ആവേശം പകര്‍ന്ന് പഴയകാല കളിക്കാരുടെ ഫുട്‌ബോള്‍

Posted on: May 17, 2015 1:51 pm | Last updated: May 17, 2015 at 1:51 pm

കാളികാവ്: കിഴക്കന്‍ ഏറനാട്ടില്‍ കാല്‍പന്ത് കളിയില്‍ നിറഞ്ഞുനിന്ന ആദ്യകാല ഫുട്‌ബോള്‍ കളിക്കാരുടെ കാല്‍പന്ത് മത്സരം ആവേശകരമായി. ന്യൂജനറേഷന് ആദ്യകാല ഫുട്‌ബോളിനെ കുറിച്ച് അറിയാനും ആവേശം പകര്‍ന്ന് നല്‍കാനാണ് വെന്തോടന്‍പടിയിലെ അക്ഷയ ക്ലബ് പഴയകാല കളിക്കാരുടെ ഫുട്‌ബോള്‍ മത്സരം ഒരുക്കിയത്.
അഞ്ചച്ചവിടി, വെന്തോടന്‍പടി ടീമുകള്‍ തമ്മില്‍ നടന്ന മത്സരത്തില്‍ അഞ്ചച്ചവിടി 2-1 ന് വെന്തോടന്‍പടിയ തോല്‍പ്പിച്ച് ജേതാക്കളായി. വിജയിള്‍ക്ക് ആദ്യകാല അഞ്ചച്ചവിടി കളിക്കാരന്‍ എന്‍ എം കുഞ്ഞുമുഹമ്മദ് ട്രോഫി സമ്മാനിച്ചു.
ആദ്യകാല കളിക്കാരായ എന്‍ എം ഉമ്മര്‍, കെ ടി മുഹമ്മദ്, ശുക്കൂര്‍, സൈനുദ്ദീന്‍ തുടങ്ങിയരാണ് വെന്തോടന്‍പടിയിലെ കളിക്കളത്തില്‍ വെള്ളിയാഴ്ച്ചയിറങ്ങിയത്. അഞ്ചച്ചവിടി നാഷനല്‍ ക്ലബ് ആദ്യകാല കളിക്കാരനായിരുന്ന ഉമ്മര്‍ കാളികാവ് ഫുട്‌ബോള്‍ ടീമിലും കളിച്ചിരുന്നു. മത്സരത്തിന് എം ബാപ്പു, പി അനസ്, കെ ശുഐബ്, കെ സഹീര്‍, പി അസീസ്, എ പി സുബൈര്‍ നേതൃത്വം നല്‍കി.