Kerala
മെഡി.എന്‍ട്രന്‍സ്: ഹിബയും മറിയം റാഫിയും ആദ്യ റാങ്കുകാര്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന എന്‍ജിനീയറിംഗ്, മെഡിക്കല്‍ പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മെഡിക്കല്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയ 1,06,873 പേരില്‍ 85,829 പേര്‍ യോഗ്യത നേടി. ഇതില്‍ 26,864 ആണ്‍കുട്ടികളും 58,965 പെണ്‍കുട്ടികളുമാണ്. എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയെഴുതിയ 1,11,109 വിദ്യാര്‍ഥികളില്‍ 75,258 പേരാണ് യോഗ്യത നേടിയത്. ഇതില്‍ 39,459 പേര്‍ ആണ്‍കുട്ടികളും 35,799 പേര്‍ പെണ്‍കുട്ടികളുമാണ്. ആയുര്‍വേദ പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റും എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷക്ക് യോഗ്യത നേടിയ വിദ്യാര്‍ഥിക്ക് ലഭിച്ച സ്‌കോറുമാണ് പ്രസിദ്ധീകരിച്ചത്. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി പി കെ അബ്്ദുര്‍റബ്ബാണ് ഫലം പ്രഖ്യാപിച്ചത്.
954.7826 മാര്‍ക്ക് നേടി മലപ്പുറം മഞ്ചേരി തുറയ്ക്കല്‍ സെയ്‌നാസ് വീട്ടില്‍ ഹിബയാണ് മെഡിക്കലില്‍ ഒന്നാം റാങ്കിന് അര്‍ഹയായത്. എറണാകുളം തോട്ടയ്ക്കാട്ടുകര മെഹഫില്‍ ഹൗസില്‍ മറിയം റാഫി (സ്‌കോര്‍-944.3478) രണ്ടാം റാങ്കും കൊല്ലം നടുത്തേരി ഗ്രേസ് വിലാസത്തില്‍ അജീഷ് സാബു (സ്‌കോര്‍- 944.3478) മൂന്നാം റാങ്കും നേടി. മുന്‍ വര്‍ഷങ്ങളില്‍നിന്നും വ്യത്യസ്തമായി മെഡിക്കല്‍ വിഭാഗത്തില്‍ ഇത്തവണ പെണ്‍കുട്ടികളാണ് മികവ് പുലര്‍ത്തിയത്. ആദ്യ പത്ത് റാങ്കുകളില്‍ ആറെണ്ണവും പെണ്‍കുട്ടികള്‍ കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷം ആദ്യ എട്ട് റാങ്കുകളും ആണ്‍കുട്ടികള്‍ക്കായിരുന്നു. പേപ്പര്‍ ഒന്ന്, പേപ്പര്‍ രണ്ട് വിഭാഗങ്ങളില്‍ മിനിമം പത്ത് മാര്‍ക്ക് നേടാന്‍ കഴിയാത്തതിന്റെ പേരില്‍ 21,044 പേര്‍ മെഡിക്കല്‍ റാങ്ക് ലിസ്റ്റില്‍നിന്ന് പുറത്തായി.
മറ്റ് റാങ്കുകാരുടെ വിവരം: (നേടിയ റാങ്ക്, പേര്, വിലാസം, ലഭിച്ച സ്‌കോര്‍ ക്രമത്തില്‍) നാലാം റാങ്ക്: വര്‍ണ മാത്യു (തൃശൂര്‍ പറപ്പള്ളി അവന്യൂ, വില്ല നമ്പര്‍-4)-939.3478, അഞ്ചാം റാങ്ക്: ഐശ്വര്യ രവീന്ദ്രന്‍ (മലപ്പുറം, വള്ളിക്കാപ്പട്ട കുമ്മില്‍ ഹൗസ്)- 939.1304, ആറാം റാങ്ക്: അന്ന ജെയിംസ് (ഇടുക്കി കട്ടപ്പന മാക്കോലില്‍ ഹൗസ്)- 936.2174, ഏഴാം റാങ്ക്: ഹരി ബാലചന്ദ്രന്‍ (തിരുവനന്തപുരം നന്തന്‍കോട് നളന്ദ ജംഗ്ഷന്‍, ടി സി 11/800 ജി വി 9)- 934.3478, എട്ടാം റാങ്ക്: കല്യാണി കൃഷ്ണന്‍ (കൊല്ലം കാവനാട് ആര്‍ഷ നഗര്‍, ലക്ഷ്മി ഹൗസ്)- 933.9130, ഒമ്പതാം റാങ്ക്: ജോയല്‍ അലക്‌സ് ഷെറി (പത്തനംതിട്ട ഇരവിപേരൂര്‍, നാക്കോലയ്ക്കല്‍ പുളിമൂട്ടില്‍ ഹൗസ്)- 933.9130, പത്താം റാങ്ക്: മെല്‍വിന്‍ ഷാജി (മലപ്പുറം വാലില്ലാപ്പുഴ പുതിയേടത്ത് ഹൗസ്)- 930.7826. പട്ടികജാതി വിഭാഗത്തില്‍ മലപ്പുറം പള്ളിക്കല്‍ ചൈത്രത്തില്‍ കെ നിര്‍മല്‍ കൃഷ്ണനാണ് ഒന്നാം റാങ്ക്- സ്‌കോര്‍: 903.8696. ജനറല്‍ വിഭാഗത്തില്‍ 126ാം റാങ്കാണ് നിര്‍മലിന് ലഭിച്ചിരിക്കുന്നത്.
പട്ടികജാതിയിലെ രണ്ടാം റാങ്കിന്റെ ഫലം തടഞ്ഞുവച്ചിരിക്കുകയാണ്. പട്ടികവര്‍ഗ വിഭാഗത്തില്‍ കോട്ടയം കുമരകം പുളിക്കല്‍ ലക്ഷ്മി പാര്‍വതി (സ്‌കോര്‍: 649.3043) ഒന്നും അടിമാലി കള്ളിക്കല്‍ വീട്ടില്‍ അശ്വതി ജോര്‍ജ് (സ്‌കോര്‍: 643.9130) രണ്ടും റാങ്കുകള്‍ വീതം നേടി. യഥാക്രമം 7432, 7648 എന്നിങ്ങനെയാണ് ഇവര്‍ക്ക് ലഭിച്ച റാങ്ക്.
ആദ്യ ആയിരം റാങ്കുകാരില്‍ 438 പേരും കേരള സിലബസില്‍ പ്ലസ്ടു പഠനം കഴിഞ്ഞവരാണ്. സി ബി എസ് ഇ യില്‍ പഠിച്ച 524 പേരും ഐ സി എസ് ഇ യില്‍ പഠിച്ച 36 പേരും ആദ്യ ആയിരം റാങ്കില്‍ ഇടംപിടിച്ചു.