Gulf
ചെല്‍സിയ ഫഌവര്‍ ഷോയില്‍ യു എ ഇയുടെ അഭിമാനമുയര്‍ത്തി കമാലിയ ബിന്‍ സാല്‍

അബുദാബി: ലണ്ടനില്‍ നടക്കുന്ന ലോക പ്രശസ്തമായ ചെല്‍സിയ ഫഌവര്‍ ഷോയില്‍ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി സ്വദേശി വനിതയായ കമീലിയ ബിന്‍സാല്‍. ഇസ്‌ലാമിക സംസ്‌കാരത്തിന്റെ അടിസ്ഥാനത്തില്‍ രൂപകല്‍പന ചെയത ബിന്‍ സാലിന്റെ പൂന്തോട്ടം ഷോയില്‍ രണ്ടാം സ്ഥാനമായ വെള്ളി മെഡലിന് അര്‍ഹമായി. യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പേരിലായിരുന്നു ബിന്‍ സാല്‍ തന്റെ രൂപകല്‍പന സമര്‍പിച്ചത്. റോയല്‍ ഹോട്ടികള്‍ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന പുഷ്പ മേളയില്‍ അംഗീകാരം നേടുന്ന ആദ്യ സ്വദേശി വനിതയായി ഇതോടെ ബിന്‍ സാല്‍ മാറിയിരിക്കയാണ്.
ദ ബ്യൂട്ടി ഓഫ് ഇസ്‌ലാം എന്നായിരുന്നു തന്റെ രൂപകല്‍പനക്ക് ഇവര്‍ പേരു നല്‍കിയത്. ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സ് രാജകുമാരനും ഭാര്യ കാമില്ല പ്രഭ്വിയും ബിന്‍ സാലിന്റെ പൂന്തോട്ട രൂപകല്‍പന നേരില്‍ കാണാന്‍ പ്രദര്‍ശനത്തിന് വേദിയായ ചെല്‍സിയിലെ പൂന്തോട്ടത്തില്‍ എത്തിയിരുന്നു. ചാള്‍സ് രാജകുമാരന്‍ തന്റെ ഗാര്‍ഡന്‍ സന്ദര്‍ശിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്തത് ജീവിതത്തിലെ അഭിമാന നിമിഷമാണെന്ന് അവര്‍ പ്രതികരിച്ചു. ചാള്‍സ് രാജകുമാരന്റെ അനിയന്‍ പ്രിന്‍സ് എഡ്‌വേര്‍ഡും ഭാര്യ സോഫിയും ഒപ്പം പ്രശസ്ത ടെലിവിഷന്‍ പ്രസന്റര്‍മാരായ എസ്തര്‍ റന്റ്്‌സ്റ്റെണ്‍, ആഞ്ചില റിപ്പണ്‍ തുടങ്ങിയവരും ഗാര്‍ഡണ്‍ സന്ദര്‍ശിച്ചവരില്‍ ഉള്‍പെടും.
ഇന്നലെയാണ് ചെല്‍സിയ ഫഌവര്‍ ഷോക്ക് തുടക്കയമായത്. അബുദാബിയിലെ ലോക പ്രശസ്ത ആരാധനാലയമായ ശൈഖ് സായിദ് ഗ്രാന്റ് മസ്ജിദിന്റെ പൂന്തോട്ടമാണ് ഇത്തരത്തില്‍ ഒരു രൂപകല്‍പനയെ സ്വാധീനിച്ചതെന്നും ബിന്‍ സാല്‍ പറഞ്ഞു. ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന ക്രിയാത്മകമായ ചിത്രം ഉയര്‍ത്തിക്കാണിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കാണുന്നവരെല്ലാം സമാധാനം ഉദ്‌ഘോഷിക്കുന്നതാണ് തന്റെ രൂപകല്‍പനയെന്ന് പ്രശംസിച്ചത് മറക്കാനാവില്ലെന്നും കമീലിയ ബിന്‍ സാല്‍ പറഞ്ഞു.