Connect with us

Articles

ദാവൂദ് ഇബ്‌റാഹീം തിരിച്ചുവരുന്നു(വോ)?

Published

|

Last Updated

ഈയടുത്ത ദിവസം വാട്‌സ് ആപ്പില്‍ വന്ന രസകരമായ ഒരു സന്ദേശമുണ്ട്. “ദാവൂദ് ഇബ്‌റാഹീം ഇന്ത്യയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നു. കാരണം, ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍അദ്ദേഹത്തിനു വിശ്വാസം വന്നിരിക്കുന്നു.” ഇതിന് കാരണമായി പറഞ്ഞത് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത, ഹിന്ദി സിനിമാ താരം സല്‍മാന്‍ ഖാന്‍ തുടങ്ങിയവരുടെ കേസുകളിലുണ്ടായ കോടതി വിധികളാണ്. കേരളത്തിലെ കോപ്പിയടി കേസിലെ പ്രതി ഐജിയുടെ കഥ അദ്ദേഹം അറിയാത്തതിനാലാകും പറയാതിരുന്നത്. ഗാന്ധിജിയുടെ ആത്മകഥയില്‍ പറയുന്ന സംഭവമുണ്ടല്ലോ, സ്‌കൂളിലെ ക്ലാസില്‍ ഇന്‍സ്‌പെക്ടര്‍ കേട്ടെഴുത്ത് നടത്തിയപ്പോള്‍ “കെറ്റില്‍” എന്ന വാക്ക് തെറ്റായി എഴുതിയ മോഹന്‍ദാസിനോട് അധ്യാപകന്‍ അത് തിരുത്തി (തൊട്ടടുത്തയാളുടേത് നോക്കിയെഴുതാന്‍) ആവശ്യപ്പെട്ടപ്പോള്‍ അത് നിരസിച്ച സംഭവം. അവിടെ നിന്നാണ് നാം നിയമപാലകനായ ഐജി കോപ്പിയടിച്ച സംഭവത്തിലെത്തുന്നത്. മേല്‍പറഞ്ഞ മൂന്ന് സംഭവങ്ങളിലൂടെ സമൂഹത്തിന് കിട്ടുന്ന സന്ദേശം വ്യക്തം. നിങ്ങള്‍ക്ക് അധികാരത്തില്‍ പങ്കും ധനവും ഉണ്ടെങ്കില്‍ ഏത് കേസില്‍ നിന്നും രക്ഷപ്പെടാം. പഴയ പ്രയോഗമുണ്ടല്ലോ, “ആയിരം രൂപയും മുള്ളൂരുമുണ്ടെങ്കില്‍ ആരെയും കൊല്ലാമേ രാമനാരായണാ…” എന്ന്. ഇനി ഏതെങ്കിലും ചില “തെറ്റുകള്‍” കൊണ്ട് ഇവര്‍ ശിക്ഷിക്കപ്പെട്ടാലും “രാജപദവിയില്‍” ജയില്‍വാസം. അതും വളരെ കുറച്ച്. കുറ്റകൃത്യം ചെയ്ത് പതിറ്റാണ്ടുകള്‍ക്ക് ശേഷവും. എന്നാല്‍, ഇതേ നീതിപീഠത്തിന്റെ തന്നെ നിലപാടുകളില്‍ ചില വൈരുധ്യങ്ങള്‍ പ്രകടമാണ്. കരിനിയമങ്ങള്‍ ഉപയോഗിച്ച് തടവിലാക്കപ്പെട്ടവര്‍ നീതി കിട്ടാതെ പതിറ്റാണ്ടുകള്‍ ജയിലില്‍ കഴിഞ്ഞ് “ഇവരൊരു കുറ്റവും ചെയ്തതായി കാണുന്നില്ല” എന്ന വിധിയോടെ പുറത്തുവരുന്നതും.
ഇത്രയും പറയാന്‍ കാരണം, മാവോയിസ്റ്റുകള്‍ എന്ന “കുറ്റം” ചുമത്തി മലയാളികളായ രൂപേഷിനെയും ഷൈനയേയും മറ്റു ചിലരേയും (ഏറ്റവുമൊടുവില്‍ മുരളി കണ്ണമ്പിള്ളിയെയും) അറസ്റ്റ് ചെയ്ത വാര്‍ത്തകള്‍ വ്യാപകമായി വന്നതാണ്. ഒരാള്‍ “മാവോയിസ്റ്റ്” വിശ്വാസിയാകുന്നത്, ആ തത്വശാസ്ത്രത്തില്‍ വിശ്വസിക്കുന്നുവെന്ന് പറയുന്നത് ഒരു നിലക്കും കുറ്റമല്ല എന്ന് ബിനായക് സെന്‍ കേസില്‍ സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. ആ വിശ്വാസത്തിന്റെ ബലത്തില്‍ ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ (ഗൂഢാലോചനയോ പ്രേരണയോ സഹായമോ) ഉണ്ടെങ്കില്‍ ഇവര്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടാം. അതിനെ ഒരു ക്രിമിനല്‍ കുറ്റമായി കാണുകയും വേണം. പക്ഷേ, സര്‍ക്കാറും മാധ്യമങ്ങളും ഇവരുടെ “ക്രിമിനല്‍ കുറ്റ”ങ്ങളെപ്പറ്റിയല്ല വാചാലരാകുന്നത് എന്നതാണ് പ്രശ്‌നം. മറിച്ച് മാവോയിസ്റ്റ് ബന്ധം തന്നെ ഒരു കുറ്റമാണെന്ന രീതിയിലാണ്. അതായത് ഒരു പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നു, അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നു, എന്നതെല്ലാം കുറ്റമാകുമോ? ജനാധിപത്യത്തില്‍ അതിനുള്ള അവകാശമില്ലേ? മറിച്ച് ഞാന്‍ ഗാന്ധിയനാണെന്നോ മാര്‍ക്‌സിസ്റ്റ് ആണെന്നോ സോഷ്യലിസ്റ്റ് ആണെന്നോ പറഞ്ഞാല്‍, പിന്നെ ഈ രാജ്യത്തെ ഏത് ക്രിമിനല്‍ കുറ്റവും ചെയ്യാം. അഴിമതി, കൊലപാതകം തുടങ്ങിയ കേസുകളില്‍ പ്രതികളായാലും ഇത്തരം പ്രത്യയശാസ്ത്ര വിശ്വാസികള്‍ക്ക് എല്ലാ വിധ പരിരക്ഷയും കിട്ടും. ഒരു രാഷ്ട്രീയ പ്രവര്‍ത്തക(ന്‍) എന്ന നിലയില്‍ അഴിമതിക്കേസില്‍ പെട്ട ജയലളിത മുതല്‍ ബാലകൃഷ്ണ പിള്ള വരെയുള്ളവര്‍ “രാഷ്ട്രീയ തടവുകാര്‍” ആകുന്നു. എന്നാല്‍, ഒരു രാഷ്ട്രീയ പ്രമാണത്തില്‍ വിശ്വസിക്കുന്നതുകൊണ്ട് മാത്രം ചിലര്‍ ക്രിമിനല്‍ കുറ്റവാളികളാകുന്നു. ഇതാണ് വൈരുധ്യം എന്ന് പറയുന്നത്.
കേരളത്തില്‍ “മാവോയിസ്റ്റ് പ്രവര്‍ത്തനം” വ്യാപിച്ചിരിക്കുന്നുവെന്നും മറ്റും ആഭ്യന്തര മന്ത്രി തന്നെ പറയുമ്പോള്‍ അതില്‍ അല്‍പ്പം ഫലിതം തന്നെയുണ്ട്. ഏറെ നഗരവത്കരിക്കപ്പെട്ട, മധ്യവത്കരിക്കപ്പെട്ട കേരളീയ സമൂഹത്തില്‍ ഇന്ന് ഒരു “ഫാഷന്‍” ആയിപ്പോലും മാവോയിസ്റ്റ് ആകുന്നവര്‍ വളരെ കുറവായിരിക്കും. എന്ത് തരം “വിപ്ലവ”മാണ് കേരളത്തില്‍ ഇവര്‍ കൊണ്ടുവരിക? ഇന്നാട്ടില്‍ ഒട്ടേറെ ജനകീയ സമരങ്ങള്‍ നടക്കുന്നുണ്ടെന്നത് ശരി. ഇവയൊന്നും നിലവിലുള്ള മുഖ്യധാരാ കക്ഷികളുടെ ആഭിമുഖ്യത്തിലോ പങ്കാളിത്തത്തിലോ അല്ല. എന്നാല്‍, ഇതിലൊന്നു പോലും മാവോയിസ്റ്റ് ഇടപെടല്‍ സാധ്യതയുള്ളവല്ല. അവര്‍ “ഇടപെട്ടു” എന്ന് വരുത്തിത്തീര്‍ക്കുന്ന നീറ്റാ ജലാറ്റിന്‍ കമ്പനിക്കെതിരെ കാതികൂടത്തെ ജനങ്ങള്‍ നടത്തിയ സമരത്തിന്റെ കാര്യം തന്നെ നോക്കാം. സമരം ചെയ്യുന്ന തദ്ദേശീയരെ മുഴുവന്‍ മര്‍ദിക്കാന്‍ പോലീസിനവസരം (ന്യായീകരണം) ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളാണവര്‍ അവിടെ നടത്തിയത്. സ്ത്രീകളും കുട്ടികളും വൃദ്ധന്മാരുമടങ്ങുന്ന നാട്ടുകാര്‍ക്ക് ഇവര്‍ പറയുന്ന “മാവോയിസ്റ്റ്” രീതിയൊന്നും സ്വീകരിക്കാനാകില്ല. ഇവര്‍ ഇടപെടാന്‍ ശ്രമിച്ചിടത്തെല്ലാം സമരം നടത്തുന്ന ജനങ്ങളെവരെ തള്ളിക്കളയുകയാണുണ്ടായത്. ഇത് പറയുമ്പോഴും ഭരണകൂടം മാവോയിസ്റ്റുകളോടെടുക്കുന്ന സമീപനം ഏറെ പ്രതിഷേധാര്‍ഹമാണ്.
യു എ പി എ എന്ന നിയമം തന്നെ ജനാധിപത്യവിരുദ്ധമാണ്, ഭരണഘടനാവിരുദ്ധമാണ്. ന്യായാധിപരടക്കമുള്ള മധ്യവര്‍ഗങ്ങള്‍ക്കിടയില്‍ ഹിംസാഭീതിയുയര്‍ത്തിയാണ് ഇതിനെ ഭരണകൂടവും “പൊതുസമൂഹ”ത്തിലെ ഒരു വിഭാഗവും പിന്തുണക്കുന്നത്. മുമ്പ് സൂചിപ്പിച്ച പോലെ ജനങ്ങള്‍ നല്‍കിയ അധികാരവും സ്ഥാനങ്ങളും ഉപയോഗിച്ച് പൊതുസമ്പത്ത് കൊള്ളയടിക്കുന്നവരെ ന്യായീകരിക്കുന്ന, സഹായിക്കുന്ന സമീപനമാണ് ഭരണകൂടങ്ങളുടേത്. അതുകൊണ്ടാണ് തീര്‍ത്തും അരാഷ്ട്രീയമായി പ്രവര്‍ത്തിക്കുന്ന ഇന്നത്തെ കക്ഷിനേതാക്കളെ, അഴിമതിക്കും കൊലപാതകത്തിനും തടവിലാക്കുന്നതില്‍പോലും “രാഷ്ട്രീയ” തടവുകാരെന്ന പരിഗണന നല്‍കുന്നത്. ഇവരൊന്നും രാഷ്ട്രീയ തടവുകാരല്ല. എന്നാല്‍, അധികാരവുമായി, സമ്പത്തുമായി ബന്ധപ്പെട്ടവരാണ്. മറിച്ച് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ “അരാഷ്ട്രീയ”ക്കാരായും കാണുന്നു. അവരാണ് ജനങ്ങളുടെ വിഷയങ്ങള്‍, യഥാര്‍ഥ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നത്. ആ പ്രത്യയശാസ്ത്ര വിശ്വാസവും ജനകീയ പ്രവര്‍ത്തനങ്ങളും മൂലമാണിവരെ “രാഷ്ട്രീയ തടവുകാരാ”യി പരിഗണിക്കണമെന്നാവശ്യപ്പെടുന്നത്.
ഈയവസരത്തിലാണ് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഈ വിഷയത്തിലുള്ള പ്രസ്താവന ഏറെ പ്രസക്തവും പ്രശംസനീയവുമാകുന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെടുന്നവരെ രാഷ്ട്രീയ തടവുകാരായി കാണണമെന്ന ആ പ്രസ്താവന ഈയടുത്ത കാലത്ത് ഇടതുപക്ഷത്തു നിന്നും നടത്തപ്പെട്ട ഏറ്റവും “രാഷ്ട്രീയ”മായ ഒരു ഇടപെടലാണ്. പല രീതിയില്‍ ഇത് പ്രസക്തമാണ്. സ്വന്തം മാതാപിതാക്കളുടെ നിലപാടുകള്‍ ശരിയാണെന്ന് പറയുന്നതൊഴിച്ചാല്‍, മറ്റൊരു തെറ്റും ചെയ്തിട്ടില്ലെന്ന് ഏവര്‍ക്കുമറിയുന്ന രൂപേഷിന്റെയും ഷൈനിയുടെയും മകളെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്ത ആരെയും ഞെട്ടിക്കുന്ന ഒന്നാണ്. ഇക്കാര്യത്തില്‍ വ്യക്തമായി നിലപാടെടുത്തതാണ് കാനത്തിന്റെ പ്രസ്താവനയിലെ ഏറ്റവും കാതലായ മര്‍മം. പോലീസ് മര്‍ദനമേറ്റുമരിച്ച മനുഷ്യന്റെ കുടുംബത്തെപ്പറ്റി ഭരണകൂടമോ പോലീസോ ഒന്നും തന്നെ ചിന്തിക്കാറില്ല. മറിച്ച് രാഷ്ട്രീയ വിഷയത്തില്‍ ഒരു കുടുംബാംഗം തടവിലായാല്‍, അയാളുടെ കുടുംബക്കാരെ മുഴുവന്‍ കേസില്‍ പെടുത്താന്‍ പോലീസിന് ഏറെ താത്പര്യമാണ്.
കാനത്തിന്റെ അഭിപ്രായത്തെ പിന്താങ്ങുന്ന, അത് പോലെ ഉറച്ച നിലപാടുള്ള നിരവധി വ്യക്തികളും സംഘടനകളും കേരളത്തിലുണ്ട്. എന്നാല്‍, നാടാകെ ഉയര്‍ത്തിയിരിക്കുന്ന “മാവോയിസ്റ്റ് ഭീതി” മൂലം ആരും അതു തുറന്നുപറയാറില്ല. അതിനുള്ള ധൈര്യമില്ല. അത്തരം ജനകീയ പ്രവര്‍ത്തകര്‍ ഈ പ്രഖ്യാപനം നടത്തിയാല്‍ അവരെയും മാവോയിസ്റ്റായി പരിഗണിച്ച് തടവിലിടുമെന്ന് തീര്‍ച്ച. അതാണ് നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. മാവോയിസ്റ്റാണെന്ന് സംശയിക്കുന്ന വ്യക്തിയെ തടവറയില്‍ പോയി കണ്ടതിനും സംസാരിച്ചതിനുമാണ് ബിനായക് സെന്‍ എന്ന ഡോക്ടറെ ശിക്ഷിച്ചത് എന്നോര്‍ക്കുക. അതിനെതിരെ സുപ്രീം കോടതി വിമര്‍ശങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. ഇവിടെ ഏതോ പ്രവര്‍ത്തകനെ(സംശയിക്കുന്നയാളെ) ഓട്ടോറിക്ഷയില്‍ കയറ്റിയവന്‍ പോലും തടവിലായി. ഒറ്റപ്പെട്ട സാമൂഹിക പ്രവര്‍ത്തകര്‍ക്ക് ഇനി സത്യം തുറന്നുപറയാന്‍ കുറച്ച് ധൈര്യം കിട്ടിയേക്കും. സി പി ഐ എന്ന വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷിയുടെ പിന്തുണയുണ്ടല്ലോ. കാനം പറഞ്ഞത് ശരിയാണെന്ന് പറയുന്നത് ഒരു കുറ്റമായി ഭരണകൂടത്തിന് പറയാനാകില്ല. കാനത്തിനെ ശിക്ഷിക്കാനും കഴിയില്ല. ഇതേ പ്രസ്താവന കോടിയേരി ബാലകൃഷ്ണന്‍ എന്ന സി പി എം നേതാവും നടത്തുമോ എന്നതും ചോദ്യമാണ്. അങ്ങനെയെങ്കില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് ഭാവിയുണ്ട്. പക്ഷേ ഇത്തരമൊരു നിലപാട് സി പി എമ്മില്‍ നിന്നുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. അത്രക്കും സ്ഥാപിത താത്പര്യങ്ങള്‍ ആ പാര്‍ട്ടിയെ നിയന്ത്രിക്കുന്നുണ്ട്. ഏതായാലും സഖാവ് കാനത്തിന് അഭിവാദ്യങ്ങള്‍.
വാല്‍കഷ്ണം: ജയലളിതയുടെയും സല്‍മാന്‍ ഖാന്റെയും മറ്റും വിധി കേട്ട് ആവേശത്തോടെ ദാവൂദ് ഇബ്‌റാഹീം ഇന്ത്യയിലേക്ക് വരുന്നുവെങ്കില്‍ ഒരു കാര്യം മാത്രം ചെയ്യണം. ഇന്നാട്ടിലെ ഏതെങ്കിലും വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷിയുടെ നേതൃസ്ഥാനം കൈയിലുണ്ടായിരിക്കണം. അങ്ങനെവന്നാല്‍, ഏത് കുറ്റകൃത്യം ചെയ്താലും രക്ഷപ്പെടും.

---- facebook comment plugin here -----

Latest