മലബാര്‍ സിമന്റ്: നിയമപരമായി മുന്നോട്ട് പോകും- മുഖ്യമന്ത്രി

Posted on: May 20, 2015 8:51 pm | Last updated: May 20, 2015 at 11:52 pm

തിരുവനന്തപുരം: മലബാര്‍ സിമന്റ് അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍വ്യവസായ മന്ത്രി എളമരം കരീമിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം സംബന്ധിച്ച് നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത്തരം വിഷയങ്ങളെ രാഷ്ട്രീയമായിട്ടല്ല കാണുന്നത്. കൂടുതല്‍ അറിയാത്ത കാര്യങ്ങളില്‍ ചാടിക്കയറി അഭിപ്രായം പറയുന്ന ആളല്ല താന്‍. നിയമപരമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞതില്‍ എല്ലാമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോളജ് അധ്യാപകന്റെ മരണത്തിനിടയാക്കിയ അപകടം നടക്കവേ മന്ത്രി മുനീര്‍ സഞ്ചരിച്ചത് അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവര്‍ത്തകന്റെ കാറിലാണെന്നും മന്ത്രിമാര്‍ക്ക് സ്വകാര്യവാഹനം ഉപയോഗിക്കുന്നതിന് നിയമപരമായ തടസ്സമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.