Gulf
മൂന്നര പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിട; വര്‍ഗീസ് കെ എബ്രഹാം ഇനി ചെങ്ങന്നൂരില്‍

ഷാര്‍ജ: മൂന്നര പതിറ്റാണ്ടുകാലത്തെ പ്രവാസ ജീവിതം മതിയാക്കി ഷാര്‍ജ ബ്രൈറ്റ് ബസ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനി മാനേജര്‍ വര്‍ഗീസ് കെ എബ്രഹാം നാട്ടിലേക്ക് മടങ്ങുന്നു.
1980ലാണ് പത്തനം തിട്ട റാന്നി സ്വദേശിയും ചെങ്ങന്നൂര്‍ ടൗണില്‍ താമസക്കാരനുമായ അദ്ദേഹം ദുബൈയിലെത്തിയത്. അഞ്ചുവര്‍ഷത്തോളം വര്‍ക്കി ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു. തുടര്‍ന്ന് ഷാര്‍ജ ഔര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്ററായി. രണ്ടു പതിറ്റാണ്ടിലേറെ കാലത്തെ സേവനത്തിനു ശേഷം 2009ല്‍ വര്‍ക്കി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബ്രൈറ്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ മാനേജറാവുകയായിരുന്നു. ഷാര്‍ജക്കു പുറമെ ഫുജൈറ, റാസല്‍ ഖൈമ എന്നിവിടങ്ങളിലെ ആറ് ഔര്‍ ഓണ്‍ സ്‌കൂളുകളുടെ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ മാനേജര്‍ കൂടിയായിരുന്നു വര്‍ഗീസ് കെ എബ്രഹാം. സ്‌കൂളുകളുടെയും ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെയും വളര്‍ച്ചയില്‍ അദ്ദേഹം വഹിച്ച പങ്ക് നിര്‍ണായകമായിരുന്നു. അതുകൊണ്ടു തന്നെ നിറഞ്ഞ സംതൃപ്തിയോടെയാണ് മാനേജര്‍ സ്ഥാനം ഒഴിഞ്ഞ് പ്രവാസ ജീവിതത്തോട് അദ്ദേഹം വിടപറയുന്നത്. 1972ല്‍ മുംബൈയിലെത്തിയ അദ്ദേഹം മൂന്ന് വര്‍ഷത്തോളം അവിടെ ജോലി ചെയ്തു. തുടര്‍ന്ന് മസ്‌കത്തിലെത്തി. തുടര്‍ന്നാണ് ദുബൈയിലെത്തിയത്.
ഷാര്‍ജയില്‍ കുടുംബത്തോടൊപ്പമായിരുന്നു താമസം. സൂസ്സമ്മ വര്‍ഗീസാണ് ഭാര്യ. സ്മിത സന്ദീപ് (ബംഗളൂരു), സ്‌നിതി വിവേക് (സ്വിറ്റ്‌സര്‍ലന്റ്) മക്കളാണ്.
വര്‍ഗീസ് എബ്രഹാമിന്റെ ഉയര്‍ച്ച പെട്ടെന്നായിരുന്നു. ലഭിച്ച ഓരോ ജോലിയും അദ്ദേഹം നന്നായി നിര്‍വഹിച്ചു. അതു കൊണ്ടുതന്നെ ഉന്നത സ്ഥാനങ്ങളില്‍ എത്തിപ്പെട്ടു. ഒരേ സ്ഥാപനത്തില്‍ തന്നെ ഉന്നത പദവിയിലെത്തി വിരമിക്കുന്ന സന്തോഷത്തിലാണ് അദ്ദേഹം. തന്റെ വളര്‍ച്ചക്ക് ദൈവത്തിനു നന്ദി പറയുന്നതോടൊപ്പം മാനേജ്‌മെന്റിനെയും അഭിനന്ദിക്കുന്നു. ജീവനക്കാര്‍ക്കും അദ്ദേഹത്തോട് ഏറെ സ്‌നേഹമാണ്. അതുകൊണ്ടുതന്നെ പിരിഞ്ഞുപോകുന്നതില്‍ അവര്‍ക്കും ദുഃഖമുണ്ട്.
ശിഷ്ടകാലം നാട്ടിലുള്ള മാതാവ് ഏലിയമ്മ എബ്രഹാമിനോടൊപ്പം ചിലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വര്‍ഗീസ് കെ എബ്രഹാം പറഞ്ഞു. പിതാവ് ചാണ്ടി എബ്രഹാം നേരത്തെ മരിച്ചിരുന്നു. ഈ മാസം 19ന് വിരമിക്കുന്ന അദ്ദേഹം അന്നുതന്നെ നാട്ടിലേക്കു പറക്കും.