Connect with us

Malappuram

ജമാഅത്തെ ഇസ്‌ലാമി അമീറിനെ തിരഞ്ഞെടുത്തത് ആരിഫലിയുടെ സമ്മര്‍ദത്തിന് വഴങ്ങി

Published

|

Last Updated

മലപ്പുറം: ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം അമീറായി എം ഐ അബ്ദുല്‍ അസീസിനെ തിരഞ്ഞെടുത്തത് സംഘടനാ നിയമവും വ്യവസ്ഥയും ലംഘിച്ച്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇദ്ദേഹത്തെ അമീറായി പ്രഖ്യാപിച്ചത്. ജമാഅത്തെ ഇസ്‌ലാമിയുടെ കൂടിയാലോചന സമിതി (ശൂറാ) മെമ്പര്‍മാരില്‍ നിന്നാണ് അമീറിനെ തിരഞ്ഞെടുക്കുന്നത്. ഇതിനായി രണ്ട് മാസം മുമ്പ് ശാന്തപുരത്ത് യോഗം ചേരുകയും പ്രത്യേക ഫോറം നല്‍കി അമീറാകേണ്ടയാളെ കുറിച്ച് അഭിപ്രായം തേടുകയും ചെയ്തിരുന്നു. ഈ ഫോറം കോഴിക്കോട് ഹല്‍ഖയിലേക്കും ഇവിടെ നിന്ന് ഡല്‍ഹിയിലേക്കും അയച്ച് കേന്ദ്ര കമ്മിറ്റിയാണ് തീരുമാനമെടുക്കാറുള്ളത്. 15 പേരാണ് ശൂറാ അംഗങ്ങളായുള്ളത്. ഇവരില്‍ ഭൂരിപക്ഷം കിട്ടിയവരെയാണ് അമീര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുക എന്നാണ് വ്യവസ്ഥയെങ്കിലും ഇത്തവണ ഇത് അട്ടിമറിച്ചതായി ജമാഅത്ത് കേന്ദ്രങ്ങള്‍ പറയുന്നു. അഭിപ്രായം രേഖപ്പെടുത്തിയവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുണച്ചത് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി മുജീബ്‌റഹ്മാനെയായിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ പിന്തള്ളിയാണ് നാലാം സ്ഥാനക്കാരനായ എം ഐ അബ്ദുല്‍ അസീസിനെ അമീറാക്കിയത്.
സംസ്ഥാന അസി. അമീറുമാരായ ശൈഖ് മുഹമ്മദ് കാരക്കുന്ന്, എം കെ മുഹമ്മദലി ശിവപുരം എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്തുണ്ടായിരുന്നത്. മുന്‍ സംസ്ഥാന അമീറും ഇപ്പോഴത്തെ കേന്ദ്ര അസി. അമീറുമായ ടി ആരിഫലിയുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് അസീസിന്റെ പേര് അഖിലേന്ത്യാ അമീര്‍ മൗലാനാ ജലാലുദ്ദീന്‍ ഉമരി പ്രഖ്യാപിച്ചത്. ആരിഫലിയും അസീസും ഒരുമിച്ച് തിരൂര്‍ക്കാട് ഇലാഹിയ കോളജില്‍ സഹപാഠികളും സംഘടനയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തവരാണ്. ഇരുവരും പഴയ സിമി പ്രവര്‍ത്തകരുമായിരുന്നു. ഈ ബന്ധമാണ് പിന്തുണ കൂടുതലുള്ള മൂന്ന് പേരെ പിന്തള്ളി അസീസിനെ തിരഞ്ഞെടുക്കുന്നതിന് കാരണമായത്. നിലമ്പൂര്‍ പാലേമാട് സ്വദേശിയായ അസീസിനെ മലപ്പുറം ജില്ലയിലുള്ളവര്‍ പോലും പിന്തുണച്ചിട്ടില്ല. നാട്ടിലെയും ജമാഅത്തെ ഇസ്‌ലാമി കുടുംബങ്ങളിലെയും പ്രശ്‌നങ്ങളില്‍ മധ്യസ്ഥ റോള്‍ വഹിക്കാറുണ്ടെങ്കിലും സംഘടനാപരമായി ഇദ്ദേഹത്തിന് പിന്തുണ കുറവാണ്. കൂടുതല്‍ പേര്‍ പിന്തുണ നല്‍കുന്ന വ്യക്തിയെ വേണം അമീറാക്കാനെങ്കിലും ഇതിനെതിരാണ് ഇപ്പോഴുണ്ടായിട്ടുള്ളതെന്നും ജമാഅത്തെ ഇസ്‌ലാമിയുടെ സംഘടനാ തിരഞ്ഞെടുപ്പ് തന്നെ അശാസ്ത്രീയമാണെന്നും അണികള്‍ക്ക് ആക്ഷേപമുണ്ട്.
ഏറ്റവും കൂടുതല്‍ പേര്‍ പിന്തുണച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി മുജീബുര്‍റഹ്മാനെ പ്രായം കുറഞ്ഞയാളെന്ന പേരിലാണ് പിന്തള്ളിയത്. അമര്‍ഷം നിലനില്‍ക്കുമെങ്കിലും തിരഞ്ഞെടുപ്പ് സംബന്ധിച്ച് നേതൃ തീരുമാനം ചോദ്യം ചെയ്യില്ലെന്ന ഉറപ്പ് കേന്ദ്ര നേതൃത്വത്തിനുണ്ടായിരുന്നു.

Latest