Connect with us

Gulf

ബഗ്ദാദിയുടെ ഉയിര്‍ത്തെഴുന്നേല്‍പ് സൃഷ്ടിക്കുന്ന ഭീതി

Published

|

Last Updated

ഇസ്‌ലാമിക് സ്റ്റേറ്റ് (ഐസിസ്) ഭീകരവാദ പ്രസ്ഥാനത്തിന്റെ നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദി ജീവിച്ചിരിപ്പുണ്ടോ? മാര്‍ച്ച് 18ന് സിറിയന്‍ അതിര്‍ത്തിയിലെ നിനെവെയില്‍ അമേരിക്കന്‍ ബോംബാക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റതിനു ശേഷം അപ്രത്യക്ഷമായിരുന്നു. കൊല്ലപ്പെട്ടുവെന്നായിരുന്നു പാശ്ചാത്യമാധ്യമ വാര്‍ത്ത. ഇറാന്‍ റേഡിയോ ഇത് ഏപ്രില്‍ 26ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, ലോകമാകെ ഇസ്‌ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന, ബഗ്ദാദിയുടെ പുതിയ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നു. പോരാത്തതിന്, അഫ്ഗാനിസ്ഥാനിലേക്കും പാക്കിസ്ഥാനിലേക്കും ഐസിസ് കടന്നുകയറിയതിന്റെ സൂചനകളുമുണ്ട്.
ഇറാഖിലും സിറിയയിലും ഭീകരാക്രമണങ്ങള്‍ നടത്തുന്നതിനിടയില്‍, കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് ഇസ്‌ലാമിക് സ്റ്റേറ്റ്, അബൂബക്കര്‍ ബഗ്ദാദിയെ നേതാവായി പ്രഖ്യാപിച്ചത്. ബഗ്ദാദിയുടെ ചിത്രം അവര്‍ തന്നെ പുറത്തുവിട്ടു. അപ്പോഴാണ് അബൂബക്കര്‍ ബഗ്ദാദി ആരാണെന്ന് ലോകം അറിയുന്നത്. സദ്ദാം ഹുസൈന്‍ ഇറാഖ് പ്രസിഡന്റായിരുന്ന കാലത്ത്, അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിനുവേണ്ടി പ്രവര്‍ത്തിച്ച ആളാണത്രെ ബഗ്ദാദി. പിന്നീട്, ഐസിസിന്റെ നേതൃത്വം ഇയാളുടെ കൈയില്‍പെട്ടത് ദുരൂഹം. ഇസ്‌ലാമിക് സ്റ്റേറ്റിനെ അമേരിക്ക, പിന്‍വാതിലിലൂടെ സഹായിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയത് അമേരിക്കയിലെ കെന്‍ടക്കി സെനറ്ററായ റാന്റ്‌പോള്‍.
പിന്നീട്, ബഗ്ദാദിയെ കൊലപ്പെടുത്താന്‍ അമേരിക്കയും ഇറാനും ഒരേപോലെ ശ്രമിച്ചു. ബഗ്ദാദി കൊല്ലപ്പെടുന്നതോടെ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ആത്മ വീര്യം തകരുമെന്ന് ഇറാന്‍ കണക്കുകൂട്ടി. പക്ഷേ, ഇയാള്‍ എവിടെയാണെന്ന് കണ്ടുപിടിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. കഴിഞ്ഞ വര്‍ഷം ജുലൈയില്‍ ഇറാഖിലെ മൊസൂളില്‍ ഒരു മസ്ജിദില്‍ പ്രസംഗിക്കുന്ന ചിത്രമാണ് അവസാനമായി പുറത്തുവന്നത്. ഭീകരാക്രമണങ്ങള്‍ തുടരണമെന്ന ആഹ്വാനങ്ങളും പിന്നാലെ എത്തി.
അമേരിക്കയും സഖ്യകക്ഷികളും ഇറാഖിലും സിറിയയിലും നിരന്തരം ആക്രമണം തുടരുന്നതിനിടയിലായിരുന്നു കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത. അത് ശരിയല്ലെന്നാണ് ഇപ്പോള്‍ ബോധ്യമായിരിക്കുന്നത്. പുതിയ ശബ്ദരേഖ, 34 മിനുട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളെ അതില്‍ കുറ്റപ്പെടുത്തുന്നു. യമനില്‍ ഹൂതികള്‍ക്കെതിരെ സഊദി അറേബ്യയും സഖ്യകക്ഷികളും വ്യോമാക്രമണം നടത്തുന്നതിനെതിരെ പരാമര്‍ശങ്ങളുണ്ട്. അമേരിക്കയില്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ സാന്നിധ്യത്തില്‍ ഗള്‍ഫ് ഭരണാധികാരികളുടെ ഉച്ചകോടി നടക്കുമ്പോഴാണ് ശബ്ദരേഖ പുറത്തുവന്നത് എന്നത് ശ്രദ്ധേയം. ശബ്ദരേഖയുടെ ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യന്‍, ജര്‍മന്‍, തുര്‍ക്കി ഭാഷാന്തരീകരണവും ഇസ്‌ലാമിക് സ്റ്റേറ്റുകാര്‍ ഓണ്‍ലൈനില്‍ നല്‍കി.
പുതിയ ഉസാമ ബിന്‍ലാദന്‍ എന്നാണ് പാശ്ചാത്യമാധ്യമങ്ങള്‍ അബൂബക്കര്‍ ബഗ്ദാദിയെ വിശേഷിപ്പിക്കുന്നത്. ബഗ്ദാദിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അമേരിക്കന്‍ ഭരണകൂടം 10 ലക്ഷം ഡോളര്‍ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു. ബാഗ്ദാദി ജീവിച്ചിരിക്കുന്നുവെന്ന് വ്യക്തമായതിനാല്‍ ആ വാഗ്ദാനത്തിന് ഇനിയും പ്രസക്തിയുണ്ട്.
പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, യമന്‍, ലബനാന്‍, തുര്‍ക്കി, ലിബിയ, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളിലേക്കും ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനം വ്യാപിക്കുന്നത് സ്‌തോഭജനകം. സിറിയയും ഇറാഖും പൂര്‍ണമായും അരക്ഷിതാവസ്ഥയിലായിട്ടുണ്ട്. അടുത്തകാലത്തൊന്നും അവിടങ്ങളില്‍ സമാധാനം തിരിച്ചെത്തില്ല. യമനില്‍ ഹൂതികളും ഭരണകൂടവും തമ്മിലെ ഏറ്റുമുട്ടല്‍ മുതലെടുത്ത് സാന്നിധ്യം ഉറപ്പിക്കാനാണ് ശ്രമം. മുമ്പ്, അല്‍ ഖാഇദയില്‍ പ്രവര്‍ത്തിച്ച പലരും ഇസ്‌ലാമിക് സ്റ്റേറ്റിലേക്ക് കൂറുമാറി.
ലബനാനില്‍ ശിയാ സായുധരായ ഹിസ്ബുല്ലക്കെതിരെയാണ് പടയൊരുക്കം. അവിടെയും ആഭ്യന്തര കലാപത്തിന് വഴിയൊരുങ്ങുന്നു. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ താലിബാനും ഇസ്‌ലാമിക് സ്റ്റേറ്റും കൈകോര്‍ക്കുന്നു. ഇതിനെതിരെ ഭരണകൂടങ്ങള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ബാഹ്യശക്തികളുടെ ഇടപെടല്‍ പ്രശ്‌നം സങ്കീര്‍ണമാക്കുന്നു.
സിറിയയില്‍ പുരാതന നാഗരികതയുടെ ബാക്കിപത്രങ്ങള്‍ മുഴുവന്‍ തച്ചുതകര്‍ക്കാനുള്ള ശ്രമത്തിലാണ് ഇസ്‌ലാമിക് സ്റ്റേറ്റുകള്‍. പാല്‍മിറയിലെ പൈതൃക കേന്ദ്രങ്ങള്‍ ഏത് നിമിഷവും നശിപ്പിക്കപ്പെടാം. സായുധരായ ഇസ്‌ലാമിക് സ്റ്റേറ്റുകാര്‍ ബുധനാഴ്ചയോടെ പാല്‍മിറക്ക് സമീപമുള്ള അല്‍ സുക്‌ന പട്ടണത്തിലെത്തിയിട്ടുണ്ട്.
ഇന്ത്യക്കാരടക്കം ധാരാളം പേര്‍ ഇറാഖില്‍ പലയിടങ്ങളിലും ബന്ദികളാക്കപ്പെട്ടു. ഇറാഖില്‍ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയില്‍ തിരിച്ചെത്തിയ ഗുര്‍ദാസ് പൂരിലെ ഹര്‍ജിത് മാസിഹ് പറയുന്നത് ബന്ദികളില്‍ പലരും കൊല്ലപ്പെട്ടുവെന്നാണ്. ജൂണ്‍ 15നാണ് 40 ഓളം ഇന്ത്യക്കാരെ ഇറാഖിലെ മൊസൂളില്‍ ബന്ദികളാക്കിയത്. ഒരു കുന്നില്‍ മുകളില്‍ കൊണ്ടുപോയി നിരയായി നിര്‍ത്തി ഇവരെ വെടിവെച്ചു. ഹര്‍ജിത് സിംഗിനും വെടിയേറ്റു. പക്ഷേ, മരിച്ചില്ല. ഏവരും മരിച്ചുവെന്ന് കരുതി ഭീകരര്‍ സ്ഥലം വിട്ടപ്പോള്‍ ഊടുവഴികളിലൂടെ രക്ഷപ്പെടുകയായിരുന്നൂ, ഹര്‍ജിത്. ബീഹാര്‍, പശ്ചിമബംഗാള്‍, പഞ്ചാബ് എന്നിവിടങ്ങളിലുള്ളവരാണ് ഭീകരരുടെ കൈയില്‍പ്പെട്ടത്. ഇവര്‍ ഇപ്പോഴും ജീവനോടെയുണ്ടാകുമെന്ന് കേന്ദ്രം പറയുന്നു. ഹര്‍ജിത്തിന്റെ വെളിപ്പെടുത്തല്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജ് തള്ളിക്കളഞ്ഞു.
2011ല്‍ തന്നെ ഇസ്‌ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തനം തുടങ്ങിയെന്നാണ് കരുതുന്നത്. 2011 ഓഗസ്റ്റില്‍ സിറിയന്‍ വിമതരെ അബൂബക്കര്‍ ബഗ്ദാദിയുടെ ആളുകള്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഇസ്‌ലാമിക് സ്റ്റേറ്റ് വിനാശകരമായ കൊടുങ്കാറ്റായി മാറുമെന്ന് അന്നൊന്നും ആരും കരുതിയില്ല. 2013ല്‍ ഇസ്‌ലാമിക് സ്റ്റേറ്റും സിറിയയിലെ അല്‍ നുസ്‌റയും ലയിച്ചപ്പോള്‍ കൂടുതല്‍ ആപത്കരമായി. സിറിയയില്‍ അല്‍ ഖാഇദയുടെ അവാന്തര വിഭാഗമായിരുന്നു അല്‍ നുസ്‌റ. അല്‍ നുസ്‌റയും ഇസ്‌ലാമിക് സ്റ്റേറ്റും ലയിച്ചത് അല്‍ ഖാഇദയുടെ നേതാവ് അയ്മന്‍ അല്‍ സവാഹിരിക്ക് ഇഷ്ടപ്പെട്ടില്ല. അമേരിക്കന്‍-ഇസ്‌റാഈലി സൃഷ്ടിയാണ് അബൂബക്കര്‍ ബഗ്ദാദിയെന്ന് സവാഹിരി കരുതുന്നു.
ഇപ്പോള്‍ ഇറാഖിലെയും സിറിയയിലെയും 80 ലക്ഷം ആളുകളെ നിയന്ത്രിക്കുന്നത് ബഗ്ദാദിയുടെ ഇസ്‌ലാമിക് സ്റ്റേറ്റാണ്. സിറിയയിലെ റഖയിലാണ് ആസ്ഥാനം. വിവിധ വംശങ്ങളുടെ ഉന്‍മൂലനത്തിന് നിര്‍ദേശം അവിടെനിന്നാണ്. ബഗ്ദാദിയുടെ ഉയര്‍ത്തെഴുന്നേല്‍പ്, കുറേക്കൂടി രക്തച്ചൊരിച്ചിലിന് അവസരമൊരുക്കുമെന്ന് തീര്‍ച്ച.

Latest