Kozhikode
കണ്ണഞ്ചേരി - മിനി ബൈപ്പാസ് റോഡ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: അഞ്ച് കോടി രൂപ ചെലവിട്ട് സൗത്ത് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുപതോളം ഡ്രൈനേജുകള്‍ നവീകരിക്കുമെന്ന് സാമൂഹിക നീതി മന്ത്രി എം കെ മുനീര്‍. നവീകരിച്ച കണ്ണഞ്ചേരി – മിനി ബൈപ്പാസ് റോഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുനീര്‍. കണ്ണഞ്ചേരിയില്‍ നിന്ന് നേരിട്ട് മീഞ്ചന്ത മിനി ബൈപ്പാസിലേക്കെത്തുന്ന ഒരു കിലോമീറ്റര്‍ ദൂരം 1.4 കോടി രൂപ ചെലവിലാണ് നിര്‍മിച്ചിട്ടുളളത്. റോഡിന്റെ 100 മീറ്ററോളം ഭാഗത്ത് ഡ്രൈനേജ് പൂര്‍ത്തീകരിക്കാനുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ഈ ഭാഗവും പൂര്‍ത്തീകരിക്കും. കൂടാതെ പന്നിയങ്കര – തിരുവണ്ണൂര്‍ റോഡ് നവീകരണ പ്രവര്‍ത്തി ജൂലൈയില്‍ ആരംഭിക്കുമെന്നും മുനീര്‍ പറഞ്ഞു.
നഗരത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കണ്ണഞ്ചേരി ബസ്റ്റോപ്പിന് സമീപം നടന്ന ചടങ്ങില്‍ മേയര്‍ എ കെ പ്രേമജം അധ്യക്ഷയായിരുന്നു. കെ യു ആര്‍ ഡി എഫ് സി ചെയര്‍മാന്‍ കെ മൊയ്തീന്‍ കോയ, കോര്‍പറേഷന്‍ വിദ്യാഭ്യാസ, കായിക സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി ഉഷാദേവി, കൗണ്‍സിലര്‍മാരായ അഡ്വ. എ വി അന്‍വര്‍, എം സി സുധാമണി, കെ പി അബ്ദുല്ലകോയ, പൊതുമരാമത്ത് വകുപ്പ് എക്‌സി. എന്‍ജിനീയര്‍ എന്‍ വി ഹബീബ് റഹ്മാന്‍, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ കെ വി ആസിഫ്, അസി. എക്‌സി. എന്‍ജിനീയര്‍ പി പി സന്തോഷ്‌കുമാര്‍ പ്രസംഗിച്ചു.