വിഴിഞ്ഞം: സര്‍വകക്ഷി യോഗം വിളിച്ചത് സ്വാഗതാര്‍ഹമെന്ന് പിണറായി

Posted on: May 20, 2015 6:41 pm | Last updated: May 20, 2015 at 6:41 pm

pinarayiതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണവും നടത്തിപ്പും സംബന്ധിച്ച് സര്‍വകക്ഷി യോഗം ചേരാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ സുപ്രധാന വികസന സ്വപ്നമായ ആ പദ്ധതി കുറ്റമറ്റ രീതിയില്‍ നടപ്പാക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ പിണറായി ആവശ്യപ്പെട്ടു. നേരത്തെ വിഴിഞ്ഞ പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കാന്‍ തയ്യാറായതിലൂടെ ആറായിരം കോടി രൂപയുടെ ഭൂമി കുംഭകോണത്തിനാണ് അരങ്ങൊരുങ്ങുന്നതതെന്ന് പിണറായി ആരോപിച്ചിരുന്നു. (Read More: വിഴിഞ്ഞം പദ്ധതി 6000 കോടിയുടെ ഭൂമി കുംഭകോണമെന്ന് പിണറായി വിജയന്‍ )

മുഖ്യമന്ത്രി അധ്യക്ഷനായ കമ്മിറ്റിയാണ്, അദാനി ഗ്രൂപ്പിന് കൈമാറാന്‍ തീരുമാനമെടുത്തത്. അങ്ങനെ തീരുമാനിച്ചതില്‍ ഒട്ടേറെ അവ്യക്തതകള്‍ ഉണ്ട്. സര്‍ക്കാരിന്റെ ഭൂമിയടക്കം കൈമാറുന്നത് സംബന്ധിച്ച് വ്യക്തത വരേണ്ടതുണ്ട്. പ്രതിപക്ഷ കക്ഷികളെ വിശ്വാസത്തിലെടുത്ത്, എല്ലാവരുടെയും ബോധ്യത്തോടെ ചെയ്യേണ്ട കാര്യം ഏകപക്ഷീയമായി ചെയ്യുമ്പോഴാണ് ദുരൂഹത സൃഷ്ടിക്കപ്പെടുന്നത്. സര്‍വ കക്ഷി യോഗവും ചര്ച്ചയും അഭിപ്രായ സമന്വയവും വേണം എന്ന് മുഖ്യമന്ത്രിക്ക് ബോധ്യപ്പെടാന്‍, പ്രതിപക്ഷത്തിന്റെ പരസ്യമായ ഇടപെടല്‍ വേണ്ടിവന്നു എന്നത് നല്ല ലക്ഷണമല്ല – പിണറായി തുടരുന്നു.

വിഴിഞ്ഞം പദ്ധതി സാക്ഷാത്കരിച്ചു കാണാന്‍ ജനങ്ങള്‍ അതിയായി ആഗ്രഹിക്കുന്നുണ്ട്. അത് കൊണ്ടാണ്, പദ്ധതി നടത്തിപ്പിനെ കുറിച്ച് വിമര്ശം ഉയര്‍ത്തിയപ്പോള്‍ അത് വിഴിഞ്ഞം മുടക്കാനുള്ളതാണെന്ന തോന്നല്‍ ചിലര്‌ക്കെങ്കിലും ഉണ്ടായത്. വൈകാരിക പ്രതികരണങ്ങള്‍ വന്നതിന്റെ കാരണവും മറ്റൊന്നല്ല. ആ ആഗ്രഹത്തിന്റെ മറപറ്റി തെറ്റായ കാര്യങ്ങള്‍ നടന്നു കൂടാ. പദ്ധതി നടത്തിപ്പിച്ച് സംബന്ധിച്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കാനുള്ളതു മാത്രമാകരുത്, ക്രിയാത്മക ചര്‍ച്ചയ്ക്കും കുറ്റമറ്റതും ജനാധിപത്യപരവുമായ തീരുമാനങ്ങള്‍ക്കും ഉള്ള വേദിയാകണം സര്‍വകക്ഷി യോഗം.

മലയാളിയുടെ വികസന മോഹത്തിന്റെ മറപറ്റി അഴിമതി നടത്താനുള്ള ഒരു നീക്കത്തെയും അനുവദിക്കാനാവില്ല എന്ന് സര്‍ക്കാരിനെ ആവര്ത്തിച്ചു ഓര്മ്മിപ്പിക്കുന്നു. വിഴിഞ്ഞം പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് എല്ലാ സഹായവും ഉണ്ടാകും. ക്രമം വിട്ട രീതികളെ എതിര്‍ക്കുകയും ചെയ്യും – പോസ്റ്റ് തുടരുന്നു.