കുന്ന കാര്യം യു എസ് പരിഗണനയില്‍. ശിയാ സായുധ സംഘത്തിനടക്കം കൂടുതല്‍ ആയുധങ്ങള്‍ നല്‍കാനും പരിശീലനം ഊര്‍ജിതമാക്കാനുമാണ് പ്രസിഡന്റ് ബരാക് ഒബാമയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പദ്ധതി തയ്യാറാക്കുന്നത്. ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയിലെ തന്ത്രപ്രധാനമായ റമാദി പട്ടണം ഇസില്‍ തീവ്രവാദികള്‍ പിടിച്ചടക്കിയ പശ്ചാത്തലത്തിലാണ് ഈ നീക്കം. റമാദി എന്തു വിലകൊടുത്തും തിരിച്ചു പിടിക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് ഇത്തരം സാധ്യതകള്‍ ആരായുന്നതെന്ന് യു എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ ആക്രമണ തന്ത്രം പൂര്‍ണമായി പുനരവലോകനം ചെയ്യില്ല. ഏതാനും ദിവസങ്ങള്‍ക്കകം ഗോത്രവര്‍ഗ നീക്കത്തിന്റെ വിശദാംശങ്ങള്‍ പുറത്ത് വരും.
“അന്‍ബാറില്‍ പ്രാദേശിക ശക്തികളെ ആയുധമണിയിക്കുക എന്നതാണ് തന്ത്രം. റമാദിയെ രക്ഷിക്കാനുള്ള ദൗത്യം ഇറാഖില്‍ നിന്ന് വളര്‍ന്ന് വരട്ടെ”യെന്ന് യു എസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് അലിസ്റ്റേയര്‍ ബാസ്‌കേ പറഞ്ഞു. തലസ്ഥാനമായ ബഗ്ദാദില്‍ നിന്ന് 90 മിനുട്ട് വാഹനത്തില്‍ സഞ്ചരിച്ചാല്‍ എത്തിച്ചേരാവുന്ന റമാദി പട്ടണം ഞായറാഴ്ചയാണ് ഇസില്‍ സംഘം കീഴടക്കിയത്. ഇവിടെ നിന്ന് 25,000 പേര്‍ പലായനം ചെയ്തിട്ടുണ്ടെന്നാണ് യു എന്‍ കണക്ക്. റമാദിയുടെ പതനം ഒബാമയുടെ ഇസില്‍വിരുദ്ധ തന്ത്രത്തിന്റെ പരാജയമാണെന്നാണ് വിലയിരുത്തപ്പെട്ടത്. ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍അബാദിയും രൂക്ഷമായി വിമര്‍ശിക്കപ്പെട്ടു. കനത്ത തിരിച്ചടിയെന്നാണ് റമാദി പരാജയത്തെ വൈറ്റ്ഹൗസ് വിശേഷിപ്പിച്ചത്.
സദ്ദാമിനെ സ്ഥാനഭ്രഷ്ടനാക്കാനായി നടത്തിയ ഒന്‍പത് വര്‍ഷം നീണ്ട ആക്രമണം അവസാനിപ്പിച്ച് മടങ്ങിയ യു എസ് സൈന്യത്തെ ഒരിക്കല്‍ കൂടി ഇറാഖിലെത്തിക്കാന്‍ ഒബാമക്ക് താത്പര്യമില്ല. ഇസില്‍വിരുദ്ധ വ്യോമാക്രമണം വഴി മാത്രം ഇറാഖ് സൈന്യത്തിന് പിന്തുണ നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം. അതിനിടക്കാണ് ഗോത്ര വര്‍ഗക്കാരെ ആയുധമണിയിക്കുന്നത് പോലുള്ള തന്ത്രങ്ങള്‍. എന്നാല്‍ ഇതിനെ ഇറാഖ് സര്‍ക്കാര്‍ എങ്ങനെ കാണുമെന്ന് കാത്തിരുന്ന് കാണണം. രാജ്യത്തിന്റെ വടക്കന്‍ മേഖലയിലെ കുര്‍ദുകള്‍ക്ക് യു എസ് ആയുധം നല്‍കുന്നതിനെ ഇറാഖ് സര്‍ക്കാര്‍ രൂക്ഷമായി എതിര്‍ത്തിരുന്നു. ഇവിടെ ഭാവിയില്‍ ഉയരാനിടയുള്ള വിഘടനവാദത്തെ ഈ ആയുധവിതരണം ശക്തിപ്പെടുത്തുമെന്നതാണ് ഇറാഖിന്റെ ആശങ്ക. തിക്‌രീത്ത് തിരിച്ചു പിടിക്കാനായി ശിയാ സംഘങ്ങള്‍ രംഗത്തിറങ്ങിയപ്പോള്‍ ആയുധം വിതറിയത് ഇറാനായിരുന്നു.