Articles
പഠനവും പുതുതലമുറയും

ജീവിതം വിദ്യാഭ്യാസത്തേയും വിദ്യാഭ്യാസം ജീവിതത്തേയും പഴിച്ചുകൊണ്ടിരിക്കുന്നതാണ് നവലോകക്രമം. എന്നാല്‍ ഇതിനിടിയല്‍ അധ്യാപനരീതിയിലെ അസാംഗത്യവും ബോധന പ്രക്രിയയിലെ സങ്കീര്‍ണതകളും സൗകര്യപൂര്‍വം വിസ്മരിക്കപ്പെടുകയാണ്. ജീവിത നൈപുണ്യം തൊട്ടുതീണ്ടാതെ ഉയര്‍ന്ന വിദ്യാഭ്യാസവും ഉന്നതമായ കരിയര്‍ സ്വപ്‌നങ്ങളും വെച്ചുപുലര്‍ത്തുന്ന ന്യൂജനറേഷന്‍ മനോഭാവം ജീവിതത്തിലെ ചില പ്രധാനഭാഗങ്ങള്‍ വിട്ടുകളയുന്നു. ഫലത്തില്‍ ജീവിതം ഒരു പോരാട്ടം (Life is a struggle) മാത്രമായി ഇവര്‍ സ്വയമേ നിര്‍വചിക്കുന്നു. നാല് ഭിത്തിക്കുള്ളിലെ ആഗോളീകൃത സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍ ആലങ്കാരികമായി അവതരിപ്പിക്കുന്ന ബാലപാഠങ്ങള്‍ മുതല്‍ ഉയര്‍ന്ന പ്രൊഫഷണല്‍ കോഴ്‌സുകള്‍ വരെ ജീവിത വിജയം കരസ്ഥമാക്കാന്‍ പ്രാപ്തമാക്കുന്നില്ലേ എന്ന ചോദ്യമാണ് ഇവിടെ പ്രസ്‌കതമാകുന്നത്. വിദ്യാഭ്യാസം ജീവിതവുമായി ബന്ധപ്പെട്ടു കിടിക്കണം. ആന്തരികമായ വ്യക്തി നിഷ്ഠയും അതില്‍ നിന്നും പ്രസരിക്കുന്ന സമാധാനപരമായ സാമൂഹിക വ്യവഹാരങ്ങളും വിദ്യാഭ്യാസത്തിലൂടെ വിദ്യാര്‍ഥിക്ക് ലഭിച്ചിരിക്കണം. യഥാര്‍ഥത്തില്‍ പുതുകാല വിദ്യാഭ്യാസ രീതികളില്‍ നിന്ന് കുട്ടികള്‍ക്ക് ഇത് കിട്ടുന്നുണ്ടോ? മര്‍മപ്രധാനമായ ഒരു പുനരാലോചനക്കു പോലും നാം ഈ വിഷയത്തില്‍ ധൈര്യപ്പെടാത്തവിധം നമ്മുടെ ലൈഫ് സ്റ്റൈല്‍ നമ്മെ ഭരിക്കുകയാണ്.
എന്താണ് ജീവിത നൈപുണ്യം (Life Skill)? സ്വാഭാവികവും പ്രകൃതി സൗഹൃദവുമായ വഴികളിലൂടെ മനസിനു ശാന്തതയും സമാധാനവും അനുഭവിക്കാന്‍ പറ്റുന്ന രീതിയില്‍ ജീവിത പ്രവവര്‍ത്തനങ്ങളുമായി മുന്നേറാന്‍ കഴിയുന്ന നയചാതുര്യമാണ് ജീവിത നൈപുണ്യം. സാമൂഹിക വ്യവസ്ഥയില്‍ രൂപപ്പെടുന്ന പ്രവര്‍ത്തനങ്ങളിലാണ് ഇത് പ്രതിഫലിക്കുന്നത്. മനുഷ്യന്റെ നിഷ്‌കളങ്കമായ വികാരങ്ങളും പക്വമായ മാനസിക ശേഷിയും മാറിക്കൊണ്ടേയിരിക്കുന്നതാണ് പുതിയ ചുറ്റുപാടുകള്‍. ഇവിടെയാണ് ന്യൂ ജനറേഷന്‍ തിരുത്തിയെഴുതേണ്ടത്. പ്രകൃതിയെ നിരീക്ഷിക്കുകയും ഉള്‍ക്കൊള്ളുകയും ആദരിക്കുകയും ചെയ്യുക വഴി ശുദ്ധമായ വികാരവായ്പുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കും. മനുഷ്യനു മണ്ണിനോടുള്ള ബന്ധം കൂടുമ്പോള്‍ ആത്മാവ് അത് തിരിച്ചറിയും. ഇന്നത്തെ വിദ്യാര്‍ഥിസമൂഹം പ്രകൃതിയുമായി തീരെ ബന്ധപ്പെടുന്നവരല്ല. മനുഷ്യന്‍ കണ്ടുപിടിച്ച നൂതന യന്ത്രങ്ങളുമായി നിരന്തരബന്ധം പുലര്‍ത്തുകയാണ് ഇവര്‍ ചെയ്യുന്നത്. ഇത് മനുഷ്യമസ്തിഷ്‌കത്തെ സാരമായി ബാധിക്കുകയും മനുഷ്യന്റെ ഊര്‍ജ്ജസ്ഥിതി (Energy level) കുറയുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇത് മൂലം തന്നെ പണ്ടത്തെ വിദ്യാര്‍ഥികളും ഇന്നത്തെ വിദ്യാര്‍ഥികളും തമ്മില്‍ വലിയ അന്തരമുണ്ട്.
പെട്ടെന്ന് അസ്വസ്ഥരാകുകയും മറ്റുള്ളവരില്‍ അസുഖകരമായ അവസ്ഥകള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ന്യൂജനറേഷന്‍ പ്രവണത വ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. സാഹചര്യങ്ങളോടും വൈകാരികതകളോടും സന്തുലിതവും പക്വവുമായി പ്രതികരിക്കാനുള്ള ശേഷി മുന്‍തലമുറക്ക് കൂടുതലായിരുന്നു. ബ്രീഡിംഗ് മുഖേന ജന്മമെടുത്ത നവജാത നായ്ക്കളേക്കാള്‍ പ്രതിരോധ ശേഷിയും തന്ത്രപരമായ മിടുക്കും പണ്ടുള്ള നായ്ക്കള്‍ക്കാണെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്.
മാനസികമായ വൈകല്യങ്ങളെ പടച്ചുവിടുന്ന പുതിയ ശീലങ്ങള്‍ സാംസ്‌കാരികമായും നൈസര്‍ഗികമായും യുവത്വത്തെ നിഷ്‌ക്രിയമാക്കുന്നു. രാവിലെ നേരത്തെ എഴുന്നേല്‍ക്കുക, ശരിയായ സമയത്ത് ഉറങ്ങുകയും, ഭക്ഷണം കഴിക്കുകയും, വെള്ളംകുടിക്കുകയും, വിശ്രമിക്കുകയും ചെയ്യുക തുടങ്ങിയ വിവിധ ജീവിതസന്ധാരണ പ്രവര്‍ത്തനങ്ങള്‍ മുതല്‍ positive energy വര്‍ധിപ്പിക്കുംവിധം മാനസിക വ്യാപാരങ്ങളെ തന്മയത്വത്തോടെ പ്രചോദിതമാക്കിയവരാണ് പണ്ടുള്ളവര്‍. എന്നാല്‍ വിഷ്വല്‍ മീഡിയകളുടെ അനന്തമായ സാധ്യതകളെ ഉള്‍ക്കൊള്ളുകയും പ്രയോഗിക്കുകയും ചെയ്യുമ്പോള്‍ തന്നെയും അതുമൂലം നിലച്ചു പോവുന്ന സത്യസന്ധതാബോധം തിരിച്ചെടുക്കാന്‍ ന്യൂ ജനറേഷന്‍ തയ്യാറാകണം. ഒരാളുടെ തലച്ചോറിലൂടെ അത്യാവശ്യമില്ലാത്ത ചിത്രീകരണങ്ങള്‍ കുറഞ്ഞ സമയം കൊണ്ട് വളരെയധികം കടന്നുപോവുന്നത് മാനസികശേഷിയെ ബാധിക്കുകയും ഊര്‍ജ്ജത്തെ ആഴത്തില്‍ ചോര്‍ത്തുകയും ചെയ്യും. ആശയക്കുഴപ്പങ്ങളും, സങ്കീര്‍ണമായ മാനസിക സംഘര്‍ഷങ്ങളും പ്രതിരോധിക്കാന്‍ കഴിയാത്തവിധം ഇവര്‍ ദുര്‍ബലഹൃദയരായി മാറുന്നു. ആധുനിക വിദ്യാഭ്യാസസമ്പ്രദായത്തില്‍ ബോധനമാര്‍ഗരേഖ ജീവിതനൈപുണ്യത്തെ ഊര്‍ജ്ജസ്വലമാക്കുംവിധം പ്രയോഗവത്കരിക്കണം. പലപ്പോഴും സോഫ്റ്റ് സ്‌കില്‍ അഥവാ ആര്‍ജിച്ചെടുക്കാവുന്ന കഴിവുകള്‍ പരിശീലനത്തിലൂടെ വിദ്യാലയങ്ങളില്‍ നല്‍കപ്പെടുന്നുവെങ്കിലും പ്രകൃതിദത്തമായ ഊര്‍ജവും സാമൂഹിക ബന്ധങ്ങളുടെ തന്മയ ഭാവവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. മത്സരാധിഷ്ഠിതമായ (Skill development) കഴിവ് വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ മാനസിക സംഘര്‍ഷങ്ങള്‍ കൂട്ടുന്നു.
ഗുരുകുല സമ്പ്രദായം അഥവാ ഒരു ഗുരുവിനുചുറ്റും കൂടിയിരുന്ന് അഭ്യസിക്കുന്ന ബോധനങ്ങള്‍ ജീവിത നൈപുണ്യത്തെ കാര്യക്ഷമമായി സ്വാധീനിച്ചതായി ചരിത്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ശുദ്ധ പ്രകൃതത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു ഗുരുവിന്റെ ചുറ്റുവട്ടത്തില്‍ ഗുണപരമായ ഊര്‍ജം (Positive Energy) നിറഞ്ഞു നില്‍ക്കുകയും വിദ്യാര്‍ഥികളുടെ ന്യൂനവൃത്തി (negative stroke) തിരിച്ചറിഞ്ഞ് പരിഹരിക്കാന്‍ കഴിയുകയും ചെയ്യുന്നു. വ്യത്യസ്ത വാസനകളും അഭിരുചിയും കണ്ടെത്തി ശുദ്ധീകരണ പ്രക്രിയയിലൂടെ വികസിപ്പിച്ചെടുക്കുന്ന ഒരു ആത്മീയ ഭാവമാണ് ഇവിടെ കാണാന്‍ കഴിയുന്നത്. എന്നാല്‍ ന്യൂ ജനറേഷന്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് തന്ത്രപരമായ ചില നീക്കങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു.
വൈകാരിക ക്ഷമത കൈവരിക്കാന്‍ തടസ്സം നില്‍ക്കുന്ന സാമൂഹിക സംവിധാനങ്ങളാണ് കുടുംബത്തിലും ഒരു പരിധിവരെ വിദ്യാലയങ്ങളിലും നിലനില്‍ക്കുന്നത്. പഠിച്ചും അനുഭവിച്ചും അറിഞ്ഞ കാര്യങ്ങളില്‍ നിന്ന് ശരിയായത് തിരഞ്ഞെടുക്കാനുള്ള ശേഷിയാണ് അവബോധം. അത് തീരെ സംവേദന ക്ഷമമാകാതിരിക്കുന്നുവെന്നതാണ് പുതിയകാല വിദ്യാഭ്യാസത്തിന്റെ ഒരു വലിയ പ്രതിസന്ധി. ജോയിന്റ് ഫാമിലികള്‍ ന്യൂക്ലിയര്‍ ഫാമിലികള്‍ ആയപ്പോള്‍ ഒരു വലിയ തിരിച്ചടി വൈകാരികമായ ഊര്‍ജ്ജ പ്രസരണത്തില്‍ സംഭവിച്ചു. ദൈനംദിന ജീവിതത്തില്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും ബൗദ്ധിക പ്രതിസന്ധിയും ലളിതമായി പരിഹരിക്കപ്പെട്ടിരുന്ന കൗണ്‍സലിംഗ് സെന്ററുകളായിരുന്നു ഓരോ കുടുംബ തറവാടുകളും. അവിടത്തെ കാരണവരോട് ഇളയവര്‍ പങ്കുവെക്കുന്ന ആശങ്കകള്‍ അനുഭവത്തിന്റെയും ജീവിതനൈപുണ്യത്തിന്റെയും വെളിച്ചത്തില്‍ നിസ്സംശയം അടങ്ങുമായിരുന്നു. ഇന്നതുമാറി. സര്‍ട്ടിഫിക്കറ്റുള്ളവന്‍ മാത്രമേ കൗണ്‍സില്‍ ചെയ്യാന്‍ പറ്റൂ എന്നാണ് പുതിയ മനോഭാവം.
വ്യക്തിത്വ വികസന മേഖലകളിലും സ്‌കില്‍ഡെവലപ്പ്‌മെന്റ് രംഗങ്ങളിലും നൂതനമായ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് വ്യാപിച്ചിട്ടുണ്ട്. എന്നിട്ടും പഠനത്തിലും ജീവിത വ്യവഹാരങ്ങളിലും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഇവിടെയാണ് പ്രകൃതി സൗഹൃദവും ഗുണപരമായ ഊര്‍ജ്ജ പ്രസരണശേഷിയുള്ളതുമായ ഒരു സാമൂഹിക സംവിധാനത്തിന്റെയും വിദ്യാഭ്യാസ രീതിയുടെയും ആവശ്യകത. വിദ്യാലയങ്ങളിലും കുടുംബത്തിലും മറ്റു കൂട്ടായ്മകളിലും ബോധപൂര്‍വമായ ഒരു തിരുത്തല്‍ നമുക്ക് പുതിയ കാലത്ത് അനിവാര്യമാണ്.