സന്ദര്‍ശക വിസയിലെത്തി ട്രാവല്‍സിനെ കബളിപ്പിക്കുന്നവര്‍

Posted on: May 20, 2015 8:26 pm | Last updated: May 20, 2015 at 8:26 pm

kannadiസന്ദര്‍ശക വിസയിലെത്തി, യഥാസമയം തിരിച്ചുപോകാതിരിക്കുന്നവര്‍ (മുങ്ങുന്നവര്‍) ഇപ്പോഴുമുണ്ടോ? ഉണ്ടെന്നാണ് ട്രാവല്‍ ആന്‍ഡ് ടൂര്‍സ് രംഗത്തുള്ളവര്‍ പറയുന്നത്. മുങ്ങുന്നവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പിഴയടക്കേണ്ടിവരുന്നത് ട്രാവല്‍ ആന്‍ഡ് ടൂര്‍സ് കമ്പനികള്‍. വന്‍ ബാധ്യതയാണ് ട്രാവല്‍സുകള്‍ പേറേണ്ടിവരുന്നത്.
അടുത്തകാലത്തായി, മുങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടത്രെ. നാട്ടിലും ഗള്‍ഫിലും ഇതിനു പിന്നില്‍ വന്‍ ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നു. കൊട്ടോടി സ്വദേശി നിതിന്‍ അഗസ്റ്റിന്‍, കാസര്‍കോട് സ്വദേശി ദിവീഷ് തുടങ്ങിയവരെ ദേരയിലെ ഒരു ട്രാവല്‍ ഏജന്‍സി തിരഞ്ഞുകൊണ്ടിരിക്കുന്നു. ഈ വര്‍ഷം ഫെബ്രു 13 മുതല്‍ ഏപ്രില്‍ 13 വരെയാണ് നിതിന്റെ വിസാ കാലാവധി. ജനു 28 മുതല്‍ മാര്‍ച്ച് 28 വരെയാണ് ദിവീഷിന്റേത്. ഇരുവരും തിരിച്ചുപോയിട്ടില്ല. തിരിച്ചുപോകാത്തത് കൊണ്ട് ട്രാവല്‍സിന് വന്‍ നഷ്ടം പറ്റി. താമസകുടിയേറ്റ വകുപ്പിനു മുന്നില്‍ ഇന്ത്യക്കാരുടെ യശസിനു ഇടിവ് പറ്റുകയും ചെയ്തു.
സന്ദര്‍ശക വിസയുടെ കാലാവധി തീരുന്നതിന് മുമ്പ് മടങ്ങിപ്പോകണമെന്നാണ് നിയമം. അനിവാര്യമാണെങ്കില്‍ പിഴയടച്ച് ഒന്നോ രണ്ടോ ദിവസം കൂടുതല്‍ താമസിക്കാം. പക്ഷേ, ദിവസങ്ങളോളം അനധികൃതമായി താമസിക്കുന്നത് അധികൃതര്‍ക്കും തലവേദനയാണ്. വിസയെടുത്ത ട്രാവല്‍ ആന്‍ഡ് ടൂറിസം കമ്പനിക്കെതിരെയും നടപടി വരും.
ഗള്‍ഫില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് നാട്ടില്‍ തട്ടിപ്പുനടത്തുന്ന സംഘമാണ് ഇത്തരമൊരു അവസ്ഥ സൃഷ്ടിക്കുന്നതെന്ന് ട്രാവല്‍സുകാര്‍ കുറ്റപ്പെടുത്തുന്നു. മുമ്പ്, ചില ട്രാവല്‍സിന്റെ അറിവോടെയായിരുന്നു തട്ടിപ്പുകള്‍. ഇപ്പോള്‍, നിയമപരമായ വഴികളിലൂടെയാണ് ട്രാവല്‍സുകാര്‍ സഞ്ചരിക്കുന്നത്. അധികൃതരെ കബളിപ്പിച്ചാല്‍ ദീര്‍ഘകാലം യു എ ഇയില്‍ തുടരാന്‍ കഴിയില്ല. മാത്രമല്ല, ധാരാളം കുടുംബങ്ങള്‍ സന്ദര്‍ശക വിസയില്‍ നാട്ടില്‍ നിന്ന് എത്തുന്നതിനാല്‍ ഇടപാടുകള്‍ക്ക് കുറവില്ല. അത് കൊണ്ടുതന്നെ പണമുണ്ടാക്കാന്‍ വളഞ്ഞവഴി സ്വീകരിക്കേണ്ടതില്ല.
മലപ്പുറം, കാസര്‍കോട്, തിരുവനന്തപുരം ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള ഗൂഡ സംഘങ്ങളാണ് വഞ്ചനക്ക് കളമൊരുക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ചില അനധികൃത താമസക്കാര്‍ വഞ്ചിക്കപ്പെട്ടതാണ്. സന്ദര്‍ശക വിസയിലെത്തിയാല്‍ പെട്ടെന്ന് തന്നെ തൊഴില്‍ വിസയിലേക്ക് മാറാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് നാട്ടില്‍ നിന്ന് യാത്രയാക്കുന്നത്. യോഗ്യതക്കനുസരിച്ചുള്ള തൊഴില്‍ മാസങ്ങളോളം കാത്തിരുന്നാലും കിട്ടിയെന്നു വരില്ല. വിസാ കാലാവധി പൂര്‍ത്തിയായ ശേഷവും തുടരുന്നവരാണെങ്കില്‍ വേറെയും കടമ്പകളുണ്ടാകും.
നാട്ടില്‍, വിസയും വിമാനടിക്കറ്റും ഉള്‍പെടുന്ന പാക്കേജിലാണ് പലരും ഗള്‍ഫില്‍ എത്തുന്നത്. വ്യത്യസ്ത കാലാവധിയുള്ള വിസക്ക് വ്യത്യസ്ത നിരക്കാണ്. ചില ഹോട്ടലുകളും വിസക്കുവേണ്ടി ട്രാവല്‍സിനെ സമീപിക്കും. ട്രാവല്‍സുകാരാണ് താമസകുടിയേറ്റവകുപ്പില്‍ നിന്ന് വിസ സ്വീകരിക്കുന്നത്. പിന്നീട് പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടിവരുന്നതും ട്രാവല്‍സ്. അനധികൃത താമസക്കാരായി മാറിയവരെ കണ്ടെത്താന്‍ ട്രാവല്‍സുകാര്‍ക്ക് സംവിധാനമില്ലെന്നതാണ് പ്രശ്‌നം.