Connect with us

International

ഇറാഖില്‍ റമാദിക്ക് വേണ്ടി കനത്ത പോരാട്ടം

Published

|

Last Updated

ബഗ്ദാദ്: ഇസില്‍ തീവ്രവാദികള്‍ കൈയേറിയ ഇറാഖിലെ റമാദി തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ഇറാഖ് സൈന്യം. സൈന്യത്തെ റമാദിയിലേക്ക് നിയോഗിച്ചിട്ടുണ്ടെന്നും അമേരിക്കയുടെ ശക്തമായ വ്യോമാക്രമണത്തിന്റെ പിന്തുണയുണ്ടെന്നും സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ സാദ്മാന്‍ ഇബ്‌റാഹീം പറഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. വരാന്‍ പോകുന്ന എതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഇസില്‍ തീവ്രവാദികളെ റമാദിയില്‍ നിന്ന് പുറന്തള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്‍ബാര്‍ പ്രവിശ്യയുടെ തലസ്ഥാനമായ റമാദിയിലെ പ്രദേശിക സര്‍ക്കാര്‍ ആസ്ഥാനങ്ങളുടെ പൂര്‍ണനിയന്ത്രണം ഇപ്പോള്‍ ഇസില്‍ തീവ്രവാദികളുടെ കരങ്ങളിലാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നഗരത്തിന്റെ പൂര്‍ണനിയന്ത്രണം തങ്ങള്‍ പിടിച്ചെടുത്തതായി ഇവിടെയുള്ള പള്ളിയിലെ മൈക്കിലൂടെ ഇസില്‍ തീവ്രവാദികള്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം മുതല്‍ ഇറാഖ് സൈന്യവും അമേരിക്കന്‍ സഖ്യസൈന്യവും ആരംഭിച്ച ശക്തമായ കര, വ്യോമാക്രമണങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഇസില്‍ തീവ്രവാദികള്‍ ഒരു നഗരത്തിന്റെ പൂര്‍ണനിയന്ത്രണം പിടിച്ചെടുക്കുന്നത്. അതേസമയം, സൈനിക കേന്ദ്രങ്ങളുടെ നിയന്ത്രണം ഇപ്പോഴും സര്‍ക്കാര്‍ സൈന്യത്തിന് തന്നെയാണ്. നഗരത്തിന്റെ പൂര്‍ണനിയന്ത്രണം ഇസില്‍ തീവ്രവാദികള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബഗ്ദാദിലെ കേന്ദ്ര സര്‍ക്കാറിന്റെ പിന്തുണയില്ലാത്തതിനാലാണ് റമാദിയിലെ പ്രധാന സര്‍ക്കാര്‍ ആസ്ഥാനത്തിന്റെ നിയന്ത്രണം ഇസില്‍ തീവ്രവാദികള്‍ പിടിച്ചെടുത്തതെന്ന് അന്‍ബാര്‍ ഗവര്‍ണറുടെ വക്താവ് ഹിക്മത് സുലൈമാന്‍ കുറ്റപ്പെടുത്തി. മാസങ്ങളായി ഇവിടുത്തെ സുരക്ഷാ സംവിധാനങ്ങള്‍ക്ക് ഏകോപനമില്ലെന്ന കാര്യം നിരന്തരമായി അധികാരികളെ ഓര്‍മപ്പെടുത്തിയിരുന്നുവെന്നും ആവശ്യമായ ആയുധങ്ങളുടെ അനിവാര്യത സൈന്യം അവഗണിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റമാദി ഇസില്‍ തീവ്രവാദികള്‍ പിടിച്ചെടുത്തത് സര്‍ക്കാറിനേറ്റ കനത്ത പ്രഹരമായാണ് വിലയിരുത്തപ്പെടുന്നത്.

Latest