മുതലക്കുഞ്ഞുങ്ങളെ കാണാന്‍ തിരക്ക്

Posted on: May 16, 2015 9:04 pm | Last updated: May 16, 2015 at 9:04 pm
crocodile
ദുബൈ അക്വേറിയത്തിലെ മുതലക്കുഞ്ഞ്‌

ദുബൈ: ലോകത്തിലെ കൂറ്റന്‍ മുതല ദമ്പതികളായ കിങ് ക്രോക്കിനും ക്വീനിനും കുട്ടികളുണ്ടായത് ദുബൈ മാളിന് ആഘോഷമായി. ദുബൈ അക്വേറിയം ആന്‍ഡ് അണ്ടര്‍വാട്ടര്‍ സൂവില്‍ മുതലക്കുഞ്ഞുങ്ങളെ കാണാന്‍ നൂറുകണക്കിനാളുകള്‍ എത്തുന്നു. 20 വര്‍ഷത്തിലേറെയായി കിങ് ക്രോക്കിന്റെ പങ്കാളിയായ എണ്‍പതു വയസുള്ള ക്വീന്‍ ക്രോക്ക് 59 മുട്ടകളാണിട്ടത്. ഇവ വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തെത്തി.
മൂന്നരമാസത്തോളമുള്ള കാത്തിരിപ്പിനുശേഷമാണു മുട്ട വിരിഞ്ഞത്. മുട്ടപൊട്ടിച്ച് പുറത്തെത്താനുള്ള പല്ലുകളാണ് മുതല കുഞ്ഞുങ്ങള്‍ക്ക് ആദ്യമുണ്ടായത്. മുട്ടവിരിയാന്‍ സമയമാകുമ്പോള്‍ മുട്ടക്കുള്ളില്‍നിന്നു കൊത്തിപ്പറിക്കുന്നതുപോലെയുള്ള ശബ്ദങ്ങള്‍ പുറത്തുവരും. മുട്ടവിരിയാന്‍ സമയമാകുമ്പോള്‍ അവയെ പ്രത്യേകസ്ഥലത്തു വക്കും. മുട്ടവിരിഞ്ഞതിനുശേഷം കുഞ്ഞുങ്ങളെ നഴ്‌സറി ടാങ്കിലിടും. പ്രത്യേക ഊഷ്മാവിലുള്ള സംവിധാനമൊരുക്കിയിരിക്കുന്ന ടാങ്കില്‍ മൂന്നുദിവസമിട്ടതിനുശേഷം രണ്ടാമത്തെ നഴ്‌സറി ടാങ്കിലേക്ക് മാറ്റും.
മുട്ടയില്‍നിന്ന് പുറത്തെത്തി മൂന്നുമുതല്‍ അഞ്ചുദിവസങ്ങള്‍ക്കുള്ളില്‍ മുതലക്കുഞ്ഞുങ്ങള്‍ ഭക്ഷണം കഴിച്ചുതുടങ്ങും. ചെറിയ ജലജീവികളാണ് ഭക്ഷണം.