കോസ്‌മോ ട്രാവല്‍സ് റോയല്‍ ബ്രൂണെയുമായി ധാരണയായി

Posted on: May 20, 2015 8:00 pm | Last updated: May 20, 2015 at 8:27 pm

ദുബൈ: യു എ ഇ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കോസ്‌മോ ട്രാവല്‍സ് റോയല്‍ ബ്രൂണെയുമായി ധാരണയായതായി കോസ്‌മോ സി ഇ ഒ ജമാല്‍ അബ്ദുനാസര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനായി ഇരു വിഭാഗവും ജനറല്‍ സെയില്‍സ് എഗ്രിമെന്റി(ജി എസ് എ)നും രൂപം നല്‍കിയിട്ടുണ്ട്.
റോയല്‍ ബ്രൂണെക്കായി ചീഫ് കൊമേഴ്‌സ്യല്‍ ആന്‍ഡ് പ്ലാനിംഗ്് ഓഫീസര്‍ കരം ചന്ദും സെയില്‍സ് ഹെഡ് ക്രിസ്റ്റിന ചുഅയുമാണ് കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ സംബന്ധിച്ചതെന്നും ജമാല്‍ അറിയിച്ചു. റോയല്‍ ബ്രൂണെ കണ്‍ട്രി മാനേജര്‍ ജലാല്‍ സനാഉറഹ്മാനും കോസ്‌മോ ട്രാവല്‍സ് സെയില്‍സ് ഹെഡ് ദീപാ രാജേഷും ചടങ്ങില്‍ സന്നിഹിതരായിരുന്നു. റോയല്‍ ബ്രൂണെയുടെ 40ാം വാര്‍ഷികവുമായി ബന്ധപ്പെട്ട്് കമ്പനി റീബ്രാന്‍ഡിംഗ് ചെയ്യുന്നതിന്റെ ഭാഗമായാണ് റോയല്‍ ബ്രൂണെ പുതിയ ട്രാവലിംഗ് പാര്‍ട്ട്ണറെ കണ്ടെത്തിയിരിക്കുന്നത്. ലോക വ്യാപകമായി റോയല്‍ ബ്രൂണെ എയര്‍ലൈന്‍സ് റീബ്രാന്‍ഡിംഗ് നടപ്പാക്കിവരികയാണെന്ന് കരം ചന്ദ് വ്യക്തമാക്കി.
രാജ്യത്ത് 42 ശാഖകളാണ് കോസ്‌മോ ട്രാവല്‍സിനുള്ളതെന്ന് സി ഇ ഒ ജമാല്‍ പറഞ്ഞു. എയര്‍ അറേബ്യയുമായും കോസ്‌മോ ട്രാവല്‍സിന് ജി എസ് എ നിലവിലുണ്ട്. ഏഷ്യ, ഓസ്‌ട്രേലിയ, യൂറോപ്പ് എന്നീ വന്‍കരകളിലേക്കാണ് റോയല്‍ ബ്രൂണെ സര്‍വീസ് നടത്തുന്നത്.
ജിദ്ദ, ലണ്ടന്‍, ഹോച്ചിമന്‍ സിറ്റി, ബാലി, മനില എന്നിവയെ ബന്ധിപ്പിച്ചാണ് പ്രധാന സര്‍വീസുകളെന്നും ജമാല്‍ വെളിപ്പെടുത്തി.