Gulf
'ബുര്‍ജ് ഖലീഫയില്‍ ആത്മഹത്യ നടന്നിട്ടില്ല'

ദുബൈ: ബുര്‍ജ് ഖലീഫയില്‍ യുവതി ആത്മഹത്യ ചെയ്തുവെന്ന പാശ്ചാത്യ മാധ്യമ റിപോര്‍ട്ടുകള്‍ അഭ്യൂഹത്തിന്റെ അടിസ്ഥാനത്തിലെന്ന് ദുബൈ പോലീസ്. അതേസമയം ഒരു വിദേശ യുവതി ജുമൈറ ലേക്ക് ടവറില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തിരുന്നു.
39കാരിയായ ലൗറ വനേസ നണ്‍സ് ബുര്‍ജ് ഖലീഫയിലെ 148-ാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തുവെന്നാണ് ഡെയ്‌ലി മെയില്‍ ഉള്‍പെടെയുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ലൗറ ആത്മഹത്യ ചെയ്തത് ജുമൈറ ലേക്ക് ടവര്‍ അപാര്‍ട്‌മെന്റിലെ പതിനാലാം നിലയില്‍ നിന്നും ചാടിയാണെന്ന് കുറ്റാന്വേഷണ വിഭാഗം അസിസ്റ്റന്റ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹീം അല്‍ മന്‍സൂറി അറിയിച്ചു.
ദക്ഷിണാഫ്രിക്കന്‍ പാസ്‌പോര്‍ട്ട് ഉടമയായിരുന്നു യുവതിയെന്നും പോലീസ് പറഞ്ഞു. ഒരു ഗള്‍ഫ് പൗരനുമായി അടുപ്പത്തിലായിരുന്ന യുവതി പിന്നീട് ബന്ധം വഷളായതിനെതുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
അന്വേഷണത്തില്‍ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. മറ്റൊരു ക്രിമിനല്‍ കുറ്റകൃത്യവും സംഭവത്തില്‍ ഉള്‍പെട്ടിരുന്നില്ല.
നിയമനടപടികള്‍ പൂര്‍ത്തിയായാലുടനെ യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും പോലീസ് അറിയിച്ചു.